Current Date

Search
Close this search box.
Search
Close this search box.

പൊലീസ് ന്യൂനപക്ഷവിരുദ്ധത അവസാനിപ്പിക്കണമെന്ന് വിദ്യാര്‍ഥി-യുവജന നേതാക്കള്‍

കോഴിക്കോട്: മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങള്‍ക്ക് കളങ്കം വരുത്തുംവിധം ന്യൂനപക്ഷ സമുദായത്തില്‍പെട്ട വ്യക്തികളോടും സ്ഥാപനങ്ങളോടും വിവേചനപരമായി പെരുമാറുന്നത് പൊലീസ് അവസാനിപ്പിക്കണമെന്ന് വിവിധ വിദ്യാര്‍ഥി-യുവജന സംഘടനാനേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അനീതിയില്‍ നിന്നും അതിക്രമത്തില്‍ നിന്നും പൊലീസിനെ പിന്തിരിപ്പിക്കുവാനുള്ള ആര്‍ജവം ആഭ്യന്തരവകുപ്പ് കാണിക്കണം. ഫാഷിസം രൗദ്രഭാവം പൂണ്ടുനില്‍ക്കുന്ന സമയത്ത് സംസ്ഥാനത്തെ ന്യൂനപക്ഷസമുദായംഗങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ വളര്‍ത്തുംവിധം പൊലീസ് ഇടപെടലുകള്‍ വര്‍ഗീയമായിത്തീരുന്നതിനെ ഗൗരവത്തിലെടുക്കാന്‍ കേരള സര്‍ക്കാറിന് ഉത്തരവാദിത്തമുണ്ട്.
എറണാകുളം പീസ് ഇന്റെര്‍നാഷണല്‍ സ്‌കൂളിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് കേസ് റജിസ്റ്റര്‍ ചെയ്ത സംഭവം മുസ്‌ലിം സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്താനും തകര്‍ക്കാനുമുള്ള സംഘ്പരിവാര്‍ കുതന്ത്രങ്ങള്‍ക്ക് പൊലീസില്‍ തുടര്‍ച്ചയുണ്ടാകുന്നതിന്റെ ദുസ്സൂചനയാണ്. മതപഠനം സ്‌കൂള്‍ സിലബസിന്റെ കൂടെ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത് ഭീകരപ്രവര്‍ത്തനമാണെന്ന തരത്തിലുള്ള പ്രചാരണം അപലപനീയമാണ്.
പ്രബോധന പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പുമെല്ലാം ഭീകരതയിലേക്കുള്ള ചവിട്ടുപടികളാണെന്ന തരത്തില്‍ ഇസ്‌ലാമോഫോബുകള്‍ നടത്തുന്ന നുണപ്രചരണത്തിന്റെ ചട്ടുകമായി പൊലീസ് തരംതാഴരുത്. ഭീകരവേട്ടയുടെ മറവില്‍ ന്യൂനപക്ഷവേട്ട നടത്തുന്നത് സര്‍ക്കാര്‍ നയമല്ലെങ്കില്‍ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് ആഭ്യന്തരവകുപ്പ് മാതൃക കാണിക്കണ. പ്രസ്താവന ആവശ്യപ്പെട്ടു.
നൗഷാദ് മണ്ണിശ്ശേരി (മുസ്‌ലിം യൂത്ത് ലീഗ്), ഡോ. എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി (പ്രസിഡന്റ്, ഐ.എസ്.എം), ഡോ. ജാബിര്‍ അമാനി (പ്രസിഡന്റ്, ഐ.എസ്.എം മര്‍ക്കസുദ്ദഅ്‌വ), ടി. ശാക്കിര്‍ വേളം (പ്രസിഡന്റ്, സോളിഡാരിറ്റി), മിസ്ഹബ് കീഴരിയൂര്‍ (പ്രസിഡന്റ്, എം.എസ്.എഫ്), മുസ്തഫാ തന്‍വീര്‍ (പ്രസിഡന്റ്, എം.എസ്.എം), അബ്ദുല്‍ ജലീല്‍ മാമാങ്കര (പ്രസിഡന്റ്, എം.എസ്.എം മര്‍ക്കസുദ്ദഅ്‌വ), നഹാസ് മാള (പ്രസിഡന്റ്, എസ്.ഐ.ഒ) എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചിരിക്കുന്നത്.

Related Articles