Current Date

Search
Close this search box.
Search
Close this search box.

സീസിക്കെതിരായ പരാതി പിന്‍വലിക്കാന്‍ മര്‍ദിക്കപ്പെട്ടെന്ന് ബല്‍താജി

കെയ്‌റോ: ഈജിപ്ത് ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ തന്നെ ജയിലില്‍ വെച്ച് മര്‍ദിച്ചെന്ന് മുതിര്‍ന്ന മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് ബല്‍താജി ആരോപിച്ചു. തര്‍റയിലെ പോലീസ് അക്കാദമിയിലുള്ള കെയ്‌റോ ക്രിമിനല്‍ കോടതിയില്‍ വെച്ച് നടന്ന വിചാരണക്കിടെയാണ് അദ്ദേഹമിത് പറഞ്ഞത്. മുസ്‌ലിം ബ്രദര്‍ഹുഡ് അധ്യക്ഷന്‍ മുഹമ്മദ് ബദീഅ് അടക്കം 738 പേര്‍ പ്രതിചേര്‍ക്കപ്പെട്ട ‘റാബിഅ പിരിച്ചുവിടല്‍’ കേസിന്റെ വിചാരണയായിരുന്നു ഇന്നലെ നടന്നത്.
തനിക്ക് നേരെ നിരന്തരം നടന്ന ശാരീരികവും മാനസികവുമായ പീഡനങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ബല്‍താജി കോടതിയോട് ആവശ്യപ്പെട്ടു. അതില്‍ അവസാനമായി നടന്നത് ആഭ്യന്തര വകുപ്പിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നായിരുന്നു. ആഭ്യന്തര വകുപ്പ് സെക്രട്ടറി ഹസന്‍ സോഹാജി, ജയില്‍ ക്ഷേമകാര്യ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അലി എന്നിവരാണ് പ്രസ്തുത ഉദ്യോഗസ്ഥരെന്നും അദ്ദേഹം വ്യക്തമാക്കി. ”തടവറയില്‍ നിന്നും കൈകളില്‍ വിലങ്ങിട്ട് അവര്‍ എന്നെ അവരുടെ അടുക്കലെത്തിച്ചു. അപമാനിക്കുകയും നിന്ദ്യമായ വാക്കുകളുപയോഗിച്ച് ശകാരിക്കുകയും ചെയ്ത അവര്‍ ജയില്‍ വസ്ത്രം ഈരാന്‍ നിര്‍ബന്ധിക്കുകയും അടിവസ്ത്രത്തില്‍ നിര്‍ത്തി ഫോട്ടോ എടുക്കുകയും ചെയ്തു. റാബിഅ പ്രതിഷേധം പിരിച്ചുവിടുന്നതിനിടെ എന്റെ മകളെ (അസ്മാ) വെടിവെച്ചു കൊലപ്പെടുത്തിയതില്‍ സീസിക്കെതിരെ (ഈജിപ്ത് പ്രസിഡന്റ്) കഴിഞ്ഞ വിചാരണാ വേളയില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടായിരുന്നു മര്‍ദനം.” എന്ന് ബല്‍താജി പറഞ്ഞു.
ബല്‍താജിയുടെ ആരോപണത്തില്‍ അന്വേഷണം നടത്തുമെന്ന് കോടതി മറുപടി നല്‍കിയിട്ടുണ്ട്. ബല്‍താജിയും മുഹമ്മദ് ബദീഉം അടക്കമുള്ള എഴുന്നൂറില്‍ പരം ആളുകളുടെ വിചാരണ സെപ്റ്റംബര്‍ ആറിലേക്ക് മാറ്റിവെച്ചാണ് കോടതി പിരിഞ്ഞത്. പ്രതികളില്‍ ചിലര്‍ ജയില്‍ ആശുപത്രിയിലായതിനാലും ബല്‍താജിയുടെ ആരോപണത്തില്‍ അന്വേഷണം നടത്തുന്നതിനുമാണ് കേസ് മാറ്റിവെച്ചതെന്നും കോടതി സൂചിപ്പിച്ചു.
മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവ് അസ്സാം ഉരിയാന് തന്റെ കുടുംബവുമായി കൂടിക്കാഴ്ച്ച നടത്തുന്നതിന് ഏതാനും മിനുറ്റുകളും കോടതി അനുവദിച്ചു. നേരത്തെ ജയില്‍ അധികൃതര്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സന്ദര്‍ശനം വിലക്കിയിരിക്കുന്നു. സായുധമായി സംഘടിച്ചു, വഴികള്‍ ഉപരോധിച്ച് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചു, കൊലപാതം തുടങ്ങിയ ആരോപണങ്ങളാണ് റാബിഅ കേസിലെ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
മുന്‍ ഈജിപ്ത് പാര്‍ലമെന്റ് അംഗമായ മുഹമ്മദ് ബല്‍താജി 2013 ആഗസ്റ്റ് 29നാണ് ജയിലിലടക്കപ്പെട്ടത്. അദ്ദേഹത്തിനെതിരെ നൂറിലേറെ വര്‍ഷത്തെ തടവ് ശിക്ഷ പല കേസുകളിലായി കോടതി വിധിച്ചിട്ടുണ്ട്.

Related Articles