Current Date

Search
Close this search box.
Search
Close this search box.

ഗസ്സയില്‍ മാവി മര്‍മറ കപ്പല്‍ ആക്രമണം അനുസ്മരിച്ചു

ഗസ്സ: തുര്‍ക്കിയുടെ മാവി മര്‍മറ കപ്പല്‍ ഇസ്രയേല്‍ ആക്രമിച്ചതിന്റെ ഏഴാം വാര്‍ഷികം അനുസ്മരിച്ച് ഗസ്സയിലെ ടര്‍ക്കിഷ് എന്‍.ജി.ഒ IIH (IHH Humanitarian Relief Foundation) പരിപാടി സംഘടിപ്പിച്ചു. 2010ല്‍ ഗസ്സക്ക് മേലുള്ള ഉപരോധം ലംഘിക്കാന്‍ പുറപ്പെട്ട മാവി മര്‍മറ കപ്പല്‍ ഇസ്രയേല്‍ ആക്രമിക്കുകയായിരുന്നു. ഗസ്സ തുറമുഖത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ഫലസ്തീന്റെയും തുര്‍ക്കിയുടെയും കൊടികൊള്‍ക്കൊപ്പം ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളും പേരുകളും അടങ്ങിയ വലിയ ബോര്‍ഡും പ്രദര്‍ശിപ്പിച്ചിരുന്നു.
പരിപാടിയില്‍ IHHന് കീഴിലുള്ള ഓട്ടോമന്‍ കള്‍ച്ചറല്‍ സെന്ററിലെ ഫലസ്തീന്‍ കുട്ടികള്‍ മാവി മര്‍മറ കപ്പല്‍ ആക്രമണം സംബന്ധിച്ച നാടകവും അവതരിപ്പിച്ചു. ലോകം മുഴുവന്‍ നോക്കിനില്‍ക്കെ അന്താരാഷ്ട്ര ജലഅതിര്‍ത്തിയില്‍ കൊല്ലപ്പെട്ട ഫ്രീഡം ഫ്‌ളോട്ടില്ലയിലെ രക്തസാക്ഷികളുടെ ഓര്‍മ ഏഴാം വര്‍ഷവും തങ്ങള്‍ പുതുക്കുകയാണെന്ന് ഗസ്സയിലെ IHH ഡയറക്ടര്‍ മുഹമ്മദ് കായാ പറഞ്ഞു. മാവി മര്‍മറ രക്തസാക്ഷികളെ മറക്കാന്‍ ഫലസ്തീനികള്‍ക്കാവില്ലെന്നും അവരുടെ മനസ്സുകളില്‍ എന്നെന്നും അവര്‍ നിലനില്‍ക്കുമെന്നും അതിനോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഗസ്സയിലെ ജീവിതം അനുദിനം കൂടുതല്‍ ദുസ്സഹമായി കൊണ്ടിരിക്കുകയാണെന്നും ഫലസ്തീന്‍ ജനത ഉപരോധത്തിന്റെ ദുരിതം പേറുകയാണെന്നും അതുകൊണ്ട് ഗസ്സക്കാരെ സഹായിച്ച് ഉത്തരവാദിത്തം നിര്‍വഹിക്കണമെന്ന് അറബ് മുസ്‌ലിം രാഷ്ട്രങ്ങളോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
2010 മേയ് 31നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഗസ്സയിലേക്ക് സഹായവുമായി പോവുകയായിരുന്ന മാവി മര്‍മറ എന്ന കപ്പല്‍ ഫലസ്തീന്‍ അതിര്‍ത്തിയില്‍ എത്തുന്നതിന് മുമ്പ് ഇസ്രായേല്‍ സൈനികര്‍ തടയുകയും, അതിലുണ്ടായിരുന്ന പത്ത് ആക്ടിവിസ്റ്റുകളെ വെടിവെച്ച് കൊല്ലുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇസ്രായേല്‍തുര്‍ക്കി ബന്ധം തകരുകയും ഇരുരാജ്യങ്ങളും തങ്ങളുടെ അംബാസഡര്‍മാരെ തിരിച്ച് വിളിക്കുകയും ചെയ്തിരുന്നു. പിന്നീട് 2013ല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു അന്നത്തെ തുര്‍ക്കിഷ് പ്രധാനമന്ത്രിയായിരുന്ന എര്‍ദോഗാനോട് മാപ്പ് പറഞ്ഞിരുന്നു.

Related Articles