Current Date

Search
Close this search box.
Search
Close this search box.

എത്ര ഫലസ്തീനികളെയാണ് ഇസ്രായേൽ ജയിലിലടച്ചത് ?

സെപ്റ്റംബർ ആറിനാണ് അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ അതിർത്തിക്കു സമീപം സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷ സംവിധാനങ്ങളുള്ള ഗിൽബോ ജയിലിൽ നിന്നും ആറ് ഫലസ്തീനികൾ രക്ഷപ്പെട്ടത്. തങ്ങളുടെ സെല്ലിനകത്തെ ടോയ്‌ലറ്റിൽ നിന്നും തുരങ്കമുണ്ടാക്കി അതിലൂടെയാണ് ഇവർ പുറത്തുകടന്നത്. മാസങ്ങളെടുത്താണ് ഇതിന് വേണ്ടി അവർ തുരങ്കമുണ്ടാക്കിയത്. പുലർച്ചെ 3.30ഓടെയാണ് ഇവർ രക്ഷപ്പെട്ടതായി ഇസ്രായേൽ ജയിൽ അധികൃതർ തിരിച്ചറിഞ്ഞത്.

തുടർന്ന് ഇസ്രായേൽ പൊലിസ്, സൈന്യം, രഹസ്യാന്വേഷണ സംഘടന എന്നിവർ സംയുക്തമായി തിരച്ചിൽ നടത്തി. സമീപപ്രദേശങ്ങളിലെ ചെക്‌പോസ്റ്റുകളിലും മറ്റും തിരച്ചിൽ ശക്തമാക്കി. സെപ്റ്റംബർ 11ന് ഇതിൽ നാല് പേരെ അറസ്റ്റ് ചെയ്തതായി ഇസ്രായേൽ പൊലിസ് അറിയിച്ചു. രണ്ട് പേർ ഇപ്പോഴും ഒളിവിലാണ്.

വാരാന്ത്യങ്ങളിൽ ഫലസ്തീനിലെ വിവിധ നഗരങ്ങളിൽ ഇസ്രായേൽ തടങ്കലിൽ അടച്ചവർക്ക് ഐക്യദാർഢ്യമർപ്പിച്ച് റാലികൾ അരങ്ങേറി. ഫലസ്തീൻ തടവുകാർക്ക് വേണ്ടിയുള്ള അവകാശ സംഘടനയായ അദ്ദാമീർ പുറത്തുവിട്ട കണക്കുപ്രകാരം 4650 ഫലസ്തീൻ തടവുകാർ ഇസ്രായേൽ ജയിലുകളിലുണ്ട്. ഇതിൽ 520 പേരെ കുറ്റപത്രമോ വിചാരണയോ ഇല്ലാതെയാണ് ജയിലിലടച്ചിരിക്കുന്നത്. 200 പേർ കുട്ടികളാണ്, 40 പേർ സ്ത്രീകൾ, 544 ജീവപര്യന്തം തടവിന് വിധിക്കപ്പെട്ടവർ, 499 പേർ 20 വർഷത്തിലധികമായി തടവുശിക്ഷ അുഭവിക്കുന്നവരുമാണ്.

2021 ജനുവരിയിൽ മറ്റൊരു ഫലസ്തീൻ എൻ.ജി.ഒ പുറത്തുവിട്ട കണക്ക്പ്രകാരം 5500 ഫലസ്തീനികൾ ഇസ്രായേൽ ജയിലുകളിലുണ്ട്. കഴിഞ്ഞ മേയ് മാസത്തിലാണ് ഏറ്റവും കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തത്. 3100 പേരാണിത്. ഇസ്രായേലിന്റെ അനധികൃത കുടിയേറ്റത്തിനെതിരെ ശബ്ദിച്ച രാഷ്ട്രീയ തടവുകാരായാണ് ഫലസ്തീനികൾ അവരെ കാണുന്നത്.

കുട്ടി തടവുകാർ

2000 മുതൽ ഇതുവരെയായി ഇസ്രായേൽ സൈന്യം 12000 കുട്ടികളെയാണ് തടവിലാക്കിയത്. ഇതിൽ കൂടുതൽ കുട്ടികൾക്കുമെതിരെ സൈന്യത്തിന് നേരെ കല്ലെറിഞ്ഞ കുറ്റമാണ് ചുമത്തിയത്. കല്ലെറിഞ്ഞാൽ ഇസ്രായേൽ സൈനിക നിയമത്തിന് കീഴിൽ 20 വർഷം വരെ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. കുട്ടികളെ സൈനിക കോടതിയിൽ വിചാരണ നടത്തുന്ന ലോകത്തെ ഏക രാഷ്ട്രമാണ് ഇസ്രായേൽ. കുട്ടികളുടെ പ്രാഥമിക അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുകയാണ്. നിലവിൽ 200 കുട്ടികൾ ഇസ്രായേൽ ജയിലുകളിലുണ്ട്. ഇവരിൽ ഭൂരിഭാഗവും വിചാരണയ്ക്ക് മുമ്പുള്ള തടങ്കലിലാണ്, ഇവർക്കെതിരെ ഒരു കുറ്റവും ചുമത്തിയിട്ടില്ല.

കഴിഞ്ഞ 10 വർഷത്തിലേറെയായി ഇസ്രായേൽ തടങ്കലിലടച്ച 470 ഫലസ്തീനികളോട് സേവ് ദി ചിൽഡ്രൻ എന്ന സംഘടന നടത്തിയ ചോദ്യങ്ങളിൽ നിന്നും ലഭിച്ച ഉത്തരങ്ങളാണ് താഴെ. 8 ശതമാനം പേർ ശാരീരിക അതിക്രമങ്ങൾക്കിരയായി. 86% ചോദ്യം ചെയ്യലിന് വിധേയരായി, 88%ന് മതിയായ ആരോഗ്യ പരിചരണം ലഭിച്ചില്ല. 89% പേരുടെ കണ്ണുകൾ മൂടികെട്ടുകയോ ഇരുട്ടറകളിലടക്കുകയും ചെയ്തു. 52 ശതമാനം പേരെ കുടുംബത്തെ ഭീഷണിപ്പെടുത്തുമെന്ന് പറഞ്ഞു. 47 ശതമാനം പേർക്ക് അഭിഭാഷകനെ ബന്ധപ്പെടാൻ അവസരം കൊടുത്തില്ല.

കുറ്റപത്രമോ വിചാരണയോ ഇല്ലാത്ത തടവുകാർ

നിലവിൽ 520 തടവുകാർ ഇത്തരത്തിൽ ഭരണകൂട തടങ്കലിൽ കഴിയുന്നവരാണ്. ഇതിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടും. ആറു മാസം വരെ ഇവരെ ഇത്തരത്തിൽ കുറ്റം ചുമത്താതെ സൈന്യത്തിന് തടവിൽ വെക്കാം. അന്താരാഷ്ട്ര നിയമമനുസരിച്ച്, അധിനിവേശ രാജ്യത്തിന് പുറത്ത് തടവുകാരെ കൈമാറുന്നതിനും തടവിലാക്കുന്നും നിരോധിച്ചിട്ടുണ്ട്. എന്നാൽ ഇസ്രായേലിന്റെ നിരവധി ജയിലുകൾ അതിർത്തിക്ക് പുറത്താണ്.

വർഷങ്ങളായി, തടവിലാക്കപ്പെട്ടവർ അഹിംസാത്മക പ്രതിഷേധമെന്ന നിലയിൽ നിരവധി ജയിലിൽ നിരാഹാര സമരം നടത്തുന്നുണ്ട്. എല്ലാ വർഷവും ഏപ്രിൽ 17 -ന് ഫലസ്തീൻ തടവുകാരുടെ ദിനമായി കൊണ്ടാടുന്നുമുണ്ട്. ഇസ്രായേലി ജയിലുകളിൽ കഴിയുന്നവരുടെ ദുരവസ്ഥയും ഇസ്രായേൽ അധിനിവേശത്തിനെതിരായും സ്വാതന്ത്ര്യത്തിനും വേണ്ടിയും പോരാടിയ ഫലസ്തീനികളെ അനുസ്മരിക്കുന്നതിനാണ് ഈ ദിനം കൊണ്ടാടുന്നത്.

 

???? വാട്സാപ് ഗ്രൂപ്പില് അംഗമാവാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

അവലംബം: അൽജസീറ
വിവ: സഹീർ വാഴക്കാട്

Related Articles