Current Date

Search
Close this search box.
Search
Close this search box.

പെരസിന്റെ അന്ത്യകര്‍മത്തില്‍ അബ്ബാസ് പങ്കെടുത്തത് ലജ്ജാകരം: ഹമാസ്

ഗസ്സ: മുന്‍ ഇസ്രയേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരസിന്റെ അന്ത്യകര്‍മങ്ങളില്‍ അന്താരാഷ്ട്ര, അറബ് സംഘങ്ങള്‍ക്കൊപ്പം ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പങ്കെടുത്തതിനെ വിമര്‍ശിച്ച് ഹമാസ്. പെരസിന്റെ അന്ത്യകര്‍മങ്ങളിലുള്ള അബ്ബാസ് പങ്കെടുത്തത് നാണക്കേടാണെന്ന് ഹമാസ് വക്താവ് സാമി അബൂസുഹ്‌രി പറഞ്ഞു. ഫലസ്തീനികളുടെ രക്തത്തെ നിന്ദിക്കുകയാണ് അതിലൂടെ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫലസ്തീന്‍ മക്കളുടെ രക്തം ചിന്തി കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട ഈ കുറ്റവാളിയുടെ അന്ത്യത്തില്‍ ഫലസ്തീനികള്‍ സന്തോഷിക്കുന്നുണ്ടെന്ന് ഹമാസ് നേരത്തെ പറഞ്ഞിരുന്നു. ഗസ്സയില്‍ ഹമാസ് ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് ഒരു സംഘം ആളുകള്‍ ‘കൊലയാളി’ എന്നെഴുതിയ പെരസിന്റെ ഫോട്ടോ കത്തിക്കുകയും അബ്ബാസ് അന്ത്യകര്‍മങ്ങളില്‍ പങ്കെടുത്തതില്‍ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.
അതേസമയം അബ്ബാസ് അന്ത്യകര്‍മങ്ങളില്‍ പങ്കെടുത്തതിനെ ന്യായീകരിക്കുകയാണ് ഫതഹ് ചെയ്യുന്നത്. ലോകം ഒന്നടങ്കം പെരസിന്റെ അന്ത്യകര്‍മങ്ങളിലേക്ക് തിരിയുമ്പോള്‍ രാഷ്ട്രത്തിന്റെ പ്രസിഡന്റ് എന്ന നിലക്കുള്ള ഉത്തരവാദിത്വമാണ് അബ്ബാസ് നിര്‍വഹിച്ചതെന്നാണ് ഫതഹ് പറയുന്നത്. നെതന്യാഹു ഭരണകൂടവുമായി ബന്ധം മുറിക്കുന്നത് ഫലസ്തീനികള്‍ അക്രമത്തിലും ആയുധത്തിലും മാത്രം വിശ്വസിക്കുന്നവരാണെന്ന ധാരണ സൃഷ്ടിക്കാനാണ് സഹായിക്കുകയെന്നും അവര്‍ വ്യക്തമാക്കി.
വെള്ളിയാഴ്ച്ച ജറൂസലേമില്‍ നടന്ന പെരസിന്റെ അന്ത്യകര്‍മങ്ങളില്‍ തൊണ്ണൂറോളം പ്രതിനിധി സംഘങ്ങള്‍ പങ്കെടുത്തിരുന്നു. ജോര്‍ദാന്‍, മൊറോക്കോ, ഈജിപ്ത് എന്നീ അറബ് രാഷ്ട്രങ്ങളിലെ പ്രതിനിധികള്‍ക്കൊപ്പം മഹ്മൂദ് അബ്ബാസും അതില്‍ പങ്കെടുത്തിരുന്നു. അവിടെ വെച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി അബ്ബാസിന് ഹസ്തദാനം നടത്തുകയും വന്നതില്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. നെതന്യാഹുവിനെ കാണാനായതില്‍ സന്തോഷമുണ്ടെന്ന് അബ്ബാസും പറഞ്ഞു. അബ്ബാസിന്റെ സാന്നിദ്ധ്യത്തെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പ്രത്യേകം പ്രശംസിക്കുകയും ചെയ്തു.
1948ല്‍ ഫലസ്തീന്‍ മണ്ണില്‍ ഇസ്രേയല്‍ രാഷ്ട്രം സ്ഥാപിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് പെരസ്. ഏഴ് പതിറ്റാണ്ടോളം നീണ്ട അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിനിടെയ ഉണ്ടായിട്ടുള്ള എല്ലാ അറബ് – ഇസ്രയേല്‍ സംഘട്ടനങ്ങളിലും അദ്ദേഹം പങ്കാളിയാണ്. പ്രസിഡന്റ് സ്ഥാനത്തെത്തിയ പെരസ് രണ്ട് തവണ പ്രധാനമന്ത്രിയായും, പ്രതിരോധ മന്ത്രിയായും വിദേശകാര്യ മന്ത്രിയായും തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1996ല്‍ ലബനാനിലെ ഖാന കൂട്ടകശാപ്പിനും വെസ്റ്റ് ബാങ്കില്‍ അധിനിവേശം നടത്തിയ കുടിയേറ്റ കേന്ദ്രങ്ങള്‍ വ്യാപിപ്പിച്ചതിനും നേതൃത്വം നല്‍കിയത് പെരസായിരുന്നു.

Related Articles