Current Date

Search
Close this search box.
Search
Close this search box.

ജൂതന്മാരെ വിശുദ്ധരാക്കുന്ന ഇസ്രായേൽ ലൈംഗിക നിയമം

വളരേ വിചിത്രമായ ഒരു നിയമമാണ് കഴിഞ്ഞ മാസം അവസാനം ഇസ്രായേൽ പാർലമെന്റ് പാസാക്കിയത്. ബലാത്സംഗം, ലൈംഗികാതിക്രമം തുടങ്ങിയ ലൈംഗിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ജൂത ഇസ്രായേലികൾക്ക് ഫലസ്തീൻ പൗരന്മാരേക്കാൾ കുറഞ്ഞ ശിക്ഷ നൽകണമെന്നാണ് ഈ പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്. ഈ നിയമത്തിനെതിരെ വ്യാപകമായ വിമർശങ്ങളാണ് ഉയർന്നു വന്നത്.

39 എംപിമാരുടെ പിന്തുണയോടെ പാസാക്കിയ “ലൈംഗിക ഭീകരത” നിയമം, ജൂത സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുകയോ ഉപദ്രവിക്കുകയോ ചെയ്ത ഇസ്രായേലിലെ ഫലസ്തീൻ പൗരന്മാരെയാണ് നേരിട്ട് ടാർഗറ്റ് ചെയ്യുന്നത്. “ദേശീയത”യാണ് അതിന് പിന്നിൽ പ്രവർത്തിക്കുന്നത് എന്നാണ് അവർ വിശദീകരിക്കുന്നത്. കുറ്റകൃത്യത്തിലേർപ്പെടുന്ന ഫലസ്തീനികൾക്കുള്ള ശിക്ഷ ഇനിയും ഇരട്ടിച്ചേക്കാം. 16 വർഷമായിരുന്നു ഇതുവരെ പരമാവധി ശിക്ഷാ കാലാവധി.

സാധാരണക്ക് വിപരീതമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയും പ്രതിപക്ഷത്തുള്ള തീവ്ര വലതുപക്ഷ കക്ഷിയായ ഇസ്രായേൽ ബെയ്റ്റീനുവും ഒറ്റക്കെട്ടായാണ് ഇവ്വിഷയകമായി ഇടപെട്ടത്.

വളരെ വിവാദപരമായ ജുഡീഷ്യൽ പരിഷ്കാരങ്ങളുടെ പേരിൽ ഇസ്രായേൽ രാഷ്ട്രീയം പ്രതിസന്ധിയിലായിരിക്കുന്ന ഒരു സമയത്ത് പോലും ഇസ്രായേൽ പാർലമെന്റായ നെസെറ്റിൽ ഉഭയകക്ഷി പിന്തുണയോടെയാണ് പ്രസ്തുത ബിൽ പാസാവുന്നത് എന്ന വസ്തുത മറക്കരുത്. അതിലുപരി, നിയമനിർമ്മാണത്തിലെ ഫലസ്തീന് എതിരെയുള്ള വിവേചനപരമായ സമീപനത്തിന്റെ ഏറ്റവും പുതിയ ഉദാഹണമാണിത്.

എതിർത്ത് വോട്ട് ചെയ്തവരിൽ ആറ് പേരും ഇസ്രായേലിലെ പലസ്തീൻ പൗരന്മാരാണ്, ഒരൊറ്റ എം പി മാത്രമാണ് ജൂത പക്ഷത്ത് നിന്നുള്ളത്. “ഇതല്ല ഒരു പ്രതിപക്ഷത്തിൻ്റെ രീതി. ജനാധിപത്യത്തിനായുള്ള പോരാട്ടം ഇങ്ങനെയല്ല. ലജ്ജിക്കൂ,” എന്നാണ് ഇസ്രായേൽ മാധ്യമപ്രവർത്തകൻ യിസ്രായേൽ ഫ്രേ ഇതേ പ്രതി ട്വീറ്റ് ചെയ്തത്.

ലൈംഗികാതിക്രമത്തിന് ഇരയായവരെ ചൂഷണം ചെയ്യുകയും ഫലസ്തീൻ പൗരന്മാരെ സാരമായി ബാധിക്കുകയും ചെയ്യുന്ന ഒരു വംശീയ നിയമത്തിന് തുല്യമാണ് പുതിയ നിയമനിർമ്മാണം എന്ന് രാഷ്ട്രീയ നിരീക്ഷകരും സ്ത്രീകളുടെ അവകാശ പ്രവർത്തകരും രൂക്ഷമായ ഭാഷയിൽ തന്നെ വിമർശനം ഉന്നയിച്ചു.

കുറ്റവാളിയുടെ സത്വം പീഡിതരുടെ വേദനയിൽ വല്ല വ്യത്യാസവും വരുത്തുമോ എന്ന് ചോദിച്ച്
ഇടതുപക്ഷ പാർട്ടിയായ ഹദാഷിൻ്റെ പ്രതിനിധി ഐദ ടൗമ-സുലൈമാൻ അക്രമിയുടെ ഐഡന്റിറ്റി നോക്കി വ്യതസ്ത വിധി കൊണ്ടുവരുന്നതിലെ അപക്വതയെ പരിഹസിച്ചു.

“ചെക്ക്‌പോസ്റ്റുകളിൽ ഫലസ്തീൻ സ്ത്രീകളെ ശല്യപ്പെടുത്തുന്ന ഇസ്രായേലി ഉദ്യോഗസ്ഥരെയോ ചോദ്യം ചെയ്യലിനിടെ അവരെ ശല്യപ്പെടുത്തുന്ന ഷിൻ ബെറ്റ് ഉദ്യോഗസ്ഥരെയോ ഈ നിയമം ശിക്ഷിക്കുന്നില്ല. ഇത് അറബ് വംശജർക്ക് എതിരെ മാത്രം ഉപയോഗിക്കുന്നതിന് അവർ തന്നെ വികസിപ്പിച്ചെടുത്ത നിയമമാണ്” ടൂമ-സുലൈമാൻ മിഡിൽ ഈസ്റ്റ് ഐയോട് പറഞ്ഞു.

“എല്ലാ ലൈംഗിക കുറ്റവാളികളും നിന്ദ്യരും വൃത്തികെട്ടവരുമാണ്. ഇരയുടെ ഐഡന്റിറ്റി പരിഗണിക്കാതെ, അവൾ അറബിയാണെങ്കിലും ജൂതനാണെങ്കിലും ഇടതുപക്ഷമാണെങ്കിലും വലത് പക്ഷമാണെങ്കിലും പ്രതികൾ ഒരു പോലെ ശിക്ഷിക്കപ്പെടണം” അവർ കൂട്ടിച്ചേർത്തു.
“ലൈംഗിക പീഡനത്തിന് ഇരയായവരുടെ വേദനയും കഷ്ടപ്പാടും മുതലെടുത്ത് അറബ് വിരുദ്ധത പ്രേരിപ്പിക്കുന്ന ഈ സർക്കാരിനെ ഓർത്ത് ലജ്ജിക്കുന്നു.”

ചെറുത്ത്നിൽപ്പ് എന്ന ന്യായീകരണം
ഇസ്രയേലിലും അധിനിവേശ വെസ്റ്റ് ബാങ്കിലും “ദേശീയവാദികളിൽ വളർന്നു വരുന്ന ഒരു പ്രതിഭാസത്തെ” ചെറുക്കാനാണ് ഈ നിയമം എന്നാണ് ബില്ലിന്റെ സ്പോൺസർമാരായ ലിമോർ സൺ ഹാർ-മെലെക്കും ഇസ്രായേൽ ബെയ്‌റ്റീനുവിന്റെ യൂലിയ മാലിനോവ്‌സ്‌കിയും പറയുന്നത്. രണ്ടാഴ്ച മുമ്പ് നിയമത്തെക്കുറിച്ചുള്ള ഒരു ചർച്ചയിൽ, സൺ ഹർ-മെലെക്ക് പറഞ്ഞത് നോക്കു: ഈ ബിൽ “ഇരകളാക്കപ്പെടുന്ന ജൂത സ്ത്രീകൾക്ക് ഉചിതമായ പരിഗണന” നൽകുന്നു.

അധിനിവേശ വെസ്റ്റ് ബാങ്കിൽ ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളിൽ നിന്ന് “ദേശീയത കാരണം” ലൈംഗിക പീഡനം നേരിടേണ്ടി വന്നതിന് ഡസൻ കണക്കിന് സാക്ഷ്യങ്ങൾ കേട്ടതായി മകൻ ഹർ-മെലെക്ക് അവകാശപ്പെട്ടു.
“ദേശീയവാദമാണ്” ലൈംഗികാതിക്രമങ്ങൾക്ക് പ്രേരകമാവുന്നത് എന്ന വാദത്തെ പലസ്തീൻ, ഇസ്രായേലി സ്ത്രീകളുടെ അവകാശ സംരക്ഷക പ്രവർത്തകർ നിഷേധിച്ചു.

“ദേശീയവാദത്തിന്റെ പേരിൽ ഒരു ബലാത്സംഗം” തന്റെ ഗ്രൂപ്പിന് ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല എന്ന് അസ്സിവാർ-അറബ് ഫെമിനിസ്റ്റ് പ്രസ്ഥാനത്തിലെ ആക്ടിവിസ്റ്റായ ലൈല ജരോഷി പറഞ്ഞു,
“ലൈംഗിക ആക്രമണത്തിന് പ്രേരകമായതെന്താണ് എന്ന് നിയമപരമായി അവർ നിർണ്ണയിക്കുമോ?” അവൾ ചോദിച്ചു.

ബലാത്സംഗമാകാം എന്നാൽ അതൊരു ഫലസ്തീനിയിൽ നിന്നാകരുത്. അവർ പ്രധാനമായും സ്ത്രീകളോട് പറയുന്നു, സ്ത്രീ-പീഡനമല്ല പ്രശ്നം. മറിച്ച് കുറ്റവാളിയുടെ ഐഡന്റിറ്റിയാണ് പ്രശ്നം ഇതാണവർ സ്ത്രീ സമൂഹത്തിന് നൽകുന്ന സന്ദേശം.

“തീവ്ര ദേശീയ വാദവും വംശീയതയും -ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ- ഉൾച്ചേർന്നു കിടക്കുന്ന ഒന്നാണീ നിയമം. ഇത് സ്ത്രീകളുടെ ശരീരത്തെ നഗ്നമായ ചൂഷണമാണ്.”

ഈ നിയമത്തിൻ്റെ വംശീയ സ്വഭാവം 1930-കളിലെ ജർമ്മനിയിലെ ന്യൂറംബർഗ് നിയമങ്ങളുമായി സാമ്യതയുണ്ട് എന്ന് ഇസ്രായേലിലെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രസ്ഥാനം ബി’സെലെമിന്റെ ചെയർമാനും എഴുത്തുകാരനുമായ ഓർലി നോയ് പറയുന്നു. “ജൂത പ്രത്യയശാസ്ത്രത്തിന്റെ മേധാവിത്വമാണ് ഇത്തരം അപകടകരമായ സർക്കാർ നയങ്ങളിലെല്ലാം പ്രകടനമാകുന്നത്.” നോയ് കൂട്ടിച്ചേർത്തു

“ലൈംഗിക കുറ്റകൃത്യങ്ങൾക്കെതിരെ ഗൗരവമായി പോരാടുന്നതിനുപകരം, അവർ ഒരു ദേശീയവാദത്തെയും വംശീയതയെയും കൂട്ടു പിടിച്ച് സ്ത്രീയുടെ ശരീരത്തെ ചൂഷണം ചെയ്യുകയും ജൂത മേധാവിത്വം സ്ഥാപിക്കുന്നതിനുള്ള മറ്റൊരു ഉപകരണമാക്കി മാറ്റുകയും ചെയ്യുന്നു.”

ഈ വർഷം മെയ് മാസത്തിൽ, പ്രസിദ്ധീകരിച്ച ലിംഗസമത്വ സൂചികയിൽ ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റ് (OECD) ൽ അംഗങ്ങളായ 38 രാജ്യങ്ങളിൽ അവസാന സ്ഥാനത്താണ് ഇസ്രായേൽ.

ഇസ്രയേലി രാഷ്ട്രീയത്തിൽ തീവ്ര വലതുപക്ഷത്തിന്റെ വർദ്ധിച്ചുവരുന്ന സ്വാധീനവും തീവ്രവാദ വ്യവഹാരവും ഉയർന്നുവരുന്നത് രാഷ്ട്രീയത്തിലും തൊഴിലിടങ്ങളിലും സൈനിക മേഖലയിലും സ്ത്രീകൾക്കെതിരായ വിവേചനത്തിലാണ് കലാശിക്കുന്നത്.

2022 നവംബറിൽ, അസോസിയേഷൻ ഓഫ് റേപ്പ് ക്രൈസിസ് സെന്റർസിന്റെ ഒരു റിപ്പോർട്ട് ഇസ്രായേലി സൈന്യത്തിലും ജയിൽ ഉദ്യോഗസ്ഥരിലും പോലീസിലും ലൈംഗിക അതിക്രമങ്ങളുടെ വർദ്ധനവ് വെളിപ്പെടുത്തുന്നുണ്ട്. ഈ സ്ഥാപനങ്ങളിലെ “പുരുഷാധിപത്യം” ആണ് ഈ വർദ്ധനവിന് കാരണമായതെന്നാണ് നിഗമനം.

നീതിന്യായ, ദേശീയ സുരക്ഷാ മന്ത്രിമാർ ദേശീയ സുരക്ഷാ സമിതിക്ക് വർഷം തോറും “ദേശീയത”യൂടെ പേരിൽ നടക്കുന്ന ലൈംഗികാതിക്രമങ്ങളുടെ അന്വേഷണ റിപ്പോർട്ട് ദേശീയ സുരക്ഷാ സമിതിക്ക് നൽകണം എന്ന് പുതിയ ബിൽ വ്യവസ്ഥ ചെയ്യുന്നു.

വിവ- മുജ്തബ മുഹമ്മദ്‌

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles