Current Date

Search
Close this search box.
Search
Close this search box.

അടുത്ത തെരെഞ്ഞെടുപ്പില്‍ മുഖ്യ ഊന്നല്‍ സാമ്പത്തിക പുരോഗതിക്ക്: ഗന്നൂശി

ഇസ്തംബൂള്‍: അടുത്ത തെരെഞ്ഞെടുപ്പ് പ്രചാരണ കാമ്പയിനില്‍ സാമ്പത്തിക മേഖലക്കായിരിക്കും തന്റെ പാര്‍ട്ടി മുഖ്യ ഊന്നല്‍ നല്‍കുകയെന്ന് തുനീഷ്യയിലെ അന്നഹ്ദ പ്രസ്ഥാനത്തിന്റെ അധ്യക്ഷന്‍ ശൈഖ് റാശിദുല്‍ ഗന്നൂശി. തുനീഷ്യയില്‍ പ്രസിഡന്‍ഷ്യല്‍ വ്യവസ്ഥ കൊണ്ടു വരുന്നതിന് ആഹ്വാനം ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്തംബൂളില്‍ നടന്ന TRT വേള്‍ഡ് ഫോറത്തോടനുബന്ധിച്ച് അനദോലു ന്യൂസ് അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 217 അംഗ തുനീഷ്യന്‍ പാര്‍ലമെന്റില്‍ 68 എംപിമാരുള്ള പാര്‍ട്ടിയാണ് അന്നഹ്ദ.
പ്രാദേശിക, മുന്‍സിപാലിറ്റി തെരെഞ്ഞെടുപ്പുകളിലൂടെയും (2018) തുടര്‍ന്നുള്ള നിയമനിര്‍മാണ സഭ, പ്രസിഡന്റ് തെരെഞ്ഞെടുപ്പുകളിലൂടെയും രാജ്യത്തിന്റെ ജനാധിപത്യത്തിലേക്കുള്ള പ്രയാണം പൂര്‍ത്തീകരിക്കുന്നതിനായിരിക്കും പ്രസ്ഥാനത്തിന്റെ കാല്‍വെപ്പുകള്‍. രാജ്യം നിരവധി വികസന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. വിപ്ലവത്തിന്റെ ലക്ഷ്യങ്ങളില്‍ പെട്ട സ്വാതന്ത്ര്യവും ജനാധിപത്യവും ഏറെക്കുറെ സാക്ഷാല്‍കരിക്കപ്പെട്ടിട്ടുണ്ട്. അത് പൂര്‍ത്തീകരണത്തിന്റെ പാതയിലുമാണ്. അതേസമയം സാമ്പത്തിക രംഗത്തും സാമൂഹ്യ രംഗത്തും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും വിദ്യാഭ്യാസ ആരോഗ്യ മേഖലകളുടെ പുരോഗതിയിലും കാര്യമായ മുന്നേറ്റമൊന്നും കൈവരിക്കാനായിട്ടില്ല. അതുകൊണ്ട് വിപ്ലവത്തിനിറങ്ങിയ യുവാക്കള്‍ക്ക് തൊഴിലും അന്തസ്സും ലഭ്യമാക്കുന്ന ആ വശത്തിനാണ് ഞങ്ങള്‍ ഊന്നല്‍ നല്‍കുക. അപ്പോള്‍ മാത്രമേ വിപ്ലവത്തിന്റെ ഫലങ്ങള്‍ ദൈനംദിന ജീവിതത്തില്‍ പ്രതിഫലിക്കുകയുള്ളൂ. എന്ന് ഗന്നൂശി വ്യക്തമാക്കി.

Related Articles