Current Date

Search
Close this search box.
Search
Close this search box.

ഗസ്സയിലെ വൈദ്യുതി ബന്ധം ഇസ്രായേല്‍ വിഛേദിച്ചു

ഗസ്സ സിറ്റി: ഗസ്സയിലെ വൈദ്യുതി വിതരണം ഇസ്രായേല്‍ വിഛേദിച്ചു. സാമ്പത്തികനില ദിനേന വഷളായിക്കൊണ്ടിരിക്കുന്ന ഗസ്സയിലെ തീരദേശ പ്രദേശത്തേക്കുള്ള വൈദ്യുതി വിതരണമാണ് പണമടക്കാത്തതിന്റെ പേരില്‍ തടസ്സപ്പെടുത്തിയത്.

ഇസ്രായേലിന്റെ നിലപാടിനെതിരേ ഗസ്സ മുനമ്പില്‍ നൂറുകണക്കിനാളുകളാണ് പ്രതിഷേധ റാലി നടത്തിയത്. ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസും ഹമാസും ഇസ്രായേലിനോട് വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇസ്രായേല്‍ മറുപടി നല്‍കിയിട്ടില്ല.

വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാന്‍ 2.8 മില്യണ്‍ ഡോളര്‍ ഫീസ് അടക്കണമെന്നാണ് ഇസ്രായേല്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, വൈദ്യുതി ബില്‍ ഗസ്സ ആസ്ഥാനമായുള്ള ഇലക്ട്രിസിറ്റി കമ്പനി അടക്കുമെന്നാണ് ഫലസ്തീന്‍ സര്‍ക്കാര്‍ വിശ്വസിക്കുന്നത്.

2006 മുതല്‍ അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ ആണ് വൈദ്യുതി വിതരണം ചെയ്യുന്നത്. ഇവിടെ ഫലസ്തീന്‍ അതോറിറ്റിയുടെ നിയന്ത്രണത്തിലാണ് ഭരണം.
2017 ജൂണില്‍ ഫലസ്തീന്‍ അതോറിറ്റി ഇസ്രായേലിനോട് വൈദ്യുതി വിതരണം 40 ശതമാനം കുറക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

ഗസ്സയിലെ ഹമാസിനെതിരേയുള്ള നീക്കത്തിന്റെ ഭാഗമായായിരുന്നു ഇങ്ങനെ ആവശ്യപ്പെട്ടത്. ആറു മുതല്‍ എട്ടു മണിക്കൂര്‍ വരെയുണ്ടായിരുന്ന വൈദ്യുതി വിതരണമാണ് നാലു മണിക്കൂറാക്കി ചുരുക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഗസ്സയിലേക്കുള്ള വൈദ്യുതി വിതരണം പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്. സംഭവത്തില്‍ യു.എന്‍ ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് ഗസ്സയിലെ അടിസ്ഥാന സേവനങ്ങള്‍ തടസ്സപ്പെടുന്നതിനും മൊത്തം തകര്‍ച്ചക്കും കാരണമാകുമെന്നുമാണ് യു.എന്‍ പ്രതികരിച്ചത്.

 

Related Articles