Current Date

Search
Close this search box.
Search
Close this search box.

വിട പറഞ്ഞത് ഫലസ്തീനികളുടെ തോഴന്‍

വെസ്റ്റ്ബാങ്ക്: അന്തരിച്ച ക്യൂബന്‍ നേതാവ് ഫിദല്‍ കാസ്‌ട്രോയുടെ ഓര്‍മകളില്‍ ഫലസ്തീന്‍ വിതുമ്പി. ഫലസ്തീന്‍ നേതാവ് യാസിര്‍ അറഫാത്തും ഫിദല്‍ കാസ്‌ട്രോയും തമ്മിലുള്ള ബന്ധം സുവിദമാണ്. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഫിദല്‍ എന്നും ഫലസ്തീനികള്‍ക്കൊപ്പമായിരുന്നു. ഇസ്രായേല്‍ അധിനിവേശത്തെ അദ്ദേഹം നഖശിഖാന്തം എതിര്‍ത്തു. 1974-ല്‍ പി.എല്‍.ഒ-യുടെ നേതാവെന്ന നിലയില്‍ ആദ്യമായി ക്യൂബ സന്ദര്‍ശിച്ച യാസിര്‍ അറഫാത്തിന് ഒരു രാഷ്ട്രത്തലവന് നല്‍കുന്ന തരത്തിലുള്ള സ്വീകരണമാണ് ഫിദലിന്റെ കമ്മ്യൂണിസ്റ്റ് ക്യൂബ നല്‍കിയത്. രാജ്യത്തിന്റെ പരമോന്നത ബഹുമതികളില്‍ ഒന്നായ ‘ഒര്‍ഡന്‍ നാസിയോണല്‍ പ്ലായാ ഗിറോണ്‍’ മെഡല്‍ നല്‍കി ഫിദല്‍ അന്ന് അറഫാത്തിനെ ആദരിച്ചു. സാമ്രാജ്യത്വം, കൊളോണിയലിസം, നിയോ-കൊളോണിയലിസം എന്നിവക്കെതിരെ പോരാടുകയും, മനുഷ്യകുലത്തിന് വേണ്ടി നന്മനിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വെക്കുകയും ചെയ്യുന്ന വിദേശികള്‍ക്കും ക്യൂബന്‍ പൗരന്‍മാര്‍ക്കും നല്‍കുന്ന ബഹുമതിയാണത്. റാമല്ലയിലെ യാസിര്‍ അറഫാത്ത് ഫൗണ്ടേഷനിലുള്ള യാസിര്‍ അറഫാത്തിന്റെയും ഫിദല്‍ കാസ്‌ട്രോയുടെയും നടന്ന് വരുന്ന ചിത്രത്തിന് ആ സൗഹൃദത്തെ കുറിച്ച് ഒരുപാട് പറയാനുണ്ട്.
1950-കളില്‍ എല്ലാ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ഇസ്രായേലിന്റെ ഫലസ്തീന്‍ അധിനിവേശ നയങ്ങളെ പിന്തുണച്ചപ്പോള്‍ ക്യൂബ മാത്രമാണ് അന്താരാഷ്ട്ര ഫോറങ്ങളില്‍ ഫലസ്തീനികള്‍ക്ക് വേണ്ടി നിലയുറപ്പിക്കാന്‍ ധൈര്യം കാണിച്ചത്. ഇതിന്റെ ഭാഗമായി 1959-ല്‍ ഫിദലിന്റെ സഹോദരന്‍ റൗള്‍ കാസ്‌ട്രോയും, ചെഗുവേരയും ഗസ്സ സന്ദര്‍ശിച്ചിരുന്നു.
‘ഫലസ്തീന്‍ പോരാളികള്‍ക്ക് അന്ന് ക്യൂബക്കാര്‍ പരിശീലനം നല്‍കിയിരുന്നു. ഫലസ്തീന്‍ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് ഫിദല്‍ ജീവിതാവസാനം വരെ നിലകൊണ്ടത്’ അറഫാത്ത് ഫൗണ്ടേഷന്റെ മുന്‍ ഡയറക്ടര്‍ മന്‍സൂര്‍ തഹ്ബൂബ് പറഞ്ഞു.

Related Articles