Current Date

Search
Close this search box.
Search
Close this search box.

മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ കൂട്ടായ പ്രതിരോധം അനിവാര്യം: എം.എം അക്ബര്‍

യാമ്പു: സമൂഹത്തില്‍ ധ്വംസിക്കപ്പെടുന്ന മനുഷ്യാവകാശങ്ങള്‍ക്കെതിരെ കൂട്ടായ പ്രതിരോധം അനിവാര്യമാണെന്ന് നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടറായ എം.എം. അക്ബര്‍. യാമ്പു ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററും യാമ്പു കെ.എം.സി.സിയും സംയുക്തമായി ടൗണ്‍ ജാലിയാത്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ ‘ധ്വംസിക്കപ്പെടുന്ന മനുഷ്യാവകാശങ്ങള്‍’ എന്ന വിഷയത്തെ കുറിച്ച് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതപ്രബോധകരെയും പണ്ഡിതന്മാരെയും കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഭരണഘടന ഒരു വഴിക്കും ഭരണകൂടം മറ്റൊരു വഴിക്കുമെന്നതായി രാജ്യത്തിന്റെ സ്ഥിതി. മതമൈത്രി തകര്‍ത്ത് സംഘര്‍ഷമുണ്ടാക്കാനുള്ള ഗൂഢശ്രമം ഇതിന് പിന്നിലുണ്ട്. ഇത്തരം നടപടികള്‍ക്കെതിരെ മതരാഷ്ട്രീയ പ്രവര്‍ത്തകര്‍ ഒന്നിച്ചു നില്‍ക്കണം. അന്താരാഷ്ട്ര തലത്തില്‍ സാമ്രാജ്യത്വത്തിന്റെ മേല്‍നോട്ടത്തിലാണെങ്കില്‍ ഇന്ത്യയില്‍ സംഘപരിവാറിന്റെ മേല്‍നോട്ടത്തിലാണ് ഇസ്‌ലാം ഭീതി വളര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ക്ക് പ്രചരണം നല്‍കി മാധ്യമങ്ങളും ഈ ശ്രമത്തില്‍ പങ്കുചേരുന്നു. ഫാഷിസ്റ്റുകളും ഭരണകൂടങ്ങളും ചേര്‍ന്ന് ഒരുതരം ഭീതിയാണ് രാജ്യത്ത് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം ഭരണകൂടത്തിന്റെ ഔദാര്യമാകുന്ന സ്ഥിതി വിശേഷമാണ് സംജാതമായിരിക്കുന്നതെന്നും കരിനിയമങ്ങളുടെ പ്രയോഗവും, ഭീകരവാദ ആരോപണ പ്രത്യാരോപണങ്ങളും സമൂഹത്തെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ഒരു വര്‍ഷമായി ജോലിയുടെയും വ്യക്തിപരമായ ആവശ്യങ്ങളുടെയും ഭാഗമായി ഖത്തറിലാണ് താന്‍. എന്നാല്‍ അടുത്തിടെ നാട്ടില്‍ ഉണ്ടായ ചില സംഭവങ്ങളെ തുടര്‍ന്ന് പോലീസിന് മൊഴി നല്‍കാന്‍ രണ്ട് തവണ നാട്ടില്‍ പോയിരുന്നു. തനിക്കെതിരെ ഇപ്പോള്‍ ഒരു കേസും നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാം പേടിയുടെ വ്യാപനമാണ് ഇപ്പോള്‍ പീസ് സ്‌കൂളിനെതിരെയും തനിക്കെതിരെയു മുള്ള പ്രചാരണങ്ങളിലൂടെ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പ്രചരണങ്ങളിലൂടെ ഇസ്‌ലാമോഫോബിയ വളര്‍ത്താനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ജാലിയാത്ത് പ്രബോധകന്‍ അബ്ദുല്‍ മജീദ് സുഹ്‌രി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
കെ.എം.സി.സി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് അബ്ദുല്‍ കരീം താമരശ്ശേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. യാമ്പു ജാലിയാത്ത് ‘മുദീര്‍’ അബ്ദുല്‍ അസീസ് അല്‍ബിഷ്‌രി, ഒ.ഐ.സി.സി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് ശങ്കര്‍ ഇളങ്കൂര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. ഇസ്‌ലാഹി സെന്റര്‍ നേതാക്കളായ അബ്ദുല്‍ അസീസ് കാവുമ്പുറം, ടി.കെ. മൊയ്തീന്‍ മുത്തന്നൂര്‍, അബൂബക്കര്‍ മേഴത്തൂര്‍, ശംസുദ്ദീന്‍ കൊല്ലം, അബ്ദുല്‍ അസീസ് ഉമരി, ഷൈജു എം സൈനുദ്ദീന്‍, കെ.എം.സി.സി നേതാക്കളായ മാമുക്കോയ ഒറ്റപ്പാലം, അബ്ദുല്‍ കരീം പുഴക്കാട്ടിരി, സിറാജ് മുസ്‌ലിയാരകത്ത്,സഹീര്‍ വണ്ടൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ബഷീര്‍ പൂളപ്പൊയില്‍ സ്വാഗതവും കെ. എം. സി. സി യാമ്പു സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് നാസര്‍ നടുവില്‍ നന്ദിയും പറഞ്ഞു.

Related Articles