Current Date

Search
Close this search box.
Search
Close this search box.

ലിബിയയില്‍ അജ്ഞാത വ്യോമാക്രമണം; 17 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു

ട്രിപോളി: ലിബിയയിലെ ദര്‍ന നഗരത്തില്‍ തിങ്കളാഴ്ച്ച വൈകിയിട്ട് അജ്ഞാത വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ 17 സിവിലിയന്‍മാര്‍ കൊല്ലപ്പെടുകയും മുപ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിലേറെയും സ്ത്രീകളും കുട്ടികളുമാണെന്ന് അനദോലു ന്യൂസ് വ്യക്തമാക്കി. കൂട്ടകൊലയെ അപലപിക്കാന്‍ അടിയന്തിര യോഗം വിളിക്കാന്‍ ലിബിയന്‍ സുപ്രീം കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് രക്ഷാസമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു മണിക്കൂറോളം നീണ്ടു നിന്ന ആക്രമണമാണ് നടന്നതെന്നാണ് ദൃക്‌സാക്ഷികള്‍ വിവരിക്കുന്നത്. ദര്‍നയെ തകര്‍ക്കാന്‍ ആഭ്യന്തര മന്ത്രാലയം വിദേശ ശക്തികളുടെ സഹായം തേടുകയാണെന്ന് സംഭവത്തോട് പ്രതികരിച്ചു കൊണ്ട് സുപ്രീം കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് അംഗം മുഹമ്മദ് സായിദ് ഇമാരി ആരോപിച്ചു. ലിബിയയുടെ പരമാധികാരത്തില്‍ കൈകടത്തുന്ന തരത്തിലുള്ള കുറ്റകൃത്യമെന്ന് ആക്രമണത്തെ വിശേഷിപ്പിച്ച അദ്ദേഹം ദര്‍ന നഗരം ഉപരോധിക്കുകയും അവിടേക്കുള്ള മരുന്നും ഭക്ഷണവും തടയുകയും ചെയ്യുന്ന ലിബിയക്കാരായ ഉപരോധക്കാരെയും അദ്ദേഹം വിമര്‍ശിച്ചു.
നേരത്തെ ഭീകരവിരുദ്ധ പോരാട്ടത്തില്‍ പേരില്‍ ഈജിപ്ത് നഗരത്തിന് നേരെ ആക്രമണം നടത്തിയിട്ടുണ്ടെന്ന് കൗണ്‍സിലിലെ മറ്റൊരു അംഗമായ മന്‍സൂര്‍ അല്‍ഹസാദി പറഞ്ഞു. ഖലീഫ ഹഫ്തറിന്റെ കീഴിലുള്ള സൈനികര്‍ നഗരത്തെ ഉപരോധിച്ച് ശ്വാസം മുട്ടിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ദര്‍ന നഗരത്തില്‍ ഈജിപ്ത് പല തവണ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഭീകരസംഘടനകളുടെ താവളങ്ങള്‍ ലക്ഷ്യമാക്കിയാണ് തങ്ങളുടെ ആക്രമണം എന്നാണ് അവര്‍ അതിനെ കുറിച്ച് പറഞ്ഞിരുന്നത്. അതേസമയം ഓരോ ആക്രമണത്തിലും സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു എന്നാണ് പ്രാദേശിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
2015ല്‍ ഐഎസില്‍ നിന്നും ദര്‍ണയുടെ നിയന്ത്രണം ഏറ്റെടുത്ത മുജാഹിദീന്‍ ശൂറാ കൗണ്‍സിലിന്റെ നിയന്ത്രണത്തിലാണ് നിലവില്‍ നഗരം നിലകൊള്ളുന്നത്. ജനറല്‍ ഖലീഫ ഹഫ്തറിന്റെ നിയന്ത്രണത്തിലില്ലാത്ത കിഴക്കന്‍ ലിബിയയിലെ ഏക നഗരമാണ് ദര്‍ണ. അതുകൊണ്ടു തന്നെ നഗരത്തിന് മേല്‍ കടുത്ത ഉപരോധമാണ് അദ്ദേഹത്തിന്റെ സൈന്യം ഏര്‍പ്പെടുത്തുന്നത്.

Related Articles