Current Date

Search
Close this search box.
Search
Close this search box.

മന്ത്രിയുടെ സ്വരം സംഘ്പരിവാറിന്റേത്: ജമാഅത്ത് മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ്

മലപ്പുറം: ഉപതെരഞ്ഞെടുപ്പില്‍ ശ്രീ പി.കെ കുഞ്ഞാലിക്കുട്ടിയുടെ വിജയം വര്‍ഗീയവാദികളുടെ വിജയമായി വ്യാഖ്യാനിച്ച ദേവസ്വം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്റെ സ്വരം സംഘ്പരിപാറിന്റെ സ്വരമായിപ്പോയി എന്ന് ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് അഭിപ്രായപ്പെട്ടു.  ഇതേ ജനതയാണ് അതാതു കാലത്തെ രാഷ്ട്രീയ നിലപാടുകള്‍ക്കനുസരിച്ച്  ടി.കെ. ഹംസയെയും കെ.ടി. ജലീലിനേയും അതുപോലെ പി.പി. ഉമ്മര്‍കോയ തുടങ്ങിയവരെയും നിയമസഭയിലേക്കയച്ചത് എന്നു വരുമ്പോള്‍ പ്രസ്തുത പ്രസ്താവന കൂടുതല്‍ വിശകലനം അര്‍ഹിക്കുന്നുണ്ട്.
വോട്ട് ഇടതുപക്ഷത്തിനാണെങ്കില്‍ അത് മതേതരവും പുരോഗമനപരവും മാനവികവുമാകുന്ന തെങ്ങിനെ എന്ന ചോദ്യം പ്രസക്തമാണ്. എന്നു മാത്രമല്ല മലപ്പുറത്തുകാരുടെ രാഷ്ട്രീയ സാക്ഷരതയെ കൊഞ്ഞനം കുത്തുന്ന രീതിയില്‍ ഇടതുപക്ഷത്തിന്റെ ഉത്തരവാദിത്തപ്പെട്ട ഒരു മന്ത്രിയുടെ പ്രസ്താവനയോട് മുഖ്യമന്ത്രിയുള്‍പ്പടെയുള്ളവര്‍ എങ്ങിനെ പ്രതികരിക്കുന്നു എന്നറിയാന്‍ താല്‍പര്യമുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഫാഷിസ്റ്റ് വിരുദ്ധ ചേരിയെ ശക്തിപ്പെടുത്താന്‍ മുസ്‌ലിം ലീഗും കോണ്‍ഗ്രസും സമാന മനസ്‌കരും ചേര്‍ന്നു രൂപപ്പെടുത്തിയ രാഷ്ടീയ മുന്നേറ്റം എങ്ങിനെയാണ് വര്‍ഗീയമാവുക? അവരുടെ കൊള്ളരുതായ്മയേയും പിടിപ്പുകേടിനേയും രാഷ്ട്രീയ പരമായി നേരിടാനുള്ള കുറുക്കുവഴിമാത്രമാണ് ഈ വര്‍ഗീയാരോപണം. പക്ഷേ ആത്യന്തികമായി ഇതാരെയാണ് സഹായിക്കുകയെന്ന് സി.പി.എം വിലയിരുത്തണം.
ഇടതുപക്ഷം അധികാരത്തില്‍ വന്നതിനു ശേഷം നടന്ന ന്യൂനപക്ഷ വിരുദ്ധ നിലപാടുകളില്‍ അതൃപ്തിയുള്ള സമുദായം അവരുടെ രാഷ്ട്രീയ നിലപാട് ജനാധിപത്യപരമായി വിനിയോഗിക്കുമ്പോള്‍ അതില്‍നിന്ന് പാഠമുള്‍ക്കൊണ്ട് മുന്നോട്ട് പോകുകയായിരുന്നു ഇടതുപക്ഷം വേണ്ടിയിരുന്നത്. മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും ഫാഷിസ്റ്റ് വിരുദ്ധതയുടെയും അവസാനവാക്ക് തങ്ങളുടേതാണെന്ന വ്യാജ പൊതുബോധത്തിനേറ്റ കനത്ത പ്രഹരമായി മാത്രമെ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ വിജയത്തെ കാണാന്‍ കഴിയൂ. മാത്രമല്ല ഇത്തരം വര്‍ഗീയ പരാമര്‍ശങ്ങള്‍ സംഘ്പരിവാര്‍ മുദ്രാവാക്യങ്ങളെ ശക്തിപ്പെടുത്താന്‍ മാത്രമേ ഉപകരിക്കൂ എന്നും ഇടതുപക്ഷം മനസിലാക്കുന്നത് നന്ന്. ഇടതുപക്ഷം ഭരണത്തിലേറിയതിനു ശേഷം നടന്ന രണ്ടു കൊലപാതകങ്ങള്‍, യു.എ.പി.എ ചുമത്തല്‍, പോലീസ് രാജ് എന്നിവയില്‍ വിറങ്ങലിച്ചു നിന്ന ന്യൂനപക്ഷ സമൂഹം ഫാഷിസ്റ്റ് കൈകള്‍ വളരെ വ്യക്തമായിട്ടും അഴകൊഴമ്പന്‍ നയം സ്വീകരിക്കുന്ന ഒരു സര്‍ക്കാറിനോടുള്ള പ്രതിഷേധം രാഷ്ട്രീയപരമായി വിനിയോഗിക്കുകയാണ് ഈ തെരഞ്ഞെടുപ്പില്‍ സംഭവിച്ചത്. അതിനെ ജനാധിപത്യപരമായി നേരിടുന്നതിനു പകരം വര്‍ഗീയ നിറം നല്‍കുന്നത് കാവിയും ചുവപ്പും തമ്മിലുള്ള അന്തരത്തെ മായ്ച്ചകളയുമെന്ന് ഇടതു പക്ഷം മനസ്സിലാക്കണം. മുസ്‌ലിം ലീഗിന്റെ എക്കാലത്തെയും വിജയങ്ങളെ വര്‍ഗീയതയുടെ വിജയമായി കാണുന്നത് രാഷ്ട്രീയ ദുഷ്ടലാക്കു മാത്രമാണെന്നും സെക്രട്ടറിയറ്റ് അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് എം.സി. നസീര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ടുമാരായ ഹബീബ് ജഹാന്‍, മുസ്തഫാ ഹുസൈന്‍ ഓര്‍ഗനൈസിങ് സെക്രട്ടറിമാരായ സലീം മമ്പാട്, അലി കാരക്കാപറമ്പ് തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി സി.എച്ച്. ബഷീര്‍ സ്വാഗതവും ഡോ. അബ്ദുന്നാസര്‍ കുരിക്കള്‍ നന്ദിയും പറഞ്ഞു.

Related Articles