Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനികളുടെ ദുരിതം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്തും സൗദിയെ വിമര്‍ശിച്ചും കോര്‍ബിന്‍

ബ്രൈറ്റണ്‍: സംഘര്‍ഷങ്ങളുടെ എരിതീയില്‍ കൂടുതല്‍ എണ്ണയൊഴിക്കുന്നതിന് പകരം ബ്രിട്ടീഷ് ഭരണകൂടം അവ പരിഹരിക്കാന്‍ സഹായിക്കേണ്ടത് അനിവാര്യമാണെന്ന് ബ്രിട്ടീഷ് പ്രതിപക്ഷ നേതാവും ലേബര്‍ പാര്‍ട്ടി അധ്യക്ഷനുമായ ജെര്‍മി കോര്‍ബിന്‍. ബ്രൈറ്റണ്‍ നഗരത്തില്‍ സംഘടിപ്പിക്കപ്പെട്ട പാര്‍ട്ടി സമ്മേളനത്തിന്റെ സമാപന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം അതിന്റെ വിദേശകാര്യ നയങ്ങളില്‍ രാഷ്ട്രത്തിന്റെ മൂല്യങ്ങള്‍ക്ക് മുഖ്യ ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീന്‍ ജനതയുടെ ദുരിതം അവസാനിപ്പിക്കുന്നതിന് ബ്രിട്ടന്‍ സഹായം നല്‍കണമെന്ന് പറഞ്ഞ കോര്‍ബിന്‍ യമനില്‍ സൗദി നടത്തുന്ന പ്രവര്‍ത്തനങ്ങളെയും ഈജിപ്തിലും ബഹ്‌റൈനിലും മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും നേരിടുന്ന അവസ്ഥകളെയും വിമര്‍ശിക്കുകയും ചെയ്തു. നാം സൗദിക്ക് ആയുധങ്ങള്‍ നല്‍കുന്നത് തുടര്‍ന്നു കൊണ്ടിരിക്കെ അവര്‍ യമനിനെതിരെ നടത്തുന്ന വന്യമായ യുദ്ധത്തെ കുറിച്ച് മൗനം പാലിക്കാന്‍ നമുക്കാവില്ല. അപ്രകാരം ഈജിപ്തിലും ബഹ്‌റൈനിലും നടക്കുന്ന ജനാധിപത്യത്തിന് തുരങ്കം വെക്കുന്ന പ്രവര്‍ത്തനങ്ങളിലും മൗനം പാലിക്കാനാവില്ല. എന്ന് അദ്ദേഹം പറഞ്ഞു.
സൗദിയിലെയും യമനിലെയും അങ്ങേയറ്റം അപകടകരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് നേരെ തെരെസ മേയുടെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഭരണകൂടം കണ്ണടക്കുകയാണെന്ന് ലേബര്‍ പാര്‍ട്ടി ആരോപണം ഉയര്‍ത്തിയിരുന്നു. ഭരണകൂടത്തിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച ബ്രിട്ടീഷ് ഷാഡോ ഫോറീന്‍ സെക്രട്ടറിയും ലേബര്‍ പാര്‍ട്ടി അംഗവുമായ എമിലി തോണ്‍ബെറി ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഈ അവസ്ഥക്ക് മാറ്റം വരുമെന്നും വാഗ്ദാനം ചെയ്തു. യമനില്‍ നടത്തുന്ന യുദ്ധകുറ്റങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങളിലുമുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി സൗദിയുടെയും സുഡാന്റെയും ഔദ്യോഗിക പ്രതിനിധികളെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ലേബര്‍ പാര്‍ട്ടി വിലക്കിയിരുന്നു.

Related Articles