Current Date

Search
Close this search box.
Search
Close this search box.

പൊതുമണ്ഡലത്തില്‍ ജനാധിപത്യത്തിന്റെ ഇടം ചുരുങ്ങിക്കൊണ്ടിരിക്കുന്നു: മുഹമ്മദ് സലീം എഞ്ചിനീയര്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യത്തിന്റെ പൊതുമണ്ഡലത്തില്‍ ജനാധിപത്യത്തിനുള്ള ഇടം ചുരുങ്ങിക്കൊണ്ടിരിക്കുന്ന കാഴ്ച്ചയാണ് നാം കൊണ്ടുകൊണ്ടിരിക്കുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ജനറല്‍ സെക്രട്ടറി മുഹമ്മദ് സലീം എഞ്ചിനീയര്‍. വൈവിധ്യങ്ങളെയും വൈജാത്യങ്ങളെയും ആദരിക്കാനും ഈ ബഹുസ്വരതയെ സഹിഷ്ണുതയോടെ സമീപിക്കാനുമുള്ള കഴിവ് ഊര്‍ജ്ജസ്വലമായ ജനാധിപത്യത്തിന്റെ അനിവാര്യമായ സവിശേഷതയാണെന്നും സ്വാതന്ത്ര്യദിന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
സമരത്തിലൂടെയും സമര്‍പ്പണത്തിലൂടെയുമാണ് ഇന്ത്യ ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടിയത്. രാജ്യത്തിന്റെ വിമോചനത്തിനായി മുഴുവന്‍ സമുദായങ്ങള്‍ക്കുമൊപ്പം ഒറ്റക്കെട്ടായി പോരാടിയ സ്വാതന്ത്ര്യസമര സേനാനികളെ നാം ആദരിക്കുകയും അവരുടെ ഓര്‍മകളെ നാം താലോലിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യം നേടിയതിന് ശേഷം നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ മൂല്യങ്ങളിലധിഷ്ടിതമായ ഒരു ഭരണഘടന നാം തയ്യാറാക്കി. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിക്ക് വേണ്ടി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്നും, വ്യത്യസ്തങ്ങളായ വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുന്ന മുഴുവന്‍ ആളുകളുടെയും അഭിപ്രായ പ്രകടനത്തിനും, വിശ്വാസത്തിനും, ആരാധനകള്‍ക്കുമുള്ള സ്വാതന്ത്ര്യത്തെ ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്നും നാം പ്രതിജ്ഞയെടുത്തിട്ടുണ്ട്. മുഴുവന്‍ പൗരന്‍മാര്‍ക്കും അവസര സമത്വവും തുല്യപദവിയും ഉറപ്പാക്കുകയും വ്യക്തികളുടെ അന്തസ്സ് ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട്. എന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം സാമ്പത്തികമായും സാമൂഹികമായും വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും ആ പുരോഗതി എല്ലാവരെയും ഉള്‍ക്കൊള്ളുന്നുവെന്ന് നാം ഉറപ്പാക്കണം. വലിയ അസമത്വത്തിലേക്കും വര്‍ഗസംഘട്ടനത്തിലേക്കും നയിക്കുന്ന വളര്‍ച്ച ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ജീവിതത്തിന്റെ എല്ലാ തുറകളിലും സംഭവിച്ചിട്ടുള്ള ധാര്‍മിക സദാചാര തകര്‍ച്ചകളെ വലിയ ഗൗരവത്തില്‍ തന്നെയാണ് ജമാഅത്തെ ഇസ്‌ലാമി കാണുന്നതെന്നും രാജ്യം എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ നമ്മുടെ മഹത്തായ രാജ്യത്തിന്റെ പുനര്‍നിര്‍മാണത്തിനായി പ്രതിജജ്ഞയെടുക്കാമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles