Current Date

Search
Close this search box.
Search
Close this search box.

മോദിയുടെ പാര്‍ട്ടിയില്‍ നിന്ന് കേരളത്തെയാണ് ശുദ്ധീകരിക്കേണ്ടത്: മണിശങ്കര്‍ അയ്യര്‍

മലപ്പുറം: കേരളത്തില്‍ വന്ന് മുസ്‌ലിംകളെ ശുദ്ധീകരിക്കണമെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ട്ടിയില്‍ നിന്ന് കേരളത്തെയാണ് ശുദ്ധീകരിക്കേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. വോട്ട് ചോദിക്കാന്‍ പാര്‍ട്ടികള്‍ വികസനവും ജനകീയ പ്രശ്‌നങ്ങളുമാണ് ഉന്നയിക്കാറ്, മോദിയുടെ പാര്‍ട്ടി ഭിന്നിപ്പിച്ചാണ് അതിന് ശ്രമിക്കുന്നത്. സവര്‍ക്കര്‍, ഹെഗ്‌ഡേവാര്‍, ഗോള്‍വാര്‍ക്കര്‍ എന്നിവരുടെ ആശയങ്ങളാണ് നരേന്ദ്ര മോദിയും പിന്തുടരുന്നത്. സവര്‍ക്കറാണ് ദ്വിരാഷ്ട്ര വാദം എന്ന ആശയം കൊണ്ടുവന്നത്. ഇതുതന്നെയാണ് മോദിയും പ്രയോഗിക്കുന്നതെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. മലപ്പുറത്ത് എം.എസ്.എഫ് ജില്ലാ കമ്മിറ്റി ‘ജനശാക്തീകരണം, ദേശീയോദ്ഗ്രഥനം’ എന്ന തലകെട്ടില്‍ സംഘടിപ്പിച്ച സി.എച്ച് സ്മാരക ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ് ലിംകളെ വോട്ടുബാങ്കായി കാണുന്നത് ശരിയല്ല. മറ്റുള്ളവര്‍ക്ക് തുല്യമായി അവരെ കാണുകയാണ് വേണ്ടത്. രാജ്യത്തിന്റെ വൈവിധ്യത്തെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യാതെ ഐക്യരാഷ്ട്രം എന്ന സങ്കല്‍പ്പം സാധ്യമാകില്ല. ഭൂരിപക്ഷ സമുദായം മറ്റുള്ളവര്‍ക്ക് പെരുമാറ്റചട്ടം നിശ്ചയിക്കുന്നത് അംഗീകരിക്കാനാകില്ല. മുസ് ലിംകള്‍ക്ക് അവരുടെ സ്വത്വം നിലനിര്‍ത്താനും അതില്‍ അഭിമാനിക്കാനും കഴിയണം. മുസ്‌ലിം വ്യക്തിനിയമം തുടരാന്‍ അവരെ അനുവദിക്കണമെന്നും അയ്യര്‍ പറഞ്ഞു.
മുസ് ലീം വ്യക്തി നിയമത്തില്‍ കാലാനുസൃതമായ പരിഷ്‌ക്കരണം വേണമെന്നതില്‍ സംശയമില്ല. അത് ആ സമുദായത്തിന് വിട്ടുകൊടുക്കണം. എന്നാല്‍, നരേന്ദ്ര മോദിയും പാര്‍ട്ടിയും പറയുന്നത് എല്ലാവരുടെയും നിയമം തങ്ങള്‍ നിശ്ചയിക്കുമെന്നാണ്. ഇത് അപകടകരമാണ്. ഹിന്ദുകോഡ് സംബന്ധിച്ച സംവാദത്തില്‍ പങ്കെടുത്തത് ഹിന്ദുക്കള്‍ മാത്രമായിരുന്നു. കണക്കുകള്‍ പ്രകാരം ജനസംഖ്യയില്‍ ഇന്ത്യ ഏറ്റവും വലിയ ഹിന്ദുരാജ്യമാണന്നു പറയാം. ഇതേ കണക്കുകള്‍ പ്രകാരം ഇന്ത്യ ലോകത്തെ രണ്ടാമത്തെ വലിയ മുസ്‌ലിം രാജ്യമാണെന്നും മണിശങ്കര്‍ അയ്യര്‍ വ്യക്തമാക്കി.

Related Articles