Current Date

Search
Close this search box.
Search
Close this search box.

അടുത്ത ഗസ്സ യുദ്ധം അവസാനത്തെതായിരിക്കും: ലിബര്‍മാന്‍

ജറുസലേം: ഗസ്സയുമായി ഇനിയൊരു യുദ്ധമുണ്ടാവുകയാണെങ്കില്‍ അത് അവസാനത്തേതായിരിക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി അവിഗ്ദര്‍ ലിബര്‍മാന്‍. അല്‍ ഖുദ്‌സ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. തങ്ങളുടെ അയല്‍ പ്രദേശങ്ങളായ ഗസ്സ, വെസ്റ്റ് ബാങ്ക്, ലബനാന്‍, സിറിയ എന്നിവരുമായി യുദ്ധം തുടങ്ങാന്‍ ഞങ്ങള്‍ക്ക് ഉദ്ദേശമില്ലെന്നും എന്നാല്‍ ഇറാനെപ്പോലെ ഗസ്സയും ഇസ്രായേല്‍ ഭരണകൂടത്തെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അവര്‍ ഇസ്രായേലുമായി ഒരു പുതിയ യുദ്ധത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ അത് അവരുമായുള്ള അവസാനത്തെ യുദ്ധമായിരിക്കും. കാരണം ഞങ്ങള്‍ അവരെ പൂര്‍ണ്ണമായും തകര്‍ക്കും. ഫലസ്തീനുമായുള്ള സ്ഥിരം കരാര്‍ ഉള്‍പ്പെടെയുള്ള നിരവധി വിഷയങ്ങളെപ്പറ്റി സുദീര്‍ഘമായ അഭിമുഖത്തില്‍ ലിബര്‍മാന്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കി.
വ്യക്തിപരമായി ഞാന്‍ പിന്തുണക്കുന്നത്  ദ്വിരാഷ്ട്ര പരിഹാരത്തെയാണ്. എന്നാല്‍ ഫലസ്തീന്‍ നേതാക്കളുടെ ഭാഗത്താണ് പ്രശ്‌നമെന്നം ദ്വിരാഷ്ട്ര പരിഹാരം എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് ഭൂപ്രദേശത്തിന്റയും അവിടെ വസിക്കുന്നവരുടെയും കൈമാറ്റത്തെയാണെന്നും ദ്വിരാഷ്ട്രം കൊണ്ട് താനുദ്ദേശിക്കുന്നത് എന്താണെന്ന് വിശദീകരിച്ച് ലിബര്‍മാന്‍ പറഞ്ഞു. പ്രധാന അനധികൃത കുടിയേറ്റ കേന്ദ്രങ്ങളായ മആലീ അദൂമീം, ജിഫ്ആത്ത് സഈഫ്, ഗുഷ് എറ്റിസണ്‍, ഏരിയല്‍ തുടങ്ങിയവ ഏത് പരിഹാര ഫോര്‍മുലയനുസരിച്ചും ഇസ്രയേലിന്റേത് തന്നെയായിരിക്കുംമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ഉമ്മുല്‍ ഫഹം പോലെയുള്ള ഇസ്രായേല്‍ പ്രദേശങ്ങളിലെ ഫലസ്തീന്‍ പൗരന്മാര്‍ ഭാവി ഫലസ്തീന്‍ രാഷ്ട്രത്തില്‍ ഇടം കണ്ടെത്തും. ഇത്തരം ആളുകള്‍ അവരെ സ്വയം വിശേഷിപ്പിക്കുന്നത് ഫലസ്തീനികളായിട്ടാണ്. അതുകൊണ്ട് അവര്‍ അവിടേക്ക് പോകട്ടെ. പിന്നെ രണ്ട് ദേശരാഷ്ട്രങ്ങളാണ് ഉണ്ടാവുക. ഒന്ന് ജൂത രാഷ്ട്രവും മറ്റേത് ഫലസ്തീനും.  ഇസ്രായേല്‍ അന്തിമ കരാറില്‍ ഒപ്പിടാന്‍ തയ്യാറാണെങ്കിലും ഇക്കാര്യം ഫലസ്തീനികളെ കൊണ്ട് അംഗീകരിപ്പിക്കാന്‍ പ്രയാസമാണ്. ഫലസ്തീനികള്‍ക്കിടയിലെ തൊഴില്ലായ്മ, ദാരിദ്ര്യം, മോഹഭംഗം എന്നിവയെ ചെറുത്തു തോല്‍പിച്ച് മാത്രമേ അത് സാധ്യമാകൂ. എന്നും ഇസ്രയേല്‍ മന്ത്രി വ്യക്തമാക്കി.
നിശ്ചിത കാലത്തേക്ക് ഭീകരവാദവും രക്തച്ചൊരിച്ചിലും ഉണ്ടാവില്ലെന്ന് നാം ഉറപ്പ് വരുത്തണം. ഫലസ്തീനികളെ സംബന്ധിച്ചടത്തോളം സാമ്പത്തിക വളര്‍ച്ചയുടെയും ഇസ്രയേലികളെ സംബന്ധിച്ചടത്തോളം ഭീകരതയില്‍ നിന്നും ഇരയാക്കപ്പെടലില്‍ നിന്നും മുക്തമായതുമായ മൂന്ന് വര്‍ഷം ഉണ്ടാവേണ്ടതുണ്ട്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ പരസ്പര വിശ്വാസം വീണ്ടെടുക്കാന്‍ പറ്റുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഊര്‍ജ്ജം, ജലം, തുടങ്ങിയ നിരവധി മേഖലകളില്‍ ഫലസ്തീനിന് സഹായം നല്‍കാനുള്ള തുര്‍ക്കിയുടെ പദ്ധതികള്‍ അംഗീകരിക്കാന്‍ ഇസ്രായേല്‍ സന്നദ്ധമാണ്. എന്നാല്‍ ഹമാസ് അധികാരത്തില്‍ എത്തിയതു മുതല്‍ ലക്ഷക്കണക്കിന് ഡോളറിന്റെ സഹായങ്ങള്‍ അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ വൈദ്യുത നിലയങ്ങളിലും ജലം ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങളിലും അടിസ്ഥാന സൗകര്യ വികസനത്തിലും നിക്ഷേപിക്കുന്നതിന് പകരം അവരത് ആയുധ മേഖലയില്‍ നിക്ഷേപിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിത്യേനെയെന്നോണം ഞങ്ങളെ വെറുക്കുന്നു എന്നും, ഇസ്രായേലിനെ ഭൂപടത്തില്‍ നിന്നും തൂത്തെറിയും, ഞങ്ങള്‍ നിങ്ങളെ കടലില്‍ വലിച്ചെറിയും തുടങ്ങിയ മുദ്രാവ്യാക്യങ്ങല്‍ മുഴക്കുന്നവരുമായി സംഭാഷണം നടത്താന്‍ പറ്റില്ല എന്നായിരുന്നു ഹമാസുമായി സംഭാഷണത്തിന് സന്നദ്ധമാണോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി.

Related Articles