Current Date

Search
Close this search box.
Search
Close this search box.

ഗസ്സയുടെ ഭരണം ദഹ്‌ലാനെ ഏല്‍പിക്കാന്‍ ഈജിപ്തും യു.എ.ഇയും ഇസ്രയേലും: ഹാരെറ്റ്‌സ്

തെല്‍അവീവ്: ഹമാസ് ഭരണം നടത്തുന്ന ഗസ്സയുടെ ഭരണത്തിന് പുതിയ സംവിധാനം ഒരുക്കാന്‍ യു.എ.ഇയും ഈജിപ്തും ഇസ്രയേലും ഒരുക്കങ്ങള്‍ നടത്തുന്നതായി ഇസ്രയേല്‍ പത്രമായ ഹാരെറ്റ്‌സിന്റെ വെളിപ്പെടുത്തല്‍. ഫതഹ് പാര്‍ട്ടിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട നേതാവ് മുഹമ്മദ് ദഹ്‌ലാനെ ഗസ്സയിലെ ഭരണകൂടത്തിന്റെ ചുമതല ഏല്‍പിക്കാനും ഇസ്രയേലും ഈജിപ്തും ഗസ്സക്ക് മേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധങ്ങളില്‍ മിക്കതും ഒഴിവാക്കാനുമാണ് അതുകൊണ്ടുദ്ദേശിക്കുന്നതെന്നും പത്രം വിശദമാക്കി. ഗസ്സയിലെ രണ്ട് ലക്ഷത്തോളം ഫലസ്തീനികള്‍ക്കുള്ള വൈദ്യുതി വിതരണം ഇസ്രയേല്‍ മണിക്കൂറുകളില്‍ പരിമിതപ്പെടുത്തിയിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കമെന്ന് പത്രത്തിലെ ഫലസ്തീന്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സെവി ബാരിയെല്‍ പറഞ്ഞു. ദഹ്‌ലാനെ ഗസ്സ ഭരണകൂടത്തിന്റെ ചുമതല ഏല്‍പിക്കാനും ഗസ്സക്ക് മേലുള്ള ഉപരോധം ഒഴിവാക്കുന്നതും സംബന്ധിച്ച ചര്‍ച്ചകള്‍ പ്രാദേശിക തലത്തില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
മേല്‍പറഞ്ഞ രാഷ്ട്രീയ പദ്ധതി വിജയം കണ്ടാല്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഒരു കോണിലേക്ക് ഒതുക്കപ്പെടുകയും ദഹ്‌ലാന്‍ ആ സ്ഥാനം കൈയ്യടക്കുകയും ചെയ്യുമെന്നും ഗസ്സക്കും വെസ്റ്റ്ബാങ്കിനും ഇടയിലെ പിളര്‍പ്പ് പൂര്‍ണാര്‍ഥത്തിലാക്കുന്ന ഈ പദ്ധതി ഇസ്രയേലിന്റെയും ഈജിപ്തിന്റെയും രാഷ്ട്രീയ സ്വപ്‌നങ്ങളാണ് സാക്ഷാല്‍കരിക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സീനായിലെ സായുധ ആക്രമണങ്ങള്‍ക്ക് തടയിടലും തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് ഗസ്സയില്‍ വിപണി കണ്ടെത്തലുമാണ് ഈജിപ്ത് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഇസ്രയേല്‍ പ്രതിരോധ മന്ത്രി അവിഗ്ദര്‍ ലിബര്‍മാനുമായി അടുത്ത ബന്ധമുള്ള ദഹ്‌ലാന് ഗസ്സയുടെ ചുമതല ഏല്‍പിക്കുന്നതിന് പിന്നിലെ ഇസ്രയേല്‍ താല്‍പര്യം വിശദീകരണം ആവശ്യമില്ലാത്തതാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles