Current Date

Search
Close this search box.
Search
Close this search box.

ഉസ്‌ബെസ്‌കിസ്താന്‍ പ്രസിഡന്റ് ഇസ്‌ലാം കരിമോവ് അന്തരിച്ചു

താഷ്‌കന്ദ്: കഴിഞ്ഞ ദിവസം മരണപ്പെട്ട ഉസ്‌ബെസ്‌കിസ്താന്‍ പ്രസിഡന്റ് ഇസ്‌ലാം കരിമോവിന്റെ ജനാസ നമസ്‌കാരം അദ്ദേഹത്തിന്റെ ജന്മനാടായ സമര്‍ഖന്ദില്‍ നടക്കുമെന്ന് ഉസ്‌ബെസ്‌കിസ്താന്‍ ഭരണകൂടം വ്യക്തമാക്കി. പ്രധാനമന്ത്രി ഷൗക്കത്ത് മിര്‍സിയോയേവാണ് അന്ത്യകര്‍മ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക.  അദ്ദേഹം കരിമോവിന്റെ പിന്‍ഗാമിയായി മാറുമെന്നതിന്റെ സൂചനകൂടിയാണത്. മരണപ്പെടുമ്പോള്‍ 78 വയസ്സായിരുന്നു കരിമോവിന്. 25 വര്‍ഷത്തോളം ഭരണം നടത്തിയ അദ്ദേഹം മധ്യേഷ്യയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായതായി വെള്ളിയാഴ്ച്ച രാവിലെ ഉസ്‌ബെക് ഭരണകൂടം അറിയിച്ചിരുന്നു.
കരിമോവിന്റെ വിയോഗം ഭീമമായ നഷ്ടമാണുണ്ടാക്കുന്നതെന്ന് അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിച്ചു കൊണ്ട് റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിന്‍ പറഞ്ഞു. തുര്‍ക്കി, ജോര്‍ജിയ, ഇറാന്‍ തുടങ്ങിയ രാഷ്ട്രങ്ങളും അനുശോചനം രേഖപ്പെടുത്തി.
1938 ജനുവരി 30ന് സമര്‍ഖന്ദ് നഗരത്തില്‍ ജനിച്ച കരിമോവ് അനാഥാലയത്തിലാണ് വളര്‍ന്നത്. പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹം സോവിയറ്റ് ഉസ്‌ബെസ്‌കിസ്താന്റെ പ്രസിഡന്റ് സ്ഥാനത്തെത്തി. 1991ല്‍ രാജ്യം സ്വാതന്ത്ര്യം നേടിയതിന് ശേഷവും എതിരാളികളെയെല്ലാം ഒതുക്കി അധികാരം നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. കരിമോവ് എല്ലായ്‌പ്പോഴും തെരെഞ്ഞെടുപ്പില്‍ കൃത്രിമത്വം കാണിക്കാറുണ്ടെന്നാണ് വിവിധ എന്‍.ജി.ഒകള്‍ ആരോപിക്കുന്നത്. നൂറുകണക്കിന് പ്രതിപക്ഷാംഗങ്ങളെ അറസ്റ്റ് ചെയ്യുകയും ജയിലുകളില്‍ പീഡിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന ആരോപണവും അദ്ദേഹത്തിനെതിരെ ഉയര്‍ത്തപ്പെട്ടിട്ടുണ്ട്.

Related Articles