Current Date

Search
Close this search box.
Search
Close this search box.

അല്‍ജസീറ അടച്ചുപൂട്ടണമെന്ന ആവശ്യത്തില്‍ നിന്ന് യു.എ.ഇ പിന്‍മാറിയതായി റിപോര്‍ട്ട്

ലണ്ടന്‍: ഉപരോധക്കാരായ രാഷ്ട്രങ്ങള്‍ ഖത്തറുമായി ചര്‍ച്ചകള്‍ നടത്തുന്നതില്‍ യു.എ.ഇ മന്ത്രി താല്‍പര്യം പ്രകടിപ്പിച്ചതായി ബ്രിട്ടീഷ് പത്രമായ ‘ടൈംസ്’ റിപോര്‍ട്ട് ചെയ്യുന്നു. ഖത്തറിനെതിരെ സ്വീകരിച്ച നടപടികള്‍ കനപ്പിക്കുമെന്ന ഭീഷണി മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നും റിപോര്‍ട്ട് പരാമര്‍ശിച്ചു. അല്‍ജസീറ നെറ്റ്‌വര്‍ക് അടച്ചുപൂട്ടണമെന്ന ആവശ്യത്തില്‍ നിന്ന് തന്റെ രാജ്യം പിന്‍മാറിയിട്ടുണ്ടെന്നും യു.എ.ഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ മന്ത്രി നൂറ അല്‍കഅബി ‘ടൈംസ്’ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നേരത്തെ യു.എ.ഇ അടക്കമുള്ള ഉപരോധക്കാരായ രാഷ്ട്രങ്ങള്‍ സ്വീകരിച്ച നിലപാടില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ നിലപാടാണിത്.
അല്‍ജസീറ പൂര്‍ണമായി അടച്ചുപൂട്ടുന്നതിന് പകരം അതിന്റെ പ്രവര്‍ത്തനത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്തി പുനസംവിധാനിച്ചാല്‍ മതിയെന്നും കഅബി പറഞ്ഞു. ഇതനുസരിച്ച് നിലവില്‍ അതില്‍ സേവനം ചെയ്യുന്നവര്‍ക്ക് തങ്ങളുടെ ജോലിയില്‍ തന്നെ തുടരുകയും ഖത്തറിന് അതിന് നല്‍കുന്ന സാമ്പത്തിക സഹായം തുടരാമെന്നും അവര്‍ സൂചിപ്പിച്ചു. എന്നാല്‍ തീവ്രവാദികള്‍ക്കുള്ള വേദിയായി അത് മാറരുതെന്ന് മന്ത്രി കൂട്ടിചേര്‍ക്കുകയും ചെയ്തു. യു.എ.ഇയുടെ ഈ പിന്‍മാറ്റത്തോട് റിയാദും യോജിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സൗദി വൃത്തത്തെ -പേര് വെളിപ്പെടുത്തിയിട്ടില്ല- ഉദ്ധരിച്ച് പത്രം റിപോര്‍ട്ട് ചെയ്തു.
ഖത്തറുമായുള്ള ബന്ധം പുനസ്ഥാപിക്കുന്നതിന് ഉപരോധം ഏര്‍പ്പെടുത്തിയ നാല് രാഷ്ട്രങ്ങള്‍ മുന്നോട്ടുവെച്ച 13 ഇന ആവശ്യങ്ങളില്‍ ഒന്നായിരുന്നു അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടണമെന്നത്. പ്രസ്തുത ആവശ്യത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ‘അംഗീകരിക്കാനാവാത്ത ആക്രമണം’ എന്നാണ് ഐക്യരാഷ്ട്രസഭയിലെ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ അമീര്‍ സൈദ് ബിന്‍ റഅദ് ഈ ആവശ്യത്തെ വിശേഷിപ്പിച്ചത്. തീവ്രവാദ പ്രസ്താവനകള്‍ പ്രചരിപ്പിക്കുന്നതിനും അതിനെ ന്യായീകരിക്കുന്നതിനും അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്താവതല്ലെന്നാണ് അതിനോട് യു.എ.ഇ വിദേശകാര്യ മന്ത്രി അന്‍വര്‍ മുഹമ്മദ് ഖര്‍ഖാശ് പ്രതികരിച്ചത്.

Related Articles