Current Date

Search
Close this search box.
Search
Close this search box.

ആയുധം ഉപേക്ഷിക്കില്ല, ഇസ്രയേലിനെ അംഗീകരിക്കുകയുമില്ല: യഹ്‌യ സിന്‍വാര്‍

ഗസ്സ: സംഘടനയെ ആയുധം ഉപേക്ഷിക്കുന്നതിനോ ഇസ്രയേലിനെ അംഗീകരിപ്പിക്കുന്നതിനോ നിര്‍ബന്ധിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ലെന്ന് ഗസ്സയിലെ ഹമാസ് അധ്യക്ഷന്‍ യഹ്‌യ സിന്‍വാര്‍. ഫലസ്തീന്‍ അനുരഞ്ജന കരാര്‍ സംബന്ധിച്ച അമേരിക്കന്‍ പ്രസ്താവനക്ക് തൊട്ടുപുറകെയാണ് ഹമാസ് നേതാവിന്റെ ഈ പ്രഖ്യാപനം. ഞങ്ങളെ കൊണ്ട് അധിനിവേശകരെ അംഗീകരിപ്പിക്കാനോ ഞങ്ങളുടെ ആയുധം താഴെ വെപ്പിക്കാനോ ഒരാള്‍ക്കും കഴിയില്ലെന്നാണ് വ്യാഴാഴ്ച്ച ഗസ്സയില്‍ യുവാക്കളുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ അദ്ദേഹം പറഞ്ഞത്.
ഫതഹ് പാര്‍ട്ടിയുമായി ചേര്‍ന്ന് ഐക്യസര്‍ക്കാര്‍ രൂപീകരിക്കുന്ന പശ്ചാത്തലത്തില്‍ ഹമാസ് ആയുധം ഉപേക്ഷിക്കുകയും ഇസ്രയേലിനെ അംഗീകരിക്കുകയും ചെയ്യണമെന്ന ഇസ്രയേലിന്റെയും അമേരിക്കയുടെയും ആവശ്യത്തോടുള്ള വ്യക്തമായ പ്രതികരണമാണ് സിന്‍വാറിന്റെ ഈ പ്രസ്താവന. ഞങ്ങള്‍ സ്വാതന്ത്ര്യസമര പോരാളികളും ജനതയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വിപ്ലവകാരികളുമാണ്. അന്താരാഷ്ട്ര മാനുഷിക വ്യവസ്ഥകള്‍ പ്രകാരം ഞങ്ങള്‍ അധിനിവേശകര്‍ക്കെതിരെ യുദ്ധം ചെയ്യും. ഞങ്ങളുടെ ജനതയെ സംരക്ഷിക്കാന്‍ ശക്തി സംഭരിക്കുന്നത് തുടരുകയും ചെയ്യും. ഞങ്ങളുടെ തടവുകാര്‍ വെളിച്ചം കാണുന്നത് വരെ ഇസ്രയേല്‍ ബന്ദികളും വെളിച്ചം കാണുകയില്ല. എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles