Current Date

Search
Close this search box.
Search
Close this search box.

അറാകാനിലെ കൂട്ടക്കുരുതി ഉടന്‍ അവസാനിപ്പിക്കുക: രക്ഷാസമിതി

ന്യൂയോര്‍ക്ക്: അറാകാനിലെ കൂട്ടക്കുരുതി എത്രയും പെട്ടന്ന് അവസാനിപ്പിക്കണമെന്ന് യു.എന്‍ രക്ഷാസമിതി മ്യാന്മര്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. സുരക്ഷാ നടപടികളുടെ പേരില്‍ സൈന്യം നടത്തുന്ന അതിക്രമത്തില്‍ സമിതിയിലെ 15 രാഷ്ട്രങ്ങള്‍ ആശങ്ക പ്രകടപ്പിക്കുകയും അക്രമത്തെ ശക്തമായി അപലപിക്കുകയും ചെയ്തു. കുടിയൊഴിപ്പിക്കപ്പെട്ട എല്ലാവര്‍ക്കും വിവേചനരഹിതമായി സഹായമെത്തിക്കണമെന്നും അറാകാന്‍ പ്രവിശ്യയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണണമെന്നും ചൈന അടക്കമുള്ള സമിതി അംഗങ്ങള്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
മ്യാന്മര്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭയുടെ ആദ്യത്തെ പ്രധാന ചുവടുവെപ്പാണിതെന്ന് ബ്രട്ടീഷ് പ്രതിനിധി മാത്യു റൈക്രോഫ്റ്റ് പറഞ്ഞു. അക്രമം അവസാനിപ്പിക്കുക, സഹായങ്ങള്‍ എത്തിക്കുക, അന്നാന്‍ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കുക തുടങ്ങിയ പ്രധാന വിഷയങ്ങള്‍ പ്രതിപാദിച്ച ശേഷമാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഒമ്പത് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് മ്യാന്മര്‍ വിഷയത്തിലുള്ള പ്രസ്താവനയില്‍ സമിതി യോജിപ്പിലെത്തുന്നത്. ഈ വിഷയത്തില്‍ ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മന്ത്രിതല യോഗം വിളിച്ച് ചേര്‍ക്കാന്‍ തന്റെ രാഷ്ട്രം ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റോഹിങ്ക്യകള്‍ക്കെതിരെ സൈന്യം നടത്തുന്ന അതിക്രമങ്ങളെ വംശഹത്യ എന്നാണ്് ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി ആന്റോണിയോ ഗുട്ടറസ് വിശേഷിപ്പിച്ചത്. സൈന്യത്തിന്റെ അതിക്രമങ്ങളുടെ ഫലമായി അറാഖാനിലെ ജനങ്ങളിലെ മൂന്നിലൊന്നും പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കെ ഇതിനെ കുറിക്കാന്‍ വംശഹത്യ എന്നതിനേക്കാള്‍ നല്ല പ്രയോഗമില്ല. ദുരന്തപൂര്‍ണമാണ് അവരുടെ അവസ്ഥ. പ്രദേശത്തിന്റെ തന്നെ സുസ്ഥിരതയെ ബധിക്കുന്നിടത്തോളമെത്തിയിരിക്കുന്ന പ്രതിസന്ധി സമിതിയുടെ ശ്രദ്ധയിലെത്തിക്കാനുള്ള ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുകയാണ് എന്നും ന്യൂയോര്‍ക്കിലെ യു.എന്‍ ഹെഡ്‌കോട്ടേഴ്‌സില്‍ വിളിച്ച് ചേര്‍ത്ത പത്ര സമ്മേളനത്തില്‍ അദ്ദേഹം പ്രസ്താവന നടത്തി.
ഭരണകൂടത്തിന്റെ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ അറാകാനിലേക്ക് ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ ഉദ്യോഗസ്ഥന്മാരെ അയക്കാന്‍ സാധിക്കാതിരുന്നതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. അവിടെ നിന്നും രക്ഷപ്പെടുന്നവര്‍ക്ക് മാനുഷിക പിന്തുണ ലഭ്യമാകാന്‍ അന്താരാഷ്ട്ര സമൂഹം ഊര്‍ജിത ശ്രമങ്ങള്‍ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles