Current Date

Search
Close this search box.
Search
Close this search box.

ഭോപാല്‍ ഏറ്റുമുട്ടല്‍; ജസ്റ്റിസ് പാണ്ഡേ ആര്‍.എസ്.എസ് അനുഭാവിയെന്ന് ആരോപണം

ഇന്‍ഡോര്‍: ഭോപ്പാല്‍ ജയില്‍ ചാട്ടവും സിമി ഏറ്റുമുട്ടലും അന്വേഷിക്കാന്‍ ജസ്റ്റിസ് പാണ്ഡേയെ ചുമതലപ്പെടുത്തിയതില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി മധ്യപ്രദേശ് മുന്‍ അഡ്വക്കറ്റ് ജനറല്‍ ആനന്ദ് മോഹന്‍ മാത്തൂര്‍. കൊലപാതം സംബന്ധിച്ച ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും പ്രചാരണങ്ങള്‍ക്ക് സഹായകമാകുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രസ്തുത നീക്കമെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് അയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കി. ജസ്റ്റിസ് എസ്.കെ പാണ്ഡേയുടെ നിഷ്പക്ഷതയെയും അദ്ദേഹം കത്തില്‍ ചോദ്യം ചെയ്തു.
ജസ്റ്റിസ് പാണ്ഡേ ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും അനുഭാവിയും സഹായിയുമാണെന്ന് ജബല്‍പൂര്‍, ഇന്‍ഡോര്‍, ഗ്വാളിയോര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള സ്രോതസ്സുകളില്‍ നിന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. അതുകൊണ്ടു തന്നെ അന്വേഷണ കമ്മീഷന്‍ ആക്ടനുസരിച്ച് ജസ്റ്റിസ് പാണ്ഡേ നിഷപക്ഷനായ ഒരു ജഡ്ജിയായിരിക്കുകയില്ല. എന്നും മാത്തൂര്‍ വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. അന്വേഷണം സുപ്രീം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തിലാക്കണമന്നാവശ്യപ്പെട്ട് ഇന്‍ഡോറില്‍ മനുഷ്യചങ്ങല സംഘടിപ്പിക്കാന്‍ മാത്തൂര്‍ തീരുമാനിച്ചിരുന്നു. അതിനെതിരെ തിങ്കളാഴ്ച്ച തീവ്രവലതുപക്ഷ ഗ്രൂപ്പുകള്‍ അദ്ദേഹത്തിന്റെ വീടിന് സമീപത്ത് പ്രതിഷേധ പ്രകടനം നടത്തിയ പശ്ചാത്തലത്തിലാണ് അദ്ദേഹം നിലവിലെ അന്വേഷണ ചുമതലയുള്ള ജഡ്ജിക്കെതിരെ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.
നവംബര്‍ 5ന് റീഗല്‍ സ്‌ക്വയറില്‍ മനുഷ്യച്ചങ്ങല തീര്‍ക്കാന്‍ ശ്രമിച്ചതിലൂടെ മാത്തൂര്‍ സിമി പ്രവര്‍ത്തകരെ പിന്തുണക്കുകയാണെന്ന് ആരോപണവും പ്രതിഷേധക്കാര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ മാത്തൂരിനെയും ഒപ്പമുണ്ടായിരുന്ന മറ്റ് പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റു ചെയ്തതിനാല്‍ മനുഷ്യചങ്ങല സംഘടിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. പ്രസ്തുത പോലീസ് നടപടിയെ കുറിച്ചും അദ്ദേഹം കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രിന്റ്, ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുകയാണെന്നും അദ്ദേഹം ആരോപിച്ചു. സിമി ഏറ്റുമുട്ടലിന്റെ എഫ്.ഐ.ആറും പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടും പരസ്യപ്പെടുത്തണമെന്നും ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെടാനുണ്ടായ സാഹചര്യം വെളിപ്പെടുത്തണെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles