Current Date

Search
Close this search box.
Search
Close this search box.

തങ്ങളുടെ ദേശീയത ചോദ്യം ചെയ്യുന്നവര്‍ക്കെതിരെ ബഹ്‌റൈനിലെ അല്‍ഇസ്‌ലാഹ്

മനാമ: രാജ്യത്തിന് അകത്തും പുറത്തുമുള്ള മാധ്യമങ്ങളുടെ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ബഹ്‌റൈനിലെ ജംഇയത്തുല്‍ ഇസ്‌ലാഹ് (Al Eslah Society). രാജ്യത്തിന്റെ ഉന്നതമായ താല്‍പര്യങ്ങള്‍ പരിഗണിച്ചും അതിന്റെ ഔദ്യോഗിക നേതൃത്വത്തെ അംഗീകരിച്ചും പ്രവര്‍ത്തിക്കുന്ന മിതനിലപാടുകളുള്ള ദേശീയ ഇസ്‌ലാമിക കൂട്ടായ്മയാണ് അല്‍ഇസ്‌ലാഹ് എന്ന് ഞായറാഴ്ച്ച പുറത്തുവിട്ട അതിന്റെ പ്രസ്താവന വ്യക്തമാക്കി. നിയമത്തിന്റെ ഭരണകൂടത്തിന്റെയും പരിധിക്കുള്ളില്‍ നിന്നു കൊണ്ട് ജനങ്ങളെ സേവിക്കുകയാണത് ചെയ്യുന്നതെന്നും പ്രസ്താവന പറഞ്ഞു.
ദേശീയതാല്‍പര്യങ്ങള്‍ക്ക് അനുഗുണമായ നിലപാടുകള്‍ കൊണ്ടും സന്തുലിത മധ്യമ നിലപാടുകള്‍ കൊണ്ടും സുപരിചിതമായ ജംഇയത്തുല്‍ ഇസ്‌ലാഹിനെതിരെ ചിലര്‍ ഉയര്‍ത്തിയിരിക്കുന്ന ആരോപണം ദുഖകരമാണെന്ന് അതിന്റെ അധ്യക്ഷന്‍ അബ്ദുലതീഫ് ശൈഖ് പറഞ്ഞു. സൊസൈറ്റിയുടെ തീരുമാനങ്ങള്‍ സ്വതന്ത്രമാണെന്നും രാഷ്ട്രത്തിന്റെയും അതിന്റെ ഔദ്യോഗിക നേതൃത്വത്തിന്റെയും താല്‍പര്യങ്ങളുമായിട്ടാണ് അത് ബന്ധപ്പെട്ടു കിടക്കുന്നതെന്നും അദ്ദേഹം ശ്രദ്ധയില്‍ പെടുത്തി. രാജ്യത്തെ നിയമങ്ങളെയും, രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും നിലനിര്‍ത്തുന്നതിനും വൈദേശിക ഇടപെടലുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനും അതിന്റെ രാഷ്ട്രീയ നേതൃത്വം സ്വീകരിക്കുന്ന നിലപാടുകളെയും ജംഇയത്തുല്‍ ഇസ്‌ലാഹ് ആദരിക്കുകയും പാലിക്കുകയും ചെയ്യുന്നു. ആദരണീയമായ ആല്‍ ഖലീഫ ഭരണത്തിന്റെ ഭരണഘടനാപരമായ സാധുതയെയും അതംഗീകരിക്കുന്നു. ജംഇയ്യത്തിനെ അപകീര്‍ത്തിപ്പെടുത്തുകയും അതിന്റെ ദേശീയതയില്‍ ആക്ഷേപം രേഖപ്പെടുത്തുകയും സംശയം ഉയര്‍ത്തുകയും ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള അവകാശം അതിന്നുണ്ട്. അതിനെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നത് രാജ്യത്തിന് നിയമങ്ങളുടെ വ്യക്തമായ ലംഘനമാണ്. കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ശ്രദ്ധേയമായ സംഭാവനകളാണ് ജംഇയ്യത്ത് രാജ്യത്തിന് വേണ്ടി അര്‍പിച്ചിട്ടുള്ളത്. എന്നും അദ്ദേഹം വിശദീകരിച്ചു.
1941 മേയില്‍ രൂപീകരിക്കപ്പെട്ട ജംഇയത്തുല്‍ ഇസ്‌ലാഹ് ബഹ്‌റൈനിലെ ഏറ്റവും പഴക്കം ചെന്ന കൂട്ടായ്മകളില്‍ ഒന്നാണ്. ചിന്താപരമായി മുസ്‌ലിം ബ്രദര്‍ഹുഡിനോടാണ് അവരുടെ ബന്ധമെന്ന് ചിലര്‍ പറയുന്നുണ്ട്. ഇസ്‌ലാമിക പ്രബോധനം, ബോധവല്‍കരണം, വിദ്യാഭ്യാസം, സഹായം തുടങ്ങിയ മേഖലകള്‍ക്കാണ് അല്‍ഇസ്‌ലാഹ് ഊന്നല്‍ നല്‍കുന്നത്. ജംഇയ്യത്തുല്‍ മിമ്പറുല്‍ ഇസ്‌ലാമി എന്ന അതിന്റെ രാഷ്ട്രീയ വിഭാഗത്തിലൂടെ രാഷ്ട്രീയ രംഗത്തും അത് സജീവമാണ്.

Related Articles