Current Date

Search
Close this search box.
Search
Close this search box.

ബഹുഭാര്യത്വം ശാപമല്ല, അനുഗ്രഹമാണ്: മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്

ന്യൂഡല്‍ഹി: ബഹുഭാര്യത്വം ഒരു സാമൂഹികാവശ്യമാണെന്നും സ്ത്രീയെ സംബന്ധിച്ച് അതൊരു ശാപമല്ല മറിച്ച് അനുഗ്രഹമാണെന്നും ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്. വെള്ളിയാഴ്ച്ച ബോര്‍ഡ് സുപ്രീം കോടതിയില്‍ സമര്‍പിച്ച അഫിഡവിറ്റിലാണ് ഇക്കാര്യം പറയുന്നത്. ബഹുഭാര്യത്വം എന്ന സാധ്യത നിഷേധിക്കപ്പെടുമ്പോള്‍ ഭര്‍ത്താവ് നിലവിലുള്ള ഭാര്യയെ വിവാഹ മോചനം ചെയ്യുകയോ അവിഹിത ബന്ധങ്ങളിലേക്ക് പോവുകയോ ചെയ്‌തേക്കുമെന്നും അതില്‍ സൂചിപ്പിക്കുന്നു. നിയമപരമായി സ്വീകരിക്കുന്ന രണ്ടാം ഭാര്യയേക്കാള്‍ സമൂഹത്തിന് ദോഷം ചെയ്യുക നിയമ വിരുദ്ധമായി വെപ്പാട്ടിയെ സ്വീകരിക്കുന്നതാണെന്നും ബോര്‍ഡ് വ്യക്തമാക്കി. മുസ്‌ലിം സ്ത്രീകളുടെ വിവാഹം, വിവാഹമോചനം പോലുള്ള വിഷയങ്ങളില്‍ മുസ്‌ലിം വ്യക്തിനിയമത്തില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് സ്വമേധയാ ഫയല്‍ ചെയ്തിട്ടുള്ള ഹരജിയോട് പ്രതികരിക്കുകയായിരുന്നു ബോര്‍ഡ്.
മുത്തലാഖ് വിഷയത്തില്‍ കോടതിക്ക് ഇടപെടാനാവില്ലെന്ന് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു. സാമൂഹ്യ പരിഷ്‌കരണത്തിന്റെ പേരില്‍ വ്യക്തി നിയമങ്ങള്‍ തിരുത്തിയെഴുതാനോ മതസ്വാതന്ത്ര്യത്തില്‍ ഇടപെടാനോ സുപ്രീം കോടതിക്ക് അധികാരമില്ലെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് വാദിച്ചു. മുത്തലാഖിന്റെ സാധുത തീരുമാനിക്കേണ്ടത് സുപ്രീംകോടതിയല്ല. വിവാഹമോചനത്തില്‍ ഇസ്‌ലാമില്‍ അനുവദനീയമായ രൂപമാണ് മുത്തലാഖ്.  ചോദ്യചെയ്യാവുന്ന നിയമങ്ങളുടെ പരിധിയില്‍ വിശുദ്ധ വചനങ്ങള്‍ വരുന്നില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. വിവാഹം, വിവാഹമോചനം, ജീവനാംശം എന്നിവയെല്ലാം ഒരോ മതങ്ങളിലും വ്യത്യസ്തമാണ്. ഖുര്‍ആനില്‍ വിവാഹമോചനം അനഭികാമ്യമാണെങ്കിലും അവശ്യ ഘട്ടങ്ങളില്‍ അനുവദീനയമാണ്. ഇസ്‌ലാമിന്റെ നയമനുസരിച്ച് ദമ്പതികള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ വിവാഹം അസാധുവാക്കുന്നതാണ് നല്ലതെന്നും പേഴ്‌സനല്‍ ബോര്‍ഡ് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
 

Related Articles