Current Date

Search
Close this search box.
Search
Close this search box.

മുതിര്‍ന്ന ഓഫീസര്‍മാരെ ലക്ഷ്യം വെച്ച് സിറിയയില്‍ ചാവേറാക്രമണം

ദമസ്‌കസ്: സിറിയന്‍ സൈനികരും മിലിറ്ററി ഓഫീസര്‍മാരുമടക്കം 30 പേര്‍ ഹിംസില്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഭരണകൂടം വ്യക്തമാക്കി. സൈനിക സുരക്ഷാ മേധാവി ജനറല്‍ ഹസന്‍ ദഅ്ബൂലും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. ഗൗത്തയിലെയും ഹിംസിലെയും സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിലാണ് സൈനികരും ഓഫീസര്‍മാരും കൊല്ലപ്പെട്ടത്. ബെല്‍റ്റ് ബോംബ് ധരിച്ച ചാവേറുകള്‍ സൈനിക കേന്ദ്രങ്ങളില്‍ നുഴഞ്ഞുകയറിയാണ് ആക്രമണം നടത്തിയതെന്ന് ഗാസി അന്‍താബിലെ അല്‍ജസീറ റിപോര്‍ട്ടര്‍ മുഹമ്മദ് ഈസാ പറഞ്ഞു. നുഴഞ്ഞുകയറിയ ശേഷം ചാവേറുകള്‍ ഏതാനും മിനുറ്റുകള്‍ അവിടെയുണ്ടായിരുന്ന സൈനികരുമായി ഏറ്റുമുട്ടിയ ശേഷം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു എന്ന് അദ്ദേഹം സൂചിപ്പിച്ചു. എന്നാല്‍ എല്ലാ ചാവേറുകളും സ്വയം പൊട്ടിത്തെറിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
കടുത്ത സുരക്ഷാവലയം ഭേദിച്ചാണ് സിറിയന്‍ സൈന്യത്തിന്റെ താവളത്തിന് നേരെ ഈ ആക്രമണം നടന്നിരിക്കുന്നത്. മുമ്പും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്നും അവയില്‍ ചിലതിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു എന്നും അല്‍ജസീറ റിപോര്‍ട്ട് വിവരിക്കുന്നു. സിറിയന്‍ ഭരണകൂടം തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ കടുത്ത സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തിയിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു എന്നത് അസദ് ഭരണകൂടത്തോട് കൂറ് പുലര്‍ത്തുന്നവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണെന്നും റിപോര്‍ട്ട് അഭിപ്രായപ്പെട്ടു.

Related Articles