Current Date

Search
Close this search box.
Search
Close this search box.

മ്യാന്‍മറിലെ കൂട്ടകശാപ്പ് തടയാനുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കും: ശൈഖുല്‍ അസ്ഹര്‍

കെയ്‌റോ: മ്യാന്‍മറിലെ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന കൂട്ടകശാപ്പുകള്‍ അവസാനിപ്പിക്കാനുള്ള അറബ്, മുസ്‌ലിം, അന്താരാഷ്ട്ര മാനുഷിക നീക്കങ്ങള്‍ക്ക് തന്റെ സ്ഥാപനം നേതൃത്വം നല്‍കുമെന്ന് ശൈഖുല്‍ അസ്ഹര്‍ ഡോ. അഹ്മദ് ത്വയ്യിബ്. വെള്ളിയാഴ്ച്ച വൈകിയിട്ട് സംപ്രേഷണം ചെയ്ത അദ്ദേഹത്തിന്റെ ടെലിവിഷന്‍ പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്. ലോകത്തെ തന്നെ ഏറ്റവും വലിയ ഇസ്‌ലാമിക വേദിക്ക് നേതൃത്വം നല്‍കുന്ന ശൈഖുല്‍ അസ്ഹര്‍ അത്യപൂര്‍വമായി മാത്രമേ അന്താരാഷ്ട്ര വിഷയങ്ങളില്‍ ടെലിവിഷന്‍ പ്രസ്താവനകള്‍ നടത്താറുള്ളൂ.
കൊലപാതകങ്ങളുടെയും തീവെപ്പിന്റെയും കൂട്ടകശാപ്പുകളുടെയും ആട്ടിയോടിക്കലിന്റെയും വേദനിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമായ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളിലും വാര്‍ത്താ മാധ്യമങ്ങളിലും കണ്ടു കൊണ്ടിരിക്കുന്നത്. മ്യാന്‍മറിലെ റാഖൈനില്‍ ഉപരോധിക്കപ്പെട്ട നൂറുകണക്കിന് സ്ത്രീകളും കുട്ടികളും യുവാക്കളും വൃദ്ധന്‍മാരുമാണ് അതിന് ഇരയാക്കപ്പെട്ടിട്ടുള്ളത്. മനുഷ്യരാശിക്ക് പരിചിതമല്ലാത്ത കാടന്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ട് അവരെ (റോഹിങ്ക്യന്‍ മുസ്‌ലിംകള്‍) സ്വന്തം നാട്ടില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിക്കുകയാണ് ഭരണകൂടം ചെയ്യുന്നത്. അവരില്‍ പലരും നടന്ന് തളര്‍ന്നും പട്ടിണിയും ദാഹവും കാരണവും കഠിനമായ വെയിലേറ്റും മരണപ്പെട്ടു. കടല്‍ യാത്രക്കിടയില്‍ നിരവധി പേരെ കടല്‍ വിഴുങ്ങി. ലോകമനസാക്ഷി മരിച്ചില്ലായിരുന്നുവെങ്കില്‍ വന്യവും മനുഷ്യത്വ രഹിതവുമായ ഈ രംഗം സംഭവിക്കുമായിരുന്നില്ല. മനസാക്ഷിയുള്ളവരും മാനുഷിക മൂല്യങ്ങളും മരിച്ചിരിക്കുന്നു. മനുഷ്യാവകാശവും ജനങ്ങളുടെ സമാധാനവും സംബന്ധിച്ച എല്ലാ അന്താരാഷ്ട്ര വ്യവസ്ഥകളും കടലാസു പുലികളായി മാറിയിരിക്കുന്നു. അവക്കുപയോഗിച്ച മഷിയുടെ വില പോലും കല്‍പിക്കപ്പെടുന്നില്ല. എന്ന് കടുത്ത ഭാഷയില്‍ അദ്ദേഹം പറഞ്ഞു.
റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ കൂട്ടമായി കൊല ചെയ്യപ്പെടുമ്പോള്‍ കേവലം അപലപിക്കല്‍ കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും മ്യാന്‍മര്‍ സൈന്യത്തില്‍ നിന്നും ഭരണകൂടത്തില്‍ നിന്നും റോഹിങ്ക്യന്‍ മുസ്‌ലിംകളെ രക്ഷിക്കാനുള്ള ലജ്ജാകരമായ അഭ്യര്‍ഥനകള്‍ യാതൊരു ഫലവുമില്ലാത്ത സമയം പാഴാക്കലാണെന്നും അദ്ദേഹം പറഞ്ഞു. ഇരയാക്കപ്പെടുന്ന വിഭാഗം ജൂതന്‍മാരോ ക്രിസ്ത്യാനികളോ ബുദ്ധന്‍മാരോ മറ്റേതെങ്കിലും ഇസ്‌ലാമേതര വിഭാഗങ്ങളോ ആയിരുന്നെങ്കില്‍ ഈ അന്താരാഷ്ട്ര സംഘടനകളുടെ നിലപാട് തീര്‍ത്തും വ്യത്യസ്തമായിരിക്കുമെന്ന ഉറപ്പ് തനിക്കുണ്ടെന്നും അദ്ദേഹം വിമര്‍ശനം രേഖപ്പെടുത്തി.
മ്യാന്‍മറിലെ അതിക്രമങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുന്നതിന് അന്താരാഷ്ട്ര വേദികളോടും സംഘടനകളോടും ശൈഖ് അഹ്മദ് തയ്യിബ് ആവശ്യപ്പെട്ടു. അറബ് ലീഗ്, ജി.സി.സി, ഐക്യരാഷ്ട്രസഭ, യൂറോപ്യന്‍ യൂണിയന്‍, രക്ഷാസമിതി തുടങ്ങിയ വേദികളോടും അറബ് മുസ്‌ലിം ലോകത്തെ തീരുമാന ശേഷിയുള്ള രാഷ്ട്രങ്ങളോടും വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ നടത്താനും അദ്ദേഹം ആഹ്വാനം ചെയ്തു. ‘മ്യാന്‍മറില സഹോദരങ്ങളോട് ഞങ്ങള്‍ പറയുന്നു… ക്രൂരമായ ഈ അതിക്രമങ്ങള്‍ക്ക് മുമ്പില്‍ നിങ്ങള്‍ സ്ഥൈര്യത്തോടെ നിലകൊള്ളണം, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്, ഞങ്ങള്‍ നിങ്ങളെ കൈവെടിയുകയില്ല. അല്ലാഹു നിങ്ങളുടെ സഹായിത്തിനുണ്ടാവും.. നാശകാരികളുടെ പ്രവര്‍ത്തനത്തെ അല്ലാഹു ഒരിക്കലും വിജയിപ്പിക്കുകയില്ലെന്ന് ഓര്‍ക്കുക.’ എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം തന്റെ പ്രസ്താവന അവസാനിപ്പിച്ചത്.

Related Articles