Current Date

Search
Close this search box.
Search
Close this search box.

ഗോ സംരക്ഷണത്തിന്റെ പേരില്‍ നിയമം കയ്യിലെടുക്കാന്‍ അനുവദിക്കരുത്: ജമാഅത്തെ ഇസ്‌ലാമി

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ദലിത് യുവാക്കള്‍ക്കെതിരെ നടന്ന ക്രൂര മര്‍ദനത്തെ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ശക്തമായി അപലപിച്ചു. കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും ഇരകളുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും ജമാഅത്തെ ഇസ്‌ലാമി ഗുജറാത്ത് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ചത്ത പശുവിന്റെ തോല്‍ ഉരിച്ചെന്നാരോപിച്ച് ഗുജറാത്തിലെ ഗീര്‍ സോമനാഥ് ജില്ലയിലെ ഉനയില്‍ ഗോസംരക്ഷകരാല്‍ നാല് യുവാക്കള്‍ ക്രൂരമായി മര്‍ദിക്കപ്പെട്ട സംഭവം ദുഖകരമാണ്. ഇരയാക്കപ്പെട്ടവരെ ഗോസംരക്ഷകര്‍ ഒരു വാഹനവുമായി ബന്ധിച്ച് യാതൊരു ദയയുമില്ലാതെ മര്‍ദിക്കുന്നതിന്റെ വീഡിയോ സാക്ഷ്യങ്ങളും വാര്‍ത്തകള്‍ക്കൊപ്പം സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിട്ടുണ്ട്. അങ്ങേയറ്റം അപലപനീയമായ പ്രവര്‍ത്തനം നടത്തിയ അക്രമികള്‍ക്കെതിരെ കേസെടുക്കണം. എന്ന് ജമാഅത്തെ ഇസ്‌ലാമി ജനറല്‍ സെക്രട്ടറി മുഹമ്മദ് സലീം എഞ്ചിനീയര്‍ പറഞ്ഞു.
കുറ്റവാളികളെ ഉടന്‍ അറസ്റ്റു ചെയ്യുകയും ഇരകളുടെ കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുകയും ചെയ്യണമെന്നാണ് ഞങ്ങള്‍ ഗുജറാത്ത് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഗോ സംരക്ഷണത്തിന്റെ പേരില്‍ നിയമം കയ്യിലെടുക്കുകയും സാമുദായിക സൗഹാര്‍ദം തകര്‍ക്കുകയും ചെയ്യുന്ന ഗോസംരക്ഷകരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ തടയിടണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സംഭവത്തില്‍ പ്രതിഷേധിച്ച് ഗുജറാത്തില്‍ ദലിത് സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പ്രതിഷേധമാണ് സംഭവത്തിനെതിരെ ഉയര്‍ന്നിരിക്കുന്നത്. പ്രതിഷേധ പരിപാടികള്‍ക്കിടെ 13 യുവാക്കള്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഗോസംരക്ഷകരെന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ട് ഒരു സംഘം 4 തുകല്‍പണിക്കാരെ കെട്ടിയിട്ട് മര്‍ദിക്കുകയും ദൃശ്യങ്ങള്‍ മുന്നറിയിപ്പെന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതോടെയാണ് പ്രതിഷേധം ശക്തമായത്. വിഡിയോയിലൂടെ അക്രമികളെ തിരിച്ചറിഞ്ഞ പൊലീസ് സംഭവത്തിനുത്തരവാദികളായ എട്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ദലിത് സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധം പലയിടത്തും അക്രമാസക്തമായി തന്നെ തുടരുകയാണ്.

Related Articles