Current Date

Search
Close this search box.
Search
Close this search box.

പലിശരഹിത ബാങ്കിംഗിന് സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം- അമീര്‍

തിരൂര്‍: രാജ്യത്തെ വളര്‍ച്ചയിലേക്കും വികസനത്തിനും നയിക്കുന്നതിന് പലിശരഹിത ബാങ്കിംഗ് നടപ്പാക്കുന്നതിന് സര്‍ക്കാര്‍ ഇനിയും മടികാണിക്കരുതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്. സംസ്ഥാനത്തെ പലിശരഹിത അയല്‍കൂട്ടായ്മയുടെ സംസ്ഥാന നേതൃസംഗമം തിരൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ ബാങ്കിംഗ് സമ്പ്രദായം ദരിദ്രരുടെ പലിശ ബാധ്യത ഈടാക്കുന്നതിന് കിടപ്പാടം വരെ ജപ്തി ചെയ്യാന്‍ യാതൊരു മടിയും കാണിക്കുന്നില്ല. അതേ സമയം കോര്‍പ്പറേറ്റുകളുടെ കോടികളുടെ വായ്പകള്‍ എഴുതിത്തള്ളുകയും ചെയ്യുന്നു. ഇത് ദാരിദ്ര്യം കൂടുതല്‍ വര്‍ധിക്കുകയും സമ്പന്നരെ കൂടുതല്‍ സമ്പന്നരാക്കുകയും ചെയ്യുന്നു. ഇതിനെതിരായി ചൂഷണ മൂക്തമായ ബദലുകള്‍ വളര്‍ന്നു വരേണ്ടതുണ്ട്. അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങള്‍ പലിശരഹിത ബദലുകള്‍ പരീക്ഷിച്ച് നേട്ടം കൊയ്യുമ്പോള്‍ നമ്മുടെ രാജ്യം മുഖം തിരിച്ചു നില്‍ക്കുന്നത് ഖേദകരമാണ്. പ്രമുഖ സാഹിത്യകാരി കെ.പി. സുധീര സംഗമം ലോഗോ പ്രകാശനം ചെയ്തു. സമൂഹത്തില്‍ സ്ത്രീകള്‍ എത്രത്തോളം മാനിക്കപ്പെടുന്നു എന്നതാണ് സ്ത്രീ സ്വാതന്ത്ര്യത്തിന്റെ അളവുകോല്‍. അവരുടെ ആരോഗ്യം, അഭിമാനം എന്നിവ സംരക്ഷിക്കപ്പെടണം.
പരിപാടിയോടനുബന്ധിച്ച് നടന്ന സംരംഭക സദസ്സിന് ആരാമം വനിതാ മാസിക ന്യൂസ് എഡിറ്റര്‍ ഫൗസിയ ഷംസ് മോഡറേറ്ററായി. ഇന്‍ഫാക് ചെയര്‍മാന്‍ ടി.കെ. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍  പാര്‍ട്ടി സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം അധ്യക്ഷ എ.റഹ്മത്തുന്നിസ എന്നിവര്‍ സംസാരിച്ചു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി. മുജീബ്‌റഹ്മാന്‍ സമാപന പ്രസംഗം നടത്തി.  ഇന്‍ഫാക് ജനറല്‍ സെക്രട്ടറി എ. അബ്ദുല്ലത്തീഫ്  സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ അബ്ദുറഹീം പുത്തനത്താണി നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് പതിനാലാം രാവ് ഗായകരുടെ ഗാനവിരുന്നും ജബ്ബാര്‍ പെരിന്തല്‍മണ്ണയുടെ ഏകാംഗ നാടകവും നടന്നു.

 

Related Articles