Current Date

Search
Close this search box.
Search
Close this search box.

ഉത്തരകൊറിയന്‍ അഭയാര്‍ത്ഥികളെ കാനഡ നാടുകടത്തുന്നു

ഒട്ടാവ: അഭയം തേടി കാനഡയിലെത്തിയ ഉത്തരകൊറിയന്‍ അഭയാര്‍ത്ഥികളെ രാജ്യം നാടു കടത്തുന്നു. ദക്ഷിണകൊറിയ വഴി കാനഡയിലെത്തിയ അഭയാര്‍ത്ഥികളെയാണ് അധികൃതര്‍ തിരിച്ചയക്കുന്നത്. 2013 മുതല്‍ ഇതുവരെയായി രണ്ടായിരത്തോളം അഭയാര്‍ത്ഥികളെയാണ് കാനേഡിയന്‍ സര്‍ക്കാര്‍ മടക്കിയയച്ചത്. അഭയാര്‍ത്ഥികള്‍ക്ക് നല്‍കിയ അപേക്ഷ ഫോറത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതിന്റെ പേരിലാണ് മടക്കിയയച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. മറ്റു 150 പേരെയും നാടുകടത്താനുള്ള ഒരുക്കത്തിലാണ്.

11 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുടുംബസമേതം കാനഡയിലെത്തുകയും തുടര്‍ന്ന് കാനഡയുടെ പൗരത്വം സ്വന്തമാക്കുകയും ചെയ്ത നിരവധി കുടുംബങ്ങളാണ് ഭീഷണി നേരിടുന്നത്. ഇവര്‍ക്ക് കുടുംബവുമായി തിരിച്ചു നാട്ടിലേക്കു പോകുന്നത് ദുരിതമയമാണ്.

‘രാജ്യം വിടണമെന്നു തനിക്കു ലഭിച്ച നോട്ടീസ് മരണത്തിനു തുല്യമാണെന്ന് ഉത്തരകൊറിയന്‍ അഭയാര്‍ത്ഥിയായ തെയ്ഗന്‍ കിം പറഞ്ഞു.  മെച്ചപ്പെട്ട ഒരു ജീവിതത്തിനായാണ് താന്‍ ഇവിടെയെത്തിയത്, എന്റെ കുടുംബം കാനഡയുടെ ജീവിതരീതിയുമായി വളരെയേറെ പൊരുത്തപ്പെട്ടിട്ടുണ്ട്. തങ്ങളെ ഇവിടെ നിന്നും വേര്‍പ്പെടുത്താന്‍ പോകുകയാണെന്ന വാര്‍ത്ത എന്റെ ഹൃദയം തകര്‍ത്തു കളഞ്ഞു’. അദ്ദേഹം പറഞ്ഞു.

ഇമിഗ്രേഷന്‍ നടപടി എളുപ്പമാക്കുന്നതിന്റെ ഭാഗമായി അഭയാര്‍ത്ഥികള്‍ ഉത്തരകൊറിയയില്‍ നിന്നല്ല ചൈനയില്‍ നിന്നുള്ളവരാണെന്ന തെറ്റായ വിവരമാണ് നല്‍കിയത്. ‘ഭയാനകമായ സാഹചര്യം ഒഴിവാക്കാനാണ് തങ്ങള്‍തെറ്റായ വിവരം നല്‍കിയത്. ഇങ്ങനെ കളവു പറഞ്ഞതില്‍ ഇപ്പോള്‍ തങ്ങള്‍ക്കു നിരാശയുണ്ടെന്നും തങ്ങളുടെ മക്കളെ വേര്‍പിരിയേണ്ടി വരുമോയെന്ന ഭയമുണ്ടെന്നും’ തെയ്ഗന്‍ കിം കൂട്ടിച്ചേര്‍ത്തു.

 

Related Articles