Current Date

Search
Close this search box.
Search
Close this search box.

വിദ്യാഭ്യാസത്തിനായുള്ള ‘ഹിജ്‌റകള്‍’ പ്രത്യാശ നല്‍കുന്നു: കൂട്ടില്‍ മുഹമ്മദലി

ന്യൂഡല്‍ഹി: മലയാളി വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായി രാജ്യത്തിനകത്തും പുറത്തുമുള്ള ഉന്നത കലാലയങ്ങളിലേക്ക് നടത്തുന്ന ‘ഹിജ്‌റ’കള്‍  കേരളത്തിലെ ബൗദ്ധിക മണ്ഡലത്തിന്റെ ഭാവിയെ  കുറിച്ചും വിദ്യാര്‍ഥികളായ ‘ന്യൂ ജനറേഷനെ’ കുറിച്ചും പ്രത്യാശയുളവാക്കുന്നുവെന്ന്  ജമാഅത്തെ ഇസ്‌ലാമി കേരള വിദ്യാഭ്യാസ വകുപ്പ് ചെയര്‍മാന്‍ ഡോ. കൂട്ടില്‍ മുഹമ്മദലി അഭിപ്രായപ്പെട്ടു. ഡല്‍ഹിയിലെ വിവിധ സര്‍വ്വകലാശാലകളിലും പ്രൊഫണല്‍ കലാലയങ്ങളിലും പഠിക്കുന്ന മലയാളി വിദ്യാര്‍ഥികള്‍ക്കായി  ഡല്‍ഹി സര്‍വ്വകലാശാല സോഷ്യല്‍ വര്‍ക് ഡിപ്പാര്‍ട്‌മെന്റ് ഓഡിറ്റോറിയത്തില്‍ സൊസൈറ്റി ഫോര്‍ സ്റ്റുഡന്റ്‌സ് വെല്‍ഫയര്‍ സംഘടിപ്പിച്ച വിദ്യാര്‍ഥി സംഗമത്തില്‍ മുഖ്യ ഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ വിശിഷ്യാ മലബാറില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന അസന്തുലിതാവസ്ഥയോടുള്ള സര്‍ഗാത്മകമായ സമരം കൂടിയാണ് മിടുക്കരായ വിദ്യാര്‍ത്ഥികളുടെ പലായനം എന്നും പാരമ്പര്യ പ്രൊഫഷണല്‍ ചോയിസുകളെ ധീരമായി മറികടന്നവരാണ് ഡല്‍ഹിയിലെത്തിയ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും എന്നത് ഏറെ സന്തോഷം നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൊസൈറ്റിയുടെ പ്രസിഡണ്ട് നൗഫല്‍ പി.കെ അധ്യക്ഷത വഹിച്ച സംഗമം ഡല്‍ഹി സാമൂഹ്യ ശിശു വനിതാ ക്ഷേമ വകുപ്പ് മന്ത്രി സന്ദീപ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡല്‍ഹിയില്‍ വിദ്യാഭ്യാസ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ക്കായി ചേക്കേറുന്ന മലയാളി വിദ്യാര്‍ത്ഥികളുടെ എല്ലാവിധ വെല്ലുവിളികളെയും മറികടക്കുന്നതിന് പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ സ്റ്റുഡന്റ്‌സ് വെല്‍ഫയര്‍ ഇവിടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സഹായ സന്നദ്ധ സംഘങ്ങള്‍ക്കും മാതൃകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
ഡല്‍ഹി സര്‍വ്വകലാശാല അസി: പ്രൊഫസര്‍ റീം ശംസുദ്ധീന്‍, ജാമിയ മില്ലിയ ഇസ്‌ലാമിയയിലെ ഡോ. ഹബീബ് റഹ്മാന്‍, ഇന്ത്യന്‍ എകണോമിക് സര്‍വീസിലെ ഉദ്യോഗസ്ഥന്‍ അബ്ദുല്‍ കരീം തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. കഴിഞ്ഞ അധ്യയന വര്‍ഷം മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ സംഗമംത്തില്‍ ഉപഹാരം നല്‍കി ആദരിച്ചു. ഈയടുത്ത് അന്തരിച്ച ദല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി അസിനെ സംഗമം പ്രാര്‍ത്ഥനാ പൂര്‍വ്വം  അനുസ്മരിച്ചു.  സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാപരിപാടികളോടെയാണ് സംഗമം സമാപനം കുറിച്ചത്. സാലിം ഖിറാഅത്ത് നടത്തി, വൈസ് പ്രസിഡണ്ട് മിസ്ഹബ് ഇരിക്കൂര്‍ സ്വാഗതവും കണ്‍വീനര്‍ ഷൗക്കത്ത് അലി നന്ദിയും പറഞ്ഞു.

Related Articles