Current Date

Search
Close this search box.
Search
Close this search box.

ഭരണഘടനാ ഭേദഗതിയെ അനുകൂലിക്കാന്‍ എര്‍ദോഗാന്റെ ആഹ്വാനം

ഇസ്തംബൂള്‍: തുര്‍ക്കി ഭരണഘടനാ ഭേദഗതി സംബന്ധിച്ച് നടക്കാനിരിക്കുന്ന ജനഹിത പരിശോധനയില്‍ ഭേദഗതിയെ അംഗീകരിക്കാന്‍ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍ രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തു. പ്രസിഡന്റിന് കൂടുതല്‍ അധികാരം നല്‍കുന്ന ഭേദഗതി ബില്‍ കഴിഞ്ഞ ദിവസം അദ്ദേഹം അംഗീകരിച്ചിരുന്നു. ജനഹിത പരിശോധന അനുകൂലമായാല്‍ അമേരിക്കയെയും ഫ്രാന്‍സിനെയും പോലെ പ്രസിഡന്റിന് പരമാധികാരമുള്ള രാഷ്ട്രമായി തുര്‍ക്കി മാറും.
വളര്‍ച്ചയിലേക്കും പുരോഗതിയിലേക്കുമുള്ള തുര്‍ക്കിയുടെ പ്രയാണത്തിന് തടസ്സം നില്‍ക്കുന്ന ചങ്ങലകളോടാണ് നിലവിലെ പാര്‍ലമെന്ററി സംവിധാനത്തെ എര്‍ദോഗാന്‍ ഉപമിച്ചത്. ഭരണസംവിധാനം മാറ്റുന്നതില്‍ രാജ്യം ഏറെ മുന്നോട്ടു പോയിട്ടുണ്ടെന്ന കാര്യവും അദ്ദേഹം സൂചിപ്പിച്ചു. ജൂലൈ 15ന് അട്ടിമറിക്കാരുടെ ടാങ്കുകള്‍ക്കും തോക്കുകള്‍ക്കും മുന്നില്‍ സ്വന്തം ശരീരം കൊണ്ട് പ്രതിരോധം തീര്‍ത്ത ജനത വരാനിരിക്കുന്ന ഹിതപരിശോധനയില്‍ ഭരണഘടനാ ഭേദഗതിയെ അംഗീകരിച്ചു കൊണ്ട് രണ്ടാമതൊരു കാവ്യം കൂടി രചിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനാ ഭേദഗതി ബില്ലിന് കഴിഞ്ഞ ജനുവരി 21ന് തുര്‍ക്കി പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചിരുന്നു. ജനഹിത പരിശോധനയില്‍ അമ്പത് ശതമാനത്തിലധികം അനുകൂല വോട്ടുകള്‍ നേടിയാല്‍ മാത്രമേ ഭേദഗതിക്ക് അംഗീകാരം ലഭിക്കുകയുള്ളൂ.

ഹിതപരിശോധനഫലം അനുകൂലമായാല്‍ തുര്‍ക്കിയില്‍ 2019 നവംബറില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും. അധികാരം എര്‍ദോഗാനില്‍ കേന്ദ്രീകരിക്കാനുള്ള ശ്രമമാണിതെന്നാരോപിച്ച് പ്രതിപക്ഷം എതിര്‍പ്പുമായി രംഗത്തത്തെിയിട്ടുണ്ട്. വോട്ടെടുപ്പിലൂടെ ജനം അനുകൂലമായി വിധിയെഴുതിയാല്‍ 2029 വരെ അദ്ദേഹം പ്രസിഡന്റായി തുടരും. നിലവില്‍ തുര്‍ക്കിയാല്‍ ഒരാള്‍ക്ക് രണ്ടു തവണയേ പ്രസിഡന്റാവാന്‍ കഴിയൂ. എന്നാല്‍ പരിഷ്‌കരണം വരുന്നതോടെ എര്‍ദോഗാന്റെ ഇപ്പോഴത്തെ പ്രസിഡന്റ് കാലയളവ് അതില്‍ ഉള്‍പ്പെടില്ല.

Related Articles