Current Date

Search
Close this search box.
Search
Close this search box.

ഇന്‍തിഫാദക്ക് 17 വയസ്സ്; ഓര്‍മ പുതുക്കി ഫലസ്തീനികള്‍

റാമല്ല: മസ്ജിദുല്‍ അഖ്‌സക്ക് വേണ്ടി 2000ല്‍ തുടക്കം കുറിക്കപ്പെട്ട ഇന്‍തിഫാദക്ക് 17 വര്‍ഷം തികയുമ്പോള്‍ അതിന്റെ ഓര്‍മ പുതുക്കുകയാണ് ഫലസ്തീനികള്‍. ഒരു വശത്ത് അമേരിക്കയുടെ മേല്‍നോട്ടത്തിലുള്ള അനുരഞ്ജന ശ്രമങ്ങള്‍ നടക്കുമ്പോഴും കുടിയേറ്റ പദ്ധതികളും വെസ്റ്റ്ബാങ്കിനെയും ജറൂസലേമിനെയും ജൂതവല്‍കരിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി ഇസ്രയേല്‍ മുന്നോട്ടു പോകുന്ന പശ്ചാത്തലത്തിലാണ് ഫലസ്തീനികള്‍ ഇന്‍തിഫാദയുടെ ഓര്‍മ പുതുക്കുന്നത്.
ഇസ്രയേല്‍ പോലീസിന്റെയും സൈന്യത്തിന്റെയും അകമ്പടിയോടെ മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ മസ്ജിദുല്‍ അഖ്‌സയില്‍ കടന്നുകയറ്റം നടത്തിയതിനെ തുടര്‍ന്നാണ് ഇന്‍തിഫാദക്ക് തിരികൊളുത്തപ്പെട്ടത്. ഷാരോണ്‍ മസ്ജിദുല്‍ അഖ്‌സയുടെ അങ്കണത്തില്‍ ചുറ്റിക്കറങ്ങി വിശുദ്ധ ഹറം ഇസ്രയേലിന്റേതായി നിലനില്‍ക്കുമെന്ന് പ്രസ്താവിച്ചതിനെ തുടര്‍ന്ന് അവിടെ നമസ്‌കരിക്കാനെത്തിയ ഫലസ്തീനികളും ഇസ്രയേല്‍ സൈനികരും തമ്മില്‍ ഏറ്റുമുട്ടലുകള്‍ക്ക് തുടക്കം കുറിക്കപ്പെട്ടു. ആ ഏറ്റുമുട്ടല്‍ ഖുദ്‌സ് നഗരത്തില്‍ ഒതുങ്ങിയില്ല. വെസ്റ്റ്ബാങ്കിലെയും ഗസ്സയിലെയും മുഴുവന്‍ നഗരങ്ങളിലേക്കും അത് വ്യാപിച്ചു. നിരവധി ഫലസ്തീന്‍ നേതാക്കള്‍ അതിനെ തുടര്‍ന്ന് രക്തസാക്ഷികളായി. ശൈഖ് അഹ്മദ് യാസീന്‍, അബ്ദുല്‍ അസീസ് റന്‍തീസി, സലാഹ് ശഹാതഃ, ഇസ്മാഈല്‍ അബൂശനബ്, ജമാല്‍ സലീം, ജമാല്‍ മന്‍സൂര്‍ എന്നീ പ്രമുഖ നേതാക്കളെ ഹമാസിന് അതില്‍ നഷ്ടമായി. പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ലിബറേഷന്‍ ഓഫ് ഫലസ്തീന് അതിന്റെ ജനറല്‍ സെക്രട്ടറി അബൂ അലി മുസ്തഫയെയും നഷ്ടമായി. ഫതഹ് പാര്‍ട്ടിയുടെ പ്രമുഖ നേതാവ് മര്‍വാന്‍ ബര്‍ഗൂഥിയെ 2002 ഏപ്രിലില്‍ ഇസ്രയേല്‍ സൈന്യം അറസ്റ്റ് ചെയ്ത് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മുന്‍ ഫലസ്തീന്‍ പ്രസിഡന്റ് യാസര്‍ അറഫാത്തിന്റെ മരണവും ഇന്‍തിഫാദയുടെ സന്ദര്‍ഭത്തിലായിരുന്നു. ഇസ്രയേല്‍ ചാരന്‍മാര്‍ അദ്ദേഹത്തെ വിഷം കൊടുത്ത് കൊലപ്പെടുത്തിയതെന്ന ബലമായ സംശയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

Related Articles