Current Date

Search
Close this search box.
Search
Close this search box.

വാചികമായ ത്വലാഖ് നിരോധിക്കണമെന്ന സീസിയുടെ ആഹ്വാനത്തിനെതിരെ അല്‍അസ്ഹര്‍

കെയ്‌റോ: വാചികമായിട്ടുള്ള ത്വലാഖ് നിരോധിക്കുന്ന നിയമം കൊണ്ടുവരാനുള്ള ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസിയുടെ ആഹ്വാനത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി അല്‍അസ്ഹര്‍ സര്‍വകലാശാല രംഗത്ത്. പ്രവാചകന്റെ കാലം മുതല്‍ നിലനില്‍ക്കുന്ന ഒരു രീതിയാണ് അതെന്നും അതില്‍ മാറ്റം വരുത്താനാവില്ലെന്നും അല്‍അസ്ഹര്‍ വ്യക്തമാക്കി. മതിയായ വ്യവസ്ഥകള്‍ പാലിച്ചു കൊണ്ട് ഭര്‍ത്താവ് ബോധപൂര്‍വം ഉച്ചരിക്കുന്ന ത്വലാഖിന്റെ വചനങ്ങള്‍ വിവാഹ മോചനത്തിന് മതിയായതാണ്. മുസ്‌ലിംകള്‍ പ്രവാചകന്റെ കാലം മുതല്‍ രേഖപ്പെടുത്തലിന്റെയോ സാക്ഷ്യപ്പെടുത്തലിന്റെയോ ഉപാധികളില്ലാതെ പിന്തുടര്‍ന്നു വരുന്ന രീതിയാണത്. എന്നും ഈജിപ്തിലെ അല്‍അസ്ഹര്‍ പ്രസ്താവന വ്യക്തമാക്കി.
വിവിധ ആധുനിക സാമൂഹിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന വ്യത്യസ്ത കര്‍മശാസ്ത്ര മദ്ഹബുകളിലെ പണ്ഡിതന്‍മാര്‍ ചര്‍ച്ച ചെയ്താണ് ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയതെന്നും പ്രസ്താവന സൂചിപ്പിച്ചു. ഒരു ‘മഅ്ദൂന്‍’ന്റെ (വിവാഹം നടത്തികൊടുക്കാന്‍ അനുവാദമുള്ള രെജിസ്ട്രാര്‍) മുമ്പിലല്ലാതെ ത്വലാഖ് സാധുവാകില്ലെന്ന് വിധിക്കുന്ന നിയമം കൊണ്ടുവരാന്‍ ഇക്കഴിഞ്ഞ ജനുവരി 24ന് സീസി ആവശ്യപ്പെട്ടിരുന്നു. വിവാഹിതരാവുന്നവരില്‍ 40 ശതമാനം ആളുകള്‍ വിവാഹത്തിന്റെ ആദ്യ അഞ്ച് വര്‍ഷത്തിനുള്ളില്‍ വിവാഹമോചനം നടത്തുന്നു. വളരെ ഉയര്‍ന്ന വിവാഹമോചന നിരക്കാണത്. കുടുബത്തിനും തലമുറകള്‍ക്കും മേല്‍ വലിയ ദോഷഫലങ്ങള്‍ ഉണ്ടാകുന്നതിനത് കാരണമാകും. എന്നായിരുന്നു സീസി അതിന്റെ ന്യായമായി വിശദീകരിച്ചത്. ഇങ്ങനെ നിയമം നടപ്പാക്കിയാല്‍ ഒറ്റ വാക്കിലൂടെ വിവാഹമോചനം നടത്തുന്നതിന് പകരം ഒരു പുനരാലോചനക്കുള്ള അവസരം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
എന്നാല്‍ രേഖപ്പെടുത്തലോ സാക്ഷ്യപ്പെടുത്തലോ കൊണ്ട് വിവാഹമോചനത്തിന്റെ നിരക്ക് കുറക്കാനാവില്ലെന്നും വിവാഹമോചനം ആഗ്രഹിക്കുന്ന പുരുഷന്‍ മഅ്ദൂനിനെ സമീപിക്കല്‍ ഒരു പ്രയാസമുള്ള കാര്യമല്ലെന്നും അല്‍അസ്ഹര്‍ പണ്ഡിതന്‍മാര്‍ വ്യക്തമാക്കി. യുവാക്കളെ സംസ്‌കരിക്കലും അവരെ മയക്കുമരുന്നുകളില്‍ നിന്നും മറ്റു വഴികേടുകളില്‍ നിന്നും മോചിപ്പിക്കലും മാത്രമാണ് ഇതിന് പരിഹാരമെന്നും അവര്‍ പറഞ്ഞു.

Related Articles