Current Date

Search
Close this search box.
Search
Close this search box.

ഇസ്രയേല്‍ എതിരാളിക്ക് ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ച ഈജിപ്ഷ്യന്‍ ജുഡോ താരത്തെ തിരിച്ചയച്ചു

റിയോ ഡി ജനീറൊ: മത്സരത്തിന് ശേഷം ഇസ്രയേല്‍ എതിരാളി ഓര്‍ സാസ്സണ് ഹസ്തദാനം ചെയ്യാന്‍ വിസമ്മതിച്ച ഈജിപ്ഷ്യന്‍ ജുഡോ താരം ഇസ്‌ലാം അശ്ശിഹാബിയെ നാട്ടിലേക്ക് തിരിച്ചയച്ചതായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി വ്യക്തമാക്കി. ഒളിമ്പിക്‌സ് കമ്മറ്റി ശിഹാബിയുടെ നടപടിയില്‍ ആക്ഷേപം രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് സ്വന്തം ടീം തന്നെയാണ് അദ്ദേഹത്തെ നാട്ടിലേക്ക് അയച്ചത്. മത്സരത്തില്‍ അദ്ദേഹം പരാജയപ്പെട്ടിരുന്നു. ഒരു ഇസ്രയേലിക്ക് ഹസ്തദാനം ചെയ്യില്ലെന്നും അത്തരം ജുഡോ നിയമങ്ങള്‍ പാലിക്കാനാവില്ലെന്നുമാണ് താരം സംഭവത്തെ കുറിച്ച് പ്രതികരിച്ചത്. എന്നാല്‍ താരത്തിന്റെ പെരുമാറ്റം ഒളിമ്പിക് മത്സരങ്ങളുടെ നിയമങ്ങള്‍ക്കും ആത്മാവിനും നിരക്കാത്തതാണെന്ന് ഒളിമ്പിക് കമ്മറ്റി അഭിപ്രായപ്പെട്ടു.
ഒളിമ്പിക്‌സ് ഗെയിമുകളില്‍ മുഴുവന്‍ താരങ്ങളെയും എല്ലാ രാഷ്ട്രങ്ങളെയും ആദരിക്കണമെന്ന് ഒളിമ്പിക് കമ്മറ്റി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നുണ്ട്. സാസ്സണ്‍ ശിഹാബിയെ പരാജയപ്പെടുത്തിയ ശേഷം ഇരുവരും റഫറിക്ക് മുമ്പില്‍ തങ്ങളുടെ സ്ഥാനത്ത് വന്നു നിന്നതിന് ശേഷം സാസ്സണ്‍ വണങ്ങി ഹസ്തദാനത്തിന് കൈ നീട്ടിയപ്പോള്‍ ഈജിപ്ഷ്യന്‍ താരം പിന്നോട്ടടിക്കുകയായിരുന്നു. വണങ്ങാന്‍ റഫറി ആവശ്യപ്പെട്ടപ്പോള്‍ തല കുലുക്കുക മാത്രമാണ് ചെയ്തത്.
അറബ് താരങ്ങളും ഇറാന്‍ താരങ്ങളും ഇസ്രയേല്‍ ഇസ്രയേല്‍ താരങ്ങളുമായി മത്സരിക്കാന്‍ വിസമ്മതിക്കുന്നത് അന്താരാഷ്ട്ര മത്സരങ്ങളിലെ ആദ്യത്തെ സംഭവമല്ല. 2004ലെ ഒളിമ്പിക്‌സില്‍ ഇറാനിയന്‍ താരം അറാശ് മിറാശ്‌മെയ്‌ലി ഇസ്രയേല്‍ ജുഡോ താരം എഹുദ് വക്‌സുമായി മത്സരിക്കാന്‍ വിസമ്മതിച്ച് നാട്ടിലേക്ക് തിരിച്ചു പോയിരുന്നു. എതിരാളിക്ക് ഹസ്തദാനം ചെയ്യുന്നത് ജുഡോയുടെ ലിഖിത നിയമങ്ങളില്‍ ഇല്ലാത്തതാണെന്നും സുഹൃത്തുക്കളാണ് ഹസ്തദാനം ചെയ്യാറുള്ളതെന്നും പറഞ്ഞ ശിഹാബി അദ്ദേഹം (ഇസ്രയേല്‍ താരം) എന്റെ  സുഹൃത്തല്ലെന്നും വ്യക്തമാക്കി. ജൂതന്‍മാരോടോ മറ്റേതെങ്കിലും മതവിശ്വാസികളോട് എനിക്ക് പ്രശ്‌നമൊന്നുമില്ല. എന്നാല്‍ എന്റെ വ്യക്തിപരമായ കാരണങ്ങളാല്‍, ആ രാജ്യത്തു നിന്നുള്ള ഒരാള്‍ക്ക്,  പ്രത്യേകിച്ചും മുഴുവന്‍ ലോകത്തിന്റെയും മുന്നില്‍ വെച്ച് ഹസ്തദാനം ചെയ്യാന്‍ നിങ്ങളെന്നോട് ആവശ്യപ്പെടരുത് എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
1979ല്‍ ഇസ്രയേലുമായി സമാധാന ബന്ധം സ്ഥാപിച്ച ആദ്യ അറബ് രാഷ്ട്രമാണ് ഈജിപ്ത്. എന്നാല്‍ ഭരണകൂടങ്ങള്‍ക്കിടയിലുള്ള അടുപ്പം ഈജിപ്ഷ്യന്‍ ജനതയുടെ ഇസ്രയേല്‍ വിരുദ്ധ വികാരത്തില്‍ ഒരു കുറവും വരുത്തിയിട്ടില്ലന്നത് ശ്രദ്ധേയമാണ്.

Related Articles