Current Date

Search
Close this search box.
Search
Close this search box.

ബന്ധികളുടെ കാര്യത്തില്‍ അപ്രതീക്ഷിത സംഭവങ്ങളുണ്ടാവുമെന്ന് ഹമാസ് മുന്നറിയിപ്പ്

ഗസ്സ: ബന്ദികളുടെ കൈമാറ്റ ഇടപാടില്‍ നിന്ന് ഒളിച്ചോടുന്ന ഇസ്രയേല്‍ കള്ളങ്ങള്‍ പ്രചരിപ്പിക്കുകയും പൊതുജനങ്ങളെ തെറ്റിധരിപ്പിക്കുകയുമാണെന്ന് അല്‍ഖസ്സാം ബ്രിഗേഡ്‌സിന്റെ സൈനിക വക്താവ് അബൂഉബൈദ. ഹമാസിന്റെ സൈനിക വിംഗാണ് അല്‍ഖസ്സാം. അനുയോജ്യമായ സന്ദര്‍ഭത്തില്‍ തടവുകാരുടെ മോചനക്കാര്യത്തില്‍ അപ്രതീക്ഷിത സംഭവങ്ങളുണ്ടാവുമെന്നും അദ്ദേഹം ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കി. ഇസ്രയേല്‍ ഉദ്ദേശിച്ചാലും ഇല്ലെങ്കിലും അതിന്റെ വിലയൊടുക്കേണ്ടി വരുമെന്നും അനിവാര്യമായത് സംഭവിക്കുകയും ഫലസ്തീന്‍ പ്രദേശങ്ങള്‍ അതില്‍ സന്തോഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബന്ദി കൈമാറ്റ ഇടപാടിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ‘വാഗ്ദാനം അടുത്ത് തന്നെ പുലരും’ എന്ന തലക്കെട്ടില്‍ പുറത്തുവിട്ടിരിക്കുന്ന ടേപിലാണ് ഇക്കാര്യം പറയുന്നത്.
നാല് ഇസ്രയേല്‍ സൈനികര്‍ ബന്ധികളായി തങ്ങളുടെ അടുക്കലുണ്ടെന്ന് കഴിഞ്ഞ ഏപ്രിലിലാണ് അല്‍ഖസ്സാം വെളിപ്പെടുത്തിയത്. എന്നാല്‍ അവര്‍ ജീവനോടെയാണോ അല്ലയോ എന്ന് വ്യക്തമാക്കിയിരുന്നില്ല. ബന്ധിയാക്കപ്പെട്ടവരില്‍ ആരോണ്‍ ഷാഉലിന്റെ പേര് മാത്രമാണ് അല്‍ഖസ്സാം വെളിപ്പെടുത്തിയിരിക്കുന്നത്. 2014ല്‍ ഇസ്രയേല്‍ ഗസ്സക്കെതിരെ നടത്തിയ ആക്രമണത്തിനിടെയാണ് ഷാഉല്‍ ബന്ധിയാക്കപ്പെട്ടത്. ബന്ധികളെ സംബന്ധിച്ച ഒരു വിവരവും സൗജന്യമായി നല്‍കില്ലെന്നും അല്‍ഖസ്സാം വ്യക്തമാക്കിയിട്ടുള്ളതാണ്. 2014ലെ ഗസ്സ ആക്രമണത്തിനിടെ രണ്ട് സൈനികരുടെ മൃതദേഹങ്ങള്‍ നഷ്ടമായിട്ടുണ്ടെന്ന് ഇസ്രേയല്‍ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. ആരോണ്‍ ഷാഉല്‍, ഹദാര്‍ ഗോള്‍ഡന്‍ എന്നീ സൈനികരെ ഉദ്ദേശിച്ചായിരുന്നു അത്. എന്നാല്‍ ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം അവരെ കാണാതായവരുടെയും ബന്ധികളുടെയും കൂട്ടത്തിലാണ് എണ്ണിയിരിക്കുന്നത്.
2011 ഒക്ടോബറില്‍ ഇസ്രയേല്‍ ഭരണകൂടവും ഹമാസുമായുണ്ടാക്കിയ കൈമാറ്റ കരാര്‍ പ്രകാരം ഗിലാഡ് ഷാലിത് എന്ന സൈനികനെ മോചിപ്പിക്കുന്നതിന് പകരമായി 1027 ഫലസ്തീന്‍ തടവുകാരാണ് മോചിപ്പിക്കപ്പെട്ടത്. ഈജിപ്തിന്റെ മേല്‍നോട്ടത്തിലായിരുന്നു പ്രസ്തുത കൈമാറ്റം നടന്നത്. നിലവില്‍ ഏഴാഴിരത്തോളം ഫലസ്തീനികളാണ് ഇസ്രയേല്‍ തടവറകളിലുള്ളത്.

Related Articles