Current Date

Search
Close this search box.
Search
Close this search box.

മലേഷ്യന്‍ ശരീഅ ഹൈക്കോടതി ആദ്യ വനിതാ ജഡ്ജിമാരെ നിയമിച്ചു

കോലാലമ്പൂര്‍: മലേഷ്യയിലെ സെലന്‍ഗൂര്‍ ഇസ്‌ലാമിക് ശരീഅ ഹൈക്കോടതി അതിന്റെ ചരിത്രത്തിലാദ്യമായി രണ്ട് വനിതാ ജഡ്ജിമാരെ നിയമിച്ചു. നൂര്‍ ഹുദാ റോസ്‌ലാന്‍, നെന്നി ശുഹൈദ ശംസുദ്ദീന്‍ എന്നിവര്‍ക്കാണ് സെലന്‍ഗൂര്‍ സുല്‍ത്താന്‍ ശറഫുദ്ദീന്‍ ഇദ്‌രീസ് നിയമന ഉത്തരവ് അയച്ചത്. കീഴ്‌ക്കോടതി ജഡ്ജി സ്ഥാനത്തേക്ക് മറ്റ് ഏഴ് വനിതകള്‍ക്ക് കൂടി ഉത്തരവ് അയച്ചിട്ടുണ്ട്. നീതിനിര്‍വഹണ രംഗത്ത് സ്ത്രീകള്‍ക്ക് പങ്കാളിത്തം അനുവദിക്കാനും സ്ത്രീകള്‍ക്ക് സമൂഹത്തില്‍ പരിഗണന നല്‍കുന്നില്ലെന്ന് പറയുന്നവരുടെ വായടപ്പിക്കാനുമാണ് സെലന്‍ഗൂര്‍ സുല്‍ത്താന്‍ ഉദ്ദേശിക്കുന്നതെന്ന് ശരീഅ കോടതി ചീഫ് ജസ്റ്റിസ് ഡോ. മുഹമ്മദ് നഈ മുഖ്താര്‍ പറഞ്ഞു. യോഗ്യതകളുടെ അടിസ്ഥാനത്തിലാണ് വനിതകളെ ഈ സ്ഥാനത്തേക്ക് തെരെഞ്ഞെടുത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മലേഷ്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലെ സുപ്രധാന കാല്‍വെപ്പായിട്ടാണ് റോസ്‌ലാനും ശംസുദ്ദീനും തങ്ങളുടെ നിയമനത്തെ കാണുന്നത്. ഇസ്‌ലാമിക് സ്റ്റഡീസില്‍ ബിരുദം നേടിയ ശേഷം സൈക്കോളജി (കൗണ്‍സലിംഗ)യും നിയമപഠനവും നടത്തിയവരാണ് ഇരുവരും. അറ്റോര്‍ണി ജനറലിന്റെ ഓഫീസില്‍ സീനിയര്‍ ശരീഅ ഓഫീസറായിരുന്നു ശുഹൈദ. സെലന്‍ഗൂര്‍ ശരീഅ ഡിപ്പാര്‍ട്ട്‌മെന്റില്‍ ചീഫ് രെജിസ്ട്രാറായിരുന്നു ഹുദ.

Related Articles