Current Date

Search
Close this search box.
Search
Close this search box.

ഇസ്രയേല്‍ സൈനികന്റെ ശിക്ഷ അംഗീകരിക്കാനാവില്ല: ഐക്യരാഷ്ട്രസഭ

ന്യൂയോര്‍ക്ക്: അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ പരിക്കേറ്റ ഫലസ്തീനിയെ കൊലപ്പെടുത്തിയ ഇസ്രയേല്‍ സൈനികനെതിരെ വിധിച്ചിരിക്കുന്ന 18 മാസത്തെ തടവ് ശിക്ഷ മതിയാതല്ലെന്നും അതുകൊണ്ട് തന്നെ അംഗീകരിക്കാനാവില്ലെന്നും ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കമ്മീഷന്‍. പരിക്കേറ്റ ഫലസ്തീനിയെ നിയമവിരുദ്ധമായ കൊലപ്പെടുത്തിയ സൈനികന് കഴിഞ്ഞ ആഴ്ച്ച ഇസ്രയേല്‍ സൈനിക കോടതി വിധിച്ചിരിക്കുന്ന ശിക്ഷ അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷന്‍ വക്താവ് രവീണ ഷമദ്‌സാനി പറഞ്ഞു. യാതൊരുവിധ അപകടവും ഉയര്‍ത്താത്ത നിരായുധനായ ഒരാളെ കൊലപ്പെടുത്തിയത് എക്‌സ്ട്രാ ജുഡീഷ്യല്‍ കൊലപാതകത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണെന്നും അവര്‍ സൂചിപ്പിച്ചു. കേസിലെ വിധി ശിക്ഷയില്‍ നിന്ന് ഊരിപ്പോകുന്ന സംസ്‌കാരമാണ് വളര്‍ത്തുകയെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
ബോധപൂര്‍വമല്ലാതെ ഒരാളെ കൊലപ്പെടുത്തിയാല്‍ ഇസ്രയേലില്‍ അതിനുള്ള ശിക്ഷ ഇരുപത് വര്‍ഷം വരെ തടവാണ്. 2016 മാര്‍ച്ച് 24ന് ഹെബ്രോണില്‍ ഗുരുതരമായി പരിക്കേറ്റ് നിലത്തുവീണ അബ്ദുല്‍ ഫത്താഹ് ശരീഫിന്റെ തലക്ക് വെടിവെക്കുകയാണ് എലോര്‍ അസാരിയ എന്ന ഇസ്രയേല്‍ സൈനികന്‍ ചെയ്തതെന്നും അവര്‍ വിവരിച്ചു. 2015 സെപ്റ്റംബറിന് ശേഷം ഇസ്രയേല്‍ സേന ഇരുന്നൂറില്‍ പരം ഫലസ്തീനികളെ കൊലപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കൊലപാതകത്തിന്റെ പേരില്‍ വിചാരണക്ക് വിധേയനാക്കപ്പെട്ടത് അസാരിയ എന്ന ഒരൊറ്റ സൈനികന്‍ മാത്രമാണെന്നും ഷമദസാനി പറഞ്ഞു.
ഫ്രഞ്ച് പൗരത്വം കൂടിയുള്ള അസാരിയക്കെതിരെ കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഇസ്രയേല്‍ കോടതി ശിക്ഷ വിധിച്ചത്. ഇരുപത് വര്‍ഷം വരെ തടവ് ലഭിക്കേണ്ട കുറ്റമാണ് കോടതി ചുമത്തിയിരുന്നതെങ്കിലും 18 മാസം തടവ് മാത്രമാണ് വിധിച്ചത്. മാത്രമല്ല, സൈനികന് മാപ്പുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രേയല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു രംഗത്ത് വരികയും ചെയ്തു. ആക്രമണങ്ങളെ നേരിടുന്ന സൈനികര്‍ക്കെതിരെയുള്ള ശിക്ഷാവിധി തന്നെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്നാണ് നെതന്യാഹു മാധ്യമങ്ങളോട് പറഞ്ഞത്. 2016 മാര്‍ച്ചിലാണ് ശരീഫിനെയും മറ്റൊരു ഫലസ്തീനി യുവാവിനെയും അസാരിയ വെടിവച്ചു കൊലപ്പെടുത്തിയത്. ഇരുവരെയും കൊലപ്പെടുത്തും മുമ്പ് ഇസ്രായേല്‍ സൈനികര്‍ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ഇസ്രായേല്‍ മനുഷ്യാവകാശസംഘം ഈ രംഗം വീഡിയോയില്‍ പകര്‍ത്തി പുറത്തുവിട്ടു. പരിക്കേറ്റ ശരീഫിനെ സൈനികരുള്‍പ്പെടെ വളഞ്ഞിരിക്കുന്നതും അവിടേക്ക് കടന്നുവന്ന അസാരിയ തലയ്ക്കു നേരെ വെടിയുതിര്‍ക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സംഭവം പുറത്തുവന്നതോടെ ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

Related Articles