Current Date

Search
Close this search box.
Search
Close this search box.

അറഫാത്തിന്റെ കൊലയാളികളെ അറിയുമെന്ന് മഹ്മൂദ് അബ്ബാസ്

റാമല്ല: മുന്‍ ഫലസ്തീന്‍ പ്രസിഡന്റ് യാസര്‍ അറഫാത്തിന്റെ കൊലപാതകത്തിലുള്ള അന്വേഷണം ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്നും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തിയെ കുറിച്ച് അറിയുമെന്നും ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. അവരെ കുറിച്ച വെളിപ്പെടുത്തല്‍ ഉടന്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. അതുസംബന്ധിച്ച അന്വേഷണ ഫലം എല്ലാവരെയും ഞെട്ടിക്കും. ‘പേര് പരാമര്‍ശിക്കാന്‍ പോലും അര്‍ഹരല്ലാത്തതിനാല്‍’ ആ പേരുകള്‍ പറയാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അറഫാത്ത് രക്തസാക്ഷിയായതിന്റെ പന്ത്രണ്ടാം വാര്‍ഷിക ദിനത്തില്‍ റാമല്ലയിലെ പ്രസിഡന്റിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു. വിവിധ ഫലസ്തീന്‍ നഗരങ്ങളില്‍ അറഫാത്തിന്റെ രക്തസാക്ഷി ദിനം ആചരിച്ചു.
ഫലസ്തീന്‍ ജനതയുടെ ഏക പ്രതിനിധാനം പി.എല്‍.ഒയാണെന്നും അബ്ബാസ് വ്യക്തമാക്കി. ‘ഞങ്ങളുടെ രാഷ്ട്രം യാഥാര്‍ഥ്യമാക്കുന്നതിന് ഫലസ്തീന്‍ അടിസ്ഥാനങ്ങളെ മുറുകെ പിടിക്കും’ എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. നീതിയിലും സമത്വത്തിലും അധിഷ്ടിതമായിട്ടുള്ള സമാധാന ശ്രമങ്ങള്‍ക്കുള്ള സന്നദ്ധതയും അദ്ദേഹം അറിയിച്ചു. കിഴക്കന്‍ ഖുദ്‌സ് ആസ്ഥാനമായിട്ടുള്ള ഫലസ്തീന്‍ രാഷ്ട്രത്തിന്റെ സ്ഥാപനവും വെസ്റ്റ്ബാങ്കിലെ കുടിയേറ്റം നിയമവിരുദ്ധമാക്കലും അതില്‍പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഹമാസുമായി അനുരഞ്ജനത്തിലേര്‍പ്പെടാനുള്ള സന്നദ്ധതയും അദ്ദേഹം തന്റെ സംസാരത്തില്‍ പ്രകടിപ്പിച്ചു.
2004 നവംബര്‍ 11നാണ് ഫ്രാന്‍സിലെ ഒരാശുപത്രിയില്‍ വച്ച് അബ്ബാസ് മരണപ്പെടുന്നത്. അതിന് മുമ്പ് മൂന്ന് വര്‍ഷത്തോളം റാമല്ലയില്‍ അദ്ദേഹത്തെ ഇസ്രയേല്‍ ഉപരോധിച്ചിരിക്കുകയായിരുന്നു. ഏറെ ദുരൂഹതകള്‍ അബ്ബാസിന്റെ മരണത്തിന് പിന്നിലുണ്ടായിരുന്നു. ഇസ്രയേല്‍ അദ്ദേഹത്തെ വകവരുത്തുന്നതിന് വിഷം നല്‍കുകയായിരുന്നു എന്നാണ് ഫലസ്തീന്‍ നേതാക്കള്‍ ആരോപിച്ചത്. അദ്ദേഹത്തിന്റെ മരണത്തിലെ ദുരൂഹതകള്‍ അവസാനിപ്പിക്കുന്നതിനായി ഒരു സമിതിയെ ഫലസ്തീന്‍ അതോറിറ്റി നിശ്ചയിക്കുകയും ചെയ്തു.

Related Articles