Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ കാലിഗ്രഫി; ജസീം എഴുതിച്ചേര്‍ക്കുന്നത് ഗിന്നസ് റെക്കോര്‍ഡ് 

കോഴിക്കോട്:  ‘ചെറുപ്പത്തില്‍ തന്നെ ഖുര്‍ആന്‍ കയ്യെഴുത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നെങ്കിലും അന്നതിന് സാഹചര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ സ്‌കൂള്‍ പഠനത്തിന് ശേഷം നീണ്ട 12 വര്‍ഷത്തെ ദര്‍സ് പഠനകാലത്താണ് കാലിഗ്രഫി മേഖല പരിചയപ്പെടുന്നതും അതിന്റെ നിയമങ്ങള്‍ തിരിച്ചറിയുകയും ചെയ്യുന്നത്’-കോഴിക്കോട് കോതി ബീച്ചില്‍ ഗിന്നസ് റെക്കോര്‍ഡ് നേട്ടം ലക്ഷ്യമാക്കി ഖുര്‍ആന്‍ കയ്യെഴുത്ത് പ്രദര്‍ശനം നടത്തുന്ന മുഹമ്മദ് ജസീം പറയുന്നു. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജില്‍ ഒന്നാം വര്‍ഷ ഉപരി പഠന വിദ്യാര്‍ഥിയാണ് മുഹമ്മദ് ജസീം.

ലോകത്തെ ഏറ്റവും നീളമേറിയ ഖുര്‍ആന്‍ കാലിഗ്രഫി തയാറാക്കി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലേക്ക് കടക്കാനിരിക്കുകയാണ് ഈ 22 കാരന്‍. ജസീമിന്റെ അപാരമായ കഴിവിനെ കാണാന്‍ നിരവധി പേരാണ് ബീച്ചില്‍ തടിച്ചുകൂടിയിട്ടുള്ളത്. വിദ്യാര്‍ഥികളും വഴിയാത്രക്കാരും സഹപാഠികളുമടങ്ങുന്ന സംഘങ്ങള്‍ ഖുര്‍ആന്‍ കാലിഗ്രഫി കാണുകയും അതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തിരക്കുകയും ചെയ്യുന്നു.

1990 ഐവറി കാര്‍ഡുകളില്‍ നസ്ഖ് കാലിഗ്രാഫിക് ലിപിയില്‍ ജര്‍മ്മന്‍ നിര്‍മ്മിത സിഗ് കാലിഗ്രാഫി പേന ഉപയോഗിച്ച് പൂര്‍ണമായി കറുപ്പ് നിറത്തിലാണ് വിശുദ്ധ ഖുര്‍ആന്‍ എഴുതിയിരിക്കുന്നത്. 1,104.45 മീറ്റര്‍ നീളമുള്ള ഖുര്‍ആന്‍, 2020 ആഗസ്റ്റ് 22(മുഹറം 10 )നാണ് കാലിഗ്രഫിയില്‍ എഴുതിത്തുടങ്ങിയത്. രണ്ടുവര്‍ഷത്തോളമെടുത്ത് തയ്യാറാക്കിയ ഇതിന് ഏകദേശം 1,700,00 രൂപ ചിലവ് വന്നിട്ടുള്ളത്.

എല്ലാ പേജുകളും ഓരോന്നായി മടക്കി അടുക്കിയാല്‍ 75 സെന്റീമീറ്റര്‍ ഉയരവും 34 സെന്റീമീറ്റര്‍ വീതിയും 118.300 കിലോഗ്രാം ഭാരവുമാണുള്ളത്. ഈ ഖുര്‍ആനില്‍ ആകെ 3,25384 അറബി അക്ഷരങ്ങളും 7,7437 അറബി വാക്കുകളും 1,14 അധ്യായങ്ങളും 6,348 ആയത്തുകളും ഉണ്ട്. ആകെ 30 ജുസ്ഉകളില്‍ ഒരു ജുസ്അ് പൂര്‍ത്തിയാക്കാന്‍ ഏതാണ്ട് 6,575 പേജുകളാണ് വേണ്ടി വന്നത്. എല്ലാ പേജിലും ശരാശരി വരികള്‍ എഴുതി തീര്‍ക്കാന്‍ ഏകദേശം 45 മിനുറ്റാണ് ആവശ്യമായി വന്നത്. ആദ്യ മൂന്ന് പേജുകള്‍ ഇസ്ലാമിക് ആര്‍ട്ട് ശൈലിയില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ്.

കോതി ബീച്ചില്‍ നടന്ന പരിപാടിയില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍, മന്ത്രി. അഹമ്മദ് ദേവര്‍കോവില്‍, പി കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, അബ്ദുല്‍ വഹാബ് എം.പി, ഹംസ ഹൈതമി, ളിയാഉദ്ദീന്‍ ഫൈസി, മുഹമ്മദലി ശിഹാബ് ഫൈസി, ഉമര്‍ ഫൈസി മുടിക്കോട്, മുസ്തഫ ഫൈസി മുടിക്കോട്, സുലൈമാന്‍ ഫൈസി ചുങ്കത്തല, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, അബ്ദുല്ലത്തീഫ് ഫൈസി, സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, ഹാശിറലി ശിഹാബ് തങ്ങള്‍, മുജ്തബ ഫൈസി, ഹാഫിള് സല്‍മാന്‍ ഫൈസി,സത്താര്‍ പന്തല്ലൂര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. മലപ്പുറം തിരൂരങ്ങാടി ചെറുമുക്ക് മാട്ടുമ്മല്‍ മുഹ്യുദ്ദീന്‍, ആസിയ ദമ്പതികളുടെ മകനാണ് മുഹമ്മദ് ജസീം.

Related Articles