Current Date

Search
Close this search box.
Search
Close this search box.

മ്യാന്‍മറിലെ ആക്രമണങ്ങള്‍ മുസ്‌ലിംകളെ ഉത്കണ്ഠപ്പെടുത്തുന്നു: സൂകിയോട് എര്‍ദോഗാന്‍

അങ്കാറ: റോഹിങ്ക്യകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ഇസ്‌ലാമിക ലോകത്ത് വലിയ ഉത്കണ്ഠുണ്ടാക്കുന്നുണ്ടെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍ മ്യാന്‍മര്‍ സ്‌റ്റേറ്റ് കൗണ്‍സിലര്‍ ഓങ് സാന്‍ സൂകിയോട് പറഞ്ഞു. അറാകാനില്‍ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെ ആക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണിത്. അവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ഇസ്‌ലാമിക ലോകത്ത് വലിയ ഉത്കണ്ഠയാണുണ്ടാക്കുന്നതെന്ന് എര്‍ദോഗാന്‍ സൂകിയെ അറിയിച്ചതായി തുര്‍ക്കി പ്രസിഡന്റുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളാണ് അറിയിച്ചത്.
കൂട്ടഉന്മൂലനമാണ് മ്യാന്‍മറില്‍ നടക്കുന്നതെന്ന് തുര്‍ക്കി പ്രസിഡന്റ് നേരത്തെ പറഞ്ഞിരുന്നു. അവിടത്തെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളെയും അറാകാന്‍ പ്രദേശത്ത് മാനുഷിക സഹായങ്ങള്‍ എത്തിക്കുന്നത് സംബന്ധിച്ചും സൂകിയുമായി അദ്ദേഹം സംസാരിച്ചിട്ടുണ്ടെന്ന് റിപോര്‍ട്ട് വ്യക്തമാക്കി. അവിടെ സിവിലിയന്‍മാര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെയും ഭീകരപ്രവര്‍ത്തനത്തെയും എര്‍ദോഗാന്‍ ശക്തമായി അപലപിച്ചു.
എര്‍ദോഗാന്‍ സൂകിയുമായി നടത്തിയ സംഭാഷണത്തിന് തൊട്ടുടനെ തുര്‍ക്കിഷ് ഇന്റര്‍നാഷണല്‍ കോഓപറേഷന്‍ ആന്റ് ഡവലപ്‌മെന്റ് എജന്‍സിക്ക് (TIKA) മ്യാന്‍മറില്‍ പ്രവേശിക്കാന്‍ മ്യാന്‍മര്‍ ഭരണകൂടം അനുമതി നല്‍കിയിട്ടുണ്ട്. പ്രദേശത്ത് സഹായം എത്തിക്കാന്‍ അനുമതി ലഭിക്കുന്ന ആദ്യ വിദേശ ഏജന്‍സിയാണിത്. റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ മുഴുവന്‍ ചെലവുകളും തങ്ങള്‍ വഹിച്ചു കൊള്ളാമെന്ന് ഉറപ്പു നല്‍കി ബംഗ്ലാദേശിനോട് അതിര്‍ത്തി തുറന്നു കൊടുക്കാന്‍ നിര്‍ദേശിച്ച തുര്‍ക്കി നിലപാടിനെ ഐക്യരാഷ്ട്ര സഭ പ്രശംസിച്ചു. സമാനമായ നിലപാട് സ്വീകരിക്കാന്‍ മറ്റ് രാഷ്ട്രങ്ങളോടും ഐക്യരാഷ്ട്രസഭ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Related Articles