Current Date

Search
Close this search box.
Search
Close this search box.

അക്ഷര വായന അപക്വനിലപാടുകളിലെത്തിക്കും: വി.ടി അബ്ദുല്ലക്കോയ

ദോഹ: മതാധ്യാപനങ്ങളുടെ അക്ഷര വായനയാണ് ഇന്ന് കാണുന്ന പല അപക്വനിലപാടുകളുടെയും അടിസ്ഥാന കാരണമെന്ന് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി കേരള ഉപാധ്യക്ഷന്‍ വി.ടി അബ്ദുല്ലക്കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു. വിശുദ്ധ ഖുര്‍ആന്റെ വിവരണ ശൈലി വിജ്ഞാനകോശത്തിന്റെ ശൈലിയല്ലെന്നും ഖുര്‍ആനികാധ്യാപനങ്ങളും പ്രവാചന വചനങ്ങളും പൂര്‍ണ്ണമായി മനസ്സിലാക്കുന്നതിലൂടെ മാത്രമെ മതവിധികള്‍ മനസ്സിലാക്കാന്‍ സാധിക്കുകയുളളുവെന്നും അദ്ദേഹം പറഞ്ഞു. ‘ഇസ്‌ലാം തീവ്രതക്കും ജീര്‍ണതക്കും മധ്യേ’ എന്ന വിഷയത്തില്‍ ശൈഖ് അബ്ദുല്ലാഹ് ബിന്‍ സൈദ് ആല്‍ മഹമൂദ് ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ കീഴില്‍ ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബില്‍ നടന്ന പൊതുമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ ഇസ്‌ലാമിന്റെ മുഖമുദ്രയായ സന്തുലിതത്വം നഷ്ടപ്പെടുന്നതാണ് ഇന്ന് കാണുന്ന പല പ്രശ്‌നങ്ങളുടെയും കാരണം. ശരിയായ മതബോധത്തില്‍ വളരുന്ന ആത്മീയത അപകടകരമല്ല. എന്നാല്‍ ആത്മീയത വിപണിവല്‍ക്കരിക്കപ്പെടുന്നതാണ് നാം കാണുന്നത്. ഒരു സമൂഹത്തിന്റെ സാമൂഹിക ചുറ്റുപാട് അവര്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന ഘടകമാണ്. എല്ലാ പ്രവാചകന്‍മാരും ഓരേ സന്ദേശവുമായാണ് ലോകത്ത് വന്നതെങ്കിലും അവരുടെ സാഹചര്യങ്ങള്‍ പരിഗണിച്ചുളള വ്യത്യസ്ത നിലപാടുകളാണ് പ്രവാചകന്‍മാര്‍ സ്വീകരിച്ചത്. ഇന്ത്യപോലുളള ബഹുസ്വര സമൂഹത്തില്‍ വിവിധ മതാഘോഷങ്ങള്‍ സമുദായങ്ങള്‍ തമ്മിലുളള മതിലുകള്‍ തകര്‍ത്ത് സഹോദര്യത്തിന്റെ പാലം പണിയാനുളള അവസരങ്ങളായി ഉപയോഗിക്കണം. സാമൂഹിക ജീവിതത്തില്‍ നിന്നും ഒളിച്ചോടുന്നതല്ല ഇസ്‌ലാമിന്റെ നിലപാടെന്നും സമൂഹ്യ പരിഷ്‌ക്കരണ പ്രവൃത്തനങ്ങളില്‍ പങ്കാളിത്വം വഹിക്കുന്നതാണ് ശരിയായ ഇസ്‌ലാമിക നിലപാടെന്നും അദ്ദേഹം പറഞ്ഞു.
ഇസ്‌ലാമിന്റെ പക്ഷത്ത് നിന്ന് നടക്കുന്ന അവകാശ, സ്വാതന്ത്ര്യ പേരാട്ടങ്ങളെ പോലും ഇസ്‌ലാമോഫോബിയ ഉപയോഗിച്ച് തകര്‍ക്കാനുളള ശ്രമമാണ് ഇന്ന് നടക്കുന്നതെന്ന് പരിപാടിയില്‍ ‘ഇസ്‌ലാമോഫോബിയ’ എന്ന വിഷയത്തില്‍ സംസാരിച്ച മുഹമ്മദ് ശമീം പാപ്പിനിശ്ശേരി പറഞ്ഞു. സംഘ്പരിവാര്‍ മുന്നോട്ട് വെക്കുന്ന ആശയങ്ങളോട് യോജിക്കാന്‍ തയ്യാറല്ലാത്തവരെ  രാജ്യത്ത് അപരസ്ഥാനത്ത് നിര്‍ത്താനും മോശക്കാരായി ചിത്രീകരിക്കാനമുളള ശ്രമങ്ങളാണ്  നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍  വി.ടി ഫൈസല്‍ അധ്യക്ഷത വഹിച്ചു.  കെ. അബ്ദുസ്സലാം സ്വാഗതവും  പി.പി അബ്ദുറഹീം നന്ദിയും പറഞ്ഞു. വസീം അബ്ദുല്‍ വാഹിദ് ഖിറാഅത്ത് നടത്തി.

Related Articles