Current Date

Search
Close this search box.
Search
Close this search box.

ഇസ്രയേല്‍ ആക്രമണത്തിന് മറുപടി നല്‍കുമെന്ന് ഗസ്സയിലെ പ്രതിരോധ ശക്തികള്‍

ഗസ്സ: സയണിസ്റ്റ് വഞ്ചകരുടെ ആക്രമണത്തിന് മറുപടി നല്‍കുമെന്ന മുന്നറിയിപ്പുമായി ഗസ്സയിലെ ഫലസ്തീന്‍ പ്രതിരോധ ശക്തികള്‍. ഗസ്സയുടെ തെക്കുഭാഗത്തുള്ള പ്രതിരോധക്കാരുടെ ഒരു തുരങ്കത്തിന് നേരെ കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ എട്ട് പ്രതിരോധ പോരാളികള്‍ കൊല്ലപ്പെട്ടിരുന്നു. അല്‍ജിഹാദുല്‍ ഇസ്‌ലാമിയുടെ സായുധ വിംഗായ സറായാ അല്‍ഖുദ്‌സിലെ രണ്ട് പ്രമുഖ നേതാക്കളും ഹമാസിന്റെ സൈനിക വിംഗായ അല്‍ഖസ്സാമിന്റെ രണ്ട് അംഗങ്ങളും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. ഇതിന് പുറമെ 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു.
സയണിസ്റ്റ് ആക്രമണത്തില്‍ തങ്ങളുടെ നേതാക്കളും പ്രവര്‍ത്തകരുമായി നാല് പേര്‍ രക്തസാക്ഷികളായിട്ടുണ്ടെന്നാണ് അല്‍ജിഹാദുല്‍ ഇസ്‌ലാമിയുടെ പ്രസ്താവന വ്യക്തമാക്കുന്നത്. ആക്രമണത്തിന് തിരിച്ചടി നല്‍കാനുള്ള ന്യായമായ അവകാശം വിനിയോഗിക്കുന്നില്‍ തങ്ങള്‍ ഒട്ടും അമാന്തിക്കുകയില്ലെന്നും അനുയോജ്യായ അവസരത്തില്‍ അത് ചെയ്യുമെന്നും അല്‍ജിഹാദുല്‍ ഇസ്‌ലാമി നേതാവ് ദാവൂദ് ശിഹാബ് പറഞ്ഞു. സ്വന്തത്തെയും ജനതയെയും മക്കളെയും മണ്ണിനെയും പ്രതിരോധിക്കുന്നതില്‍ നിന്ന് മറ്റൊന്നും തങ്ങളെ അശ്രദ്ധരാക്കില്ലെന്നും അത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേലിന്റെ ഭാഗത്ത് നിന്നുണ്ടായേക്കാവുന്ന ഏത് ആക്രമണത്തെയും നേരിടുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമാണ് തുരങ്കങ്ങള്‍ അദ്ദേഹം സൂചിപ്പിച്ചു.
ഫലസ്തീന്റെ വിയോജിപ്പ് അവസാനിപ്പിച്ച് അഖണ്ഡത വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കാനുള്ള പാഴ്ശ്രമമാണ് ആക്രമണമെന്ന് ഹമാസ് വ്യക്തമാക്കി. എന്നാല്‍ ഇസ്രയേലിന്റെ അതിക്രമങ്ങളും കുറ്റകൃത്യങ്ങളും തങ്ങളെ ഐക്യത്തിന്റെയും ചെറുത്തുനില്‍പിന്റെയും പാതയില്‍ മുന്നോട്ടല്ലാതെ നയിക്കില്ലെന്നും പ്രസ്താവന അഭിപ്രായപ്പെട്ടു. അതേസമയം ഇസ്രയേല്‍ ആക്രമണത്തിനുള്ള മറുപടിയെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നും ഒരു ഗ്രൂപ്പ് ഒറ്റക്ക് അതിന് മുന്നിട്ടിറങ്ങരുതെന്നും ഫതഹ് പാര്‍ട്ടിയുടെ റെവല്യൂഷനറി കൗണ്‍സില്‍ സെക്രട്ടറി ഫായിസ് അബൂഅത്വിയ്യ ആവശ്യപ്പെട്ടു.
തന്റെ രാജ്യത്തിന്റെ പരമാധികാരത്തിന് പോറലേല്‍പിക്കുന്ന ഏതൊരു പ്രവര്‍ത്തനത്തിന്റെയും ഉത്തരവാദിത്വം ഹമാസിനായിരിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു പറഞ്ഞു. ഏതൊരു ഭരണകൂടത്തിന്റെയും പ്രഥമ ഉത്തരവാദിത്വം പൗരന്‍മാരുടെ സംരക്ഷണമാണ്. ഞങ്ങള്‍ അത് ചെയ്യുന്നുണ്ട്. തുരങ്കങ്ങളുണ്ടാക്കുന്ന ഭീഷണി കൈകാര്യം ചെയ്യാനുള്ള സാങ്കേതിക വിദ്യ ഞങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. ഇന്ന് ഞങ്ങള്‍ ഒരു തുരങ്കം കണ്ടെത്തി അത് തകര്‍ക്കുകയും ചെയ്തു. ഗസ്സക്കും ഇസ്രയേലിനുമിടയിലെ തുരങ്കങ്ങള്‍ കണ്ടെത്താന്‍ അത്യാധുനിക സാങ്കേതിക വിദ്യ തങ്ങള്‍ വികസിപ്പിച്ചിട്ടുണ്ടെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി അവിഗ്ദര്‍ ലിബര്‍മാനും പറഞ്ഞിട്ടുണ്ട്.

Related Articles