Current Date

Search
Close this search box.
Search
Close this search box.

ബ്രദര്‍ഹുഡുമായുള്ള അനുരജ്ഞനം; മറുപടി ജനങ്ങള്‍ നല്‍കുമെന്ന് സീസി

കെയ്‌റോ: മുസ്‌ലിം ബ്രദര്‍ഹുഡുമായി അനുരജ്ഞനം സാധിക്കുമോ എന്ന ചോദ്യത്തിന് ഈജിപ്തുകാര്‍ ഉത്തരം നല്‍കുമെന്ന് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസി. ഫ്രഞ്ച് തലസ്ഥാനമായ പാരീസ് സന്ദര്‍ശിക്കുന്ന അദ്ദേഹം ‘ഫ്രാന്‍സ് 24’ ചാനലുമായുള്ള അഭിമുഖത്തിലാണ് ഇത് പറഞ്ഞത്. ഉത്തരം ഈജിപ്ത് ജനത പറയും. അവര്‍ വലിയ രോഷത്തിലാണ്. ഇത് മറ്റുള്ളവര്‍ക്ക് ഓരു ഗുണപാഠമാണ്. 2018ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇഖ്‌വാനുമായുള്ള അനുരജ്ഞനത്തിന്റെ സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഈജിപ്തില്‍ രാഷ്ട്രീയ തടവുകാരുണ്ടെന്ന കാര്യം സീസി നിഷേധിച്ചു. എന്നാല്‍ മുസ്‌ലിം ബ്രദര്‍ഹുഡ് തടവുകാര്‍ ഈജിപ്ഷ്യന്‍ നിയമപ്രകാരം നീതിയുക്തമായിട്ടാണ് വിചാരണ ചെയ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഈജിപ്തില്‍ ആദ്യത്തെ സിവിലിയന്‍ പ്രസിഡന്റായ മുഹമ്മദ് മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കിയതുമുതല്‍ക്ക് ഈജിപ്ത് പ്രതിസന്ധി നേരിടുകയാണ്. പ്രാദേശികമായും പടിഞ്ഞാറന്‍ രാഷ്ട്രങ്ങള്‍ മുന്‍കൈയെടുത്തും പരിഹാരത്തിന് ശ്രമിച്ചെങ്കിലും പുരോഗതിയുണ്ടായില്ല.
യഥാര്‍ത്ഥ വിചാരണ നിടപടികളാണ് ഈജിപ്തില്‍ നടക്കുന്നത്. എല്ലാ നടപടികളും രാജ്യത്തിന്റെ നിയമങ്ങള്‍ക്കനുസരിച്ചാണ് നടപ്പാക്കുന്നത്. ഈജിപ്തിന്റെ നിലവിലെ സാഹചര്യം പഠിക്കാനും അറ്റോണി ജനറല്‍ നബീല്‍ സാദിഖുമായി കൂടിക്കാഴ്ച നടത്താനും ഞങ്ങളിലേക്കു വരുന്ന മനുഷ്യവകാശ സംഘടനകളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രാദേശികവും അന്തര്‍ദേശീയവുമായ എന്‍.ജി.ഒകളുടെ കണക്കുകള്‍ പ്രകാരം മുപ്പതിനായിരത്തിലധികം രാഷ്ട്രീയ തടവുകാരാണ് ഈജിപ്ഷ്യന്‍ ജയിലുകളില്‍ കഴിയുന്നത്. എന്നാല്‍ ഇത് ശരിയായ കണക്കുകളല്ലെന്നാണ് സര്‍ക്കാരിന്റെ വാദം.
കഴിഞ്ഞ വെള്ളിയാഴ്ച ബഹാരിയയില്‍ വെച്ച് പോലീസ് സംഘത്തെ അജ്ഞാത ആയുധധാരികള്‍ ആക്രമിച്ചതിനെ സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഓഫീസര്‍മാരടക്കം 16 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 15 ഭീകരവാദികള്‍ ഔദ്യോഗിക കണക്കനുസരിച്ച് പരിക്കേല്‍ക്കുകയോ കൊല്ലപ്പെുകയോ ചെയ്തിട്ടുണ്ട്.

ഐ.എസിനെതിരില്‍ സിറിയയിലും ഇറാഖിലുമുണ്ടായ വിജയത്തെ തുടര്‍ന്നാണ് ലീബിയ, ഈജിപ്ത്, സീനാ, പടിഞ്ഞാറന്‍ ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഭീകരര്‍ മാറിയതെന്നും സീസി പറഞ്ഞു. ലീബിയയോടു ചേര്‍ന്ന ഈജിപ്തിന്റെ പടിഞ്ഞാറെ അതിര്‍ത്തിയില്‍ നൂറു ശതമാനം സുരക്ഷ ഉറപ്പ് വരുത്തുക പ്രയാസകരമാണ്. ആയുധങ്ങളും വെടിക്കോപ്പുകളുമായി അതിര്‍ത്തി കടന്ന 1200 വാഹനങ്ങളെയാണ് രണ്ടര വര്‍ഷത്തിനിടയില്‍ ഈജിപ്ത് നശിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles