Current Date

Search
Close this search box.
Search
Close this search box.

തഫവ്വുഖ് സമാപന സമ്മേളനം ഇ.ടി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും

മലപ്പുറം: കേരളത്തിലെ മതകലാലയ വിദ്യാര്‍ഥികളുടെ മത്സരമായ തഫവ്വുഖ് ഇസ്ലാമിക് കാമ്പസ് ഫെസ്റ്റിന്റെ സമാപനഘട്ട മത്സരങ്ങള്‍ക്ക് ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയയില്‍ ശനിയാഴ്ച്ച ആരംഭിക്കും. കേരളത്തിലെ ഇസ്ലാമിക മതകലാലയ വിദ്യാര്‍ഥികള്‍ മാറ്റുരക്കുന്ന വ്യത്യസ്ത കലാപരിപാടികള്‍ തഫവ്വുഖിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു. ഗ്രൂപ്പ് തല സ്റ്റേജ് ഇനങ്ങളായ നാടകം, കോല്‍ക്കളി, ദഫ്മുട്ട്, സംഗീത ശില്‍പം, ഖവാലി, സംഘഗാനം എന്നിവയും വ്യക്തിതല ഇനങ്ങളായ പ്രസംഗം, മാപ്പിളപാട്ട്, മോണോലോഗ്, ഖുര്‍ആന്‍ ക്ലാസ്, ഹദീസ് ക്ലാസ്, കഥാ പ്രസംഗം എന്നിവയുമാണ് മത്സരത്തിനായി നിശ്ചയിച്ചിട്ടുള്ളത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും 40-ലധികം കാമ്പസുകളില്‍ നിന്ന് 500- ഓളം വിദ്യാര്‍ഥികളാണ് കാമ്പസ് ഫെസ്റ്റില്‍ മാറ്റുരക്കുന്നത്. വിവിധ കാമ്പസുകളില്‍ നിന്നും 15 മുതല്‍ 23 വയസ്സ് വരെ പ്രായമുള്ള വിദ്യാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. മലയാളം, ഇംഗ്ലീഷ്, അറബി, ഉര്‍ദു എന്നി ഭാഷയിലുള്ള മത്സരങ്ങള്‍ക്ക് തഫവ്വുഖ് സാക്ഷ്യം വഹിക്കും.
ശനി, ഞായര്‍ ദിവസങ്ങളില്‍ അഞ്ച് വ്യത്യസ്ത വേദികളിലായാണ് പരിപാടികള്‍ നടക്കുന്നത്. ഓവറോള്‍ ചാമ്പ്യന്‍സ്, കലാപ്രതിഭ എന്നിവ പ്രഖ്യാപിച്ചുകൊണ്ടുള്ള സമാപന സമ്മേളനം  ഞായറാഴ്ച വൈകുന്നേരം 05 മണിക്ക് അല്‍ ജാമിഅ അല്‍ ഇസ്ലാമിയ കോളേജിന്റെ പ്രധാന വേദിയില്‍ നടക്കും. എം.പിയും കേരളത്തിന്റെ മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍ സമാപന സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് മത്സര വിജയികള്‍ക്കുള്ള സമ്മാന തുകയും ട്രോഫിയും വിതരണം ചെയ്യും. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് നഹാസ് മാള അധ്യക്ഷത വഹിക്കും. ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് എം സി നസീര്‍ പങ്കെടുക്കും.
ഒന്നും രണ്ടും ഘട്ടങ്ങളിലായി യഥാക്രമം തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലായി നടന്ന മത്സര വിജയികള്‍ക്കുള്ള സമ്മാന തുകയും ട്രോഫിയും സമാപന സമ്മേളനത്തില്‍ വിതരണം ചെയ്യുമെന്ന് തഫവ്വുഖ് ഡയറക്ടര്‍ തൗഫീഖ് മമ്പാട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.thafawuq.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ 9947 030 283, 8907 111 816, 9995 123 223 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.

Related Articles