Current Date

Search
Close this search box.
Search
Close this search box.

അവര്‍ ‘ഒന്ന്’ അധികം വാങ്ങുന്നു; പെരുന്നാള്‍ സന്തോഷം പങ്കുവെക്കാന്‍

അല്‍ഖോബാര്‍: ആഹ്ലാദങ്ങള്‍ പങ്കുവെക്കപ്പെടുമ്പോഴാണ് ആഘോഷങ്ങള്‍ പൂര്‍ണമാവുന്നതെന്ന് ഓര്‍മപ്പെടുത്തി യൂത്ത് ഇന്ത്യ ഇത്തവണയും പെരുന്നാള്‍ ദിനത്തില്‍ പുതുവസ്ത്ര വിതരണം സംഘടിപ്പിക്കുന്നു. അഖില സൗദി തലത്തില്‍ നടക്കുന്ന പുതുവസ്ത്ര വിതരണത്തിന്റെ ഉല്‍ഘാടനം ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ സിദ്ദീഖ് അഹ്മദ് നിര്‍വഹിച്ചു. ഇറാം ഗ്രൂപ്പിന്റെ ഉപഹാരം ഡോക്ടര്‍ സിദ്ദീഖ് അഹ്മദില്‍ നിന്ന് യൂത്ത് ഇന്ത്യ സൗദി കേന്ദ്ര ആക്റ്റിങ് പ്രസിഡണ്ട് അനീസ് അബൂബക്കര്‍ ഏറ്റുവാങ്ങി.
പ്രവാസജീവിതത്തില്‍ ഒറ്റപ്പെട്ടു പോയവരേയും പ്രയാസമനുഭവിക്കുന്നവരേയും കണ്ടെത്തി പുതുവസ്ത്രങ്ങള്‍ വിതരണം ചെയ്ത് അവരെ കൂടി പെരുന്നാളിന്റെ ആഹ്ലാദത്തില്‍ പങ്കുചേര്‍ക്കാന്‍ ശ്രമിക്കുന്നതിലൂടെ തങ്ങള്‍ തനിച്ചല്ലെന്നും സ്‌നേഹത്തിന്റെ നീരുറവ വറ്റിയിട്ടില്ലാത്ത ഹൃദയങ്ങള്‍ തങ്ങളുടെ കൂടെയുണ്ടെന്നും യൂത്ത് ഇന്ത്യ തെളിയിച്ചിരിക്കുകയാണെന്ന് ഡോക്ടര്‍ സിദ്ദീഖ് അഹ്മദ് പറഞ്ഞു. യൂത്ത് ഇന്ത്യയുടെ പദ്ധതി ശ്ലാഘനീയമാണെന്നും ഇത്തരത്തിലുള്ള ജനക്ഷേമ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളുടെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. ഇറാം കോര്‍പറേറ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതി അംഗം റഷീദ് ഉമര്‍, ഇറാം സി.ഇ.ഒ. അബ്ദുല്‍ റസാഖ്, യൂത്ത് ഇന്ത്യ അല്‍ ഖോബാര്‍ ചാപ്റ്റര്‍ വൈസ് പ്രസിഡണ്ട് ഷമീര്‍, ഇറാം കോര്‍പറേറ്റ് ഓഫീസ് മാനേജര്‍ ബിജോയ് ദേവദാസ് എന്നിവര്‍ പങ്കെടുത്തു.
ജോലി നഷ്ടപ്പെട്ടവര്‍, മാസങ്ങളോളമായി ശമ്പളം ലഭിക്കാത്തവര്‍, തുഛമായ വേതനത്തിന് ജോലി എടുക്കുന്നവര്‍, തര്‍ഹീല്‍, ഹോസ്പിറ്റല്‍, കൃഷിയിടങ്ങള്‍ എന്നിവിടങ്ങളില്‍ പ്രയാസപ്പെടുന്നവര്‍ എന്നിവരെ ഉദ്ദേശിച്ചുകൊണ്ടാണ് യൂത്ത് ഇന്ത്യ പുതുവസ്ത്ര വിതരണ പദ്ധതി നടപ്പിലാക്കുന്നത്. ഈദ് ആഘോഷിക്കാന്‍ പുതുവസ്ത്രം വാങ്ങുന്ന തങ്ങളുടെ പ്രവര്‍ത്തകരേയും സഹകാരികളേയും ഒരു ജോഡി വസ്ത്രം അധികം വാങ്ങാന്‍ പ്രേരിപ്പിച്ചുകൊണ്ടാണ് പദ്ധതിക്കാവശ്യമുള്ള വസ്ത്രം യൂത്ത് ഇന്ത്യ ശേഖരിക്കുന്നത്. അതുപോലെ പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറുള്ള മുഴുവന്‍ പ്രവാസി സുഹൃത്തുക്കളുടേയും സഹായം യൂത്ത് ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നല്‍കിയിട്ടുള്ള ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
അല്‍ ഖോബാര്‍ (0532031604, 0535175574), ദമ്മാം (0599441085, 0533468584), ജുബൈല്‍ (0508235893), റിയാദ് (0509406755), യാംബൂ (0553955861), ജിദ്ദ നോര്‍ത്ത് (0551060265), ജിദ്ദ സൗത്ത് (0563663766), മക്ക (0506061059), അബഹ (0580957690).

Related Articles