Current Date

Search
Close this search box.
Search
Close this search box.

കേരള മുസ്‌ലിം നവോത്ഥാന നായകരുടെ സംഭാവനകള്‍ കാലത്തെ അതിജയിക്കുന്നത്

യാമ്പു: പതിറ്റാണ്ടുകള്‍ക്ക് മുമ്പേ കേരള മുസ്‌ലിം നവോത്ഥാന നായകന്മാര്‍ നാടിന് നല്‍കിയ സംഭാവനകള്‍ കാലങ്ങളെ അതിജയിക്കുന്നതാണെന്നും മുസ്‌ലിം സമുദായം ഉള്‍പ്പെടെ പ്രാന്തവല്‍കൃത സമൂഹങ്ങളെ കൈപിടിച്ചുയര്‍ത്താന്‍ ഇച്ഛാശക്തിയുള്ള രാഷ്ട്രീയ ചുവടുവെപ്പുകള്‍ അനിവാര്യമാണെന്നും ‘കേരളത്തിന് 60 വയസ്: നവകേരള നിര്‍മിതി യിലെ മുസ്‌ലിം പ്രാതിനിധ്യം’ എന്ന തലക്കെട്ടില്‍ സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ യാമ്പു കമ്മിറ്റി സംഘടിപ്പിച്ച ടേബിള്‍ ടോക്ക് അഭിപ്രായപ്പെട്ടു. കേരളം എത്തിനില്‍ക്കുന്ന പുരോഗതിയില്‍ വക്കം അബ്ദുല്‍ഖാദര്‍ മൗലവി, മണപ്പാട്ട് കുഞ്ഞിമുഹമ്മദ്, സീതി സാഹിബ്, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, ഇ. മൊയ്തു മൗലവി, ടി.ഉബൈദ്, വൈക്കം മുഹമ്മദ് ബഷീര്‍ തുടങ്ങിയ പരിഷ്‌കര്‍ത്താക്കളുടെ മഹിതമായ സംഭാവനകള്‍ മഹത്തരമാണ്. കേരളം നവോത്ഥാനത്തിന്റെ വഴിയില്‍ വളരെയേറെ മുന്നേറിക്കഴിഞ്ഞിരിക്കുന്നു. ഇന്നത്തെ ഈ വളര്‍ച്ചക്ക് കാരണഭൂതരായവരുടെ ചരിത്രം അവഗണിക്കുവാനും കാവിവത്ക്കരിക്കുവാനും ചില തല്‍പരകക്ഷികള്‍ ശ്രമിക്കുന്ന കുത്സിത ശ്രമങ്ങള്‍ക്കെതിരെ യോജിച്ച പ്രവര്‍ത്തനങ്ങള്‍ അനിവാര്യ മാണെന്നും ടേബിള്‍ ടോക്കില്‍ സംസാരിച്ചവര്‍ പറഞ്ഞു.
വിവിധ പ്രവാസി സംഘടനകളെ പ്രതിനിതീകരിച്ച് അബ്ദുല്‍ മജീദ് സുഹ്‌രി (ജാലിയാത്ത് പ്രബോധകന്‍), അബൂബക്കര്‍ മേഴത്തൂര്‍ (യാമ്പു ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍), അഷ്‌ക്കര്‍ വണ്ടൂര്‍, സിദ്ധീഖുല്‍ അക്ബര്‍ (ഒ.ഐ.സി.സി), അബ്ദുല്‍ കരീം പുഴക്കാട്ടിരി, സലാം അത്താണിക്കല്‍( കെ.എം.സി.സി), അബൂബക്കര്‍ കുറ്റിപ്പുറം (തനിമ സാംസ്‌കാരിക വേദി ), അനീസുദ്ദീന്‍ ചെറുകുളമ്പ് ( യാമ്പു ഇന്ത്യന്‍ മീഡിയാ ഫോറം), ഫമീര്‍ (സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വിദ്യാഭ്യാസ,സഹകരണ, പത്ര പ്രവര്‍ത്തന,വിപ്ലവ മേഖലകളില്‍ തനതായ വ്യക്തിത്വം സൃഷ്ടിച്ച ഉദാരമതികളായ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് മുന്നേറണമെന്ന് ടേബിള്‍ ടോക്ക് പൊതു സമൂഹത്തോട് ആഹ്വാനം ചെയ്തു. ഷൈജു എം സൈനുദ്ദീന്‍ മോഡറേറ്ററായിരുന്നു. മുബാറക്ക് ഹംസ വിഷയാവതരണം നടത്തി. സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ യാമ്പു ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് സ്വാഗതവും ഹര്‍ഷദ് പി.എന്‍ നന്ദിയും പറഞ്ഞു.

Related Articles