Current Date

Search
Close this search box.
Search
Close this search box.

സകാത്ത് ശരിയായ രീതിയില്‍ നടപ്പാക്കാത്തതാണ് പ്രശ്‌നം: ഡോ. അലി അല്‍ഖറദാഗി

ഇസ്തംബൂള്‍: സകാത്ത് ശേഖരണവും വിതരണവും അതിന്റെ ശരിയായ രീതിയില്‍ നടപ്പാക്കുകയാണെങ്കില്‍ ഇസ്‌ലാമിക ലോകത്തെ ദാരിദ്ര്യനിര്‍മാര്‍ജ്ജനം അതിലൂടെ സാധിക്കുമെന്ന് ലോക മുസ്‌ലിം പണ്ഡിതവേദി ജനറല്‍ സെക്രട്ടറി ഡോ. അലി മുഹ്‌യിദ്ദീന്‍ അല്‍ഖറദാഗി. ‘സകാത്ത് അന്നും ഇന്നും’ എന്ന തലക്കെട്ടില്‍ ഇസ്തംബൂളില്‍ നടന്ന അന്താരാഷ്ട്ര സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സകാത്ത് അതിന്റെ ശരിയായ രൂപത്തില്‍ ശേഖരിക്കാത്തതും ശരിയായ രീതിയില്‍ ചെലവഴിക്കാത്തതുമാണ് നാമിന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നം. നമ്മുടെ ഭരണകൂടങ്ങള്‍ ഈ വിഷയത്തില്‍ നിന്ന് അകന്നു നില്‍ക്കുകയാണെന്നത് ദുഖകരമാണ്. നാണയപെരുപ്പം പോലുള്ള പ്രധാന സാമ്പത്തിക പ്രശ്‌നങ്ങളെ ചികിത്സിക്കാന്‍ സകാത്തിന് സാധിക്കും. ധനകാര്യ നയത്തില്‍ സുപ്രധാന പങ്കാണ് സകാത്തിനുള്ളത്. എന്ന് അദ്ദേഹം വ്യക്തമാക്കി.
ദൈവദാസന്‍മാരുടെ സംസ്‌കരണമാണ് സകാത്തിന്റെ ലക്ഷ്യം. അത് സാമൂഹിക വശമാണ്. സമ്പത്തിന് വളര്‍ച്ചയുണ്ടാക്കുകയെന്ന സാമ്പത്തിക വശവും അതോടൊപ്പമുണ്ട്. ഇസ്‌ലാമിക ലോകത്തെ സകാത്ത് 300-400 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. രണ്ടര വര്‍ഷത്തിനുള്ളില്‍ ദാരിദ്ര്യനിര്‍മാര്‍ജ്ജനം സാധ്യമാക്കുന്നതിനുള്ള ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് പ്രൊജക്ട് എന്ന പേരില്‍ പ്രൊജക്ടും അദ്ദേഹം അവതരിപ്പിച്ചു. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന സെമിനാറില്‍ പത്തോളം രാഷ്ട്രങ്ങളില്‍ നിന്നുള്ള പണ്ഡിതന്‍മാര്‍ പങ്കെടുക്കുന്നുണ്ട്.

Related Articles