Current Date

Search
Close this search box.
Search
Close this search box.

റഷ്യയും ഇസ്രയേലുമായുള്ള ഞങ്ങളുടെ ബന്ധം ചിലരെ അസ്വസ്ഥപ്പെടുത്തുന്നു: ഉര്‍ദുഗാന്‍

ഇസ്തംബൂള്‍: തുര്‍ക്കിയുടെ ഇസ്രയേലും റഷ്യയുമായുള്ള ബന്ധം അകത്തും പുറത്തുമുള്ള ചിലരെയെല്ലാം അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍. മിക്ക ഭീകരസംഘടനകളുടെയും പൊതു ലക്ഷ്യമായി തുര്‍ക്കി മാറിയത് ആലോചനക്ക് വിധേയമാക്കേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരസംഘടനകള്‍ മുഖേനയും അവയുടെ പ്രവര്‍ത്തനങ്ങളാലും നല്‍കുന്ന സന്ദേശങ്ങളെ കുറിച്ച് ഞങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടെന്നും അനുയോജ്യമായ സന്ദര്‍ഭത്തില്‍ ആ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും ഒരു ഇഫ്താര്‍ പരിപാടിയില്‍ സംബന്ധിച്ച് സംസാരിക്കവെ ഉര്‍ദുഗാന്‍ പറഞ്ഞു.
തുര്‍ക്കിയില്‍ പരാജയപ്പെടുത്തപ്പെട്ട ഭീകരാക്രമണങ്ങളുടെ ഒന്നോ രണ്ടോ ശതമാനം മാത്രമാണ് സംഭവിച്ചിട്ടുള്ളതെന്നും ഭീകരസംഘടനകള്‍ക്കെതിരെ തുര്‍ക്കി സുരക്ഷാ വിഭാഗം വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
തുര്‍ക്കിയില്‍ ജീവിക്കുന്ന സിറിയന്‍ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുമെന്ന് മറ്റൊരു പരിപാടിയില്‍ ഉര്‍ദുഗാന്‍ പറഞ്ഞു. തുര്‍ക്കിയില്‍ ജീവിക്കുന്ന സിറിയന്‍ ജനതയെ സഹായിക്കുന്നതിന്റെ ഭാഗമായി അവര്‍ക്ക് ഒരു അവസരം നല്‍കുകയാണ്. അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തുര്‍ക്കി പൗരത്വം നല്‍കാന്‍ തയാറാണ്. പൗരത്വം നല്‍കുന്നതിന്റെ നടപടിക്രമങ്ങളെക്കുറിച്ച് ആഭ്യന്തരമന്ത്രാലയം പ്രഖ്യാപനം നടത്തുമെന്നും ഉര്‍ദുഗാന്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ അദ്ദേഹം നല്‍കിയിട്ടില്ല.

Related Articles