Current Date

Search
Close this search box.
Search
Close this search box.

കാലാന്തരത്തിൽ സംഭവിക്കുന്ന വ്യക്തിത്വവികാസം

ഒരാളുടെ വ്യക്തിത്വത്തിന് രൂപം നൽകുന്ന പല സവിശേഷ ഘടകങ്ങളും ഉണ്ട്. അയാളെ മറ്റുള്ളവരിൽ നിന്നും സദാ വ്യത്യസ്തനും അതുല്യനുമാക്കി നിർത്തുന്ന അതിവിശിഷ്ടമായ പലതിനെയും സംയുക്തമാക്കിയും ചേർത്ത് വെച്ചും ഒരു പ്രത്യേക രീതിയിലേക്ക് വിന്യസിച്ച്, അച്ചുകൾ നിരത്തുന്ന പോലെ നിരത്തി പാകപ്പെടുത്തുന്ന ഒരു ക്യാരക്ടറിന് അതിന്റെ സ്വഭാവഘടനയ്ക്ക് കൃത്യമായ അഴകും ആകൃതിയും വരുത്തുന്നതിൽ പങ്ക് വഹിക്കുന്ന അല്ലെങ്കിൽ ഹേതുവാകുന്ന ഓരോ ഘടകങ്ങളെക്കുറിച്ചും ഇന്ന് കാലത്തിന്റെ അനിവാര്യതയെന്ന പോലെ സോഷ്യൽ മീഡിയകളിലും ക്ലബ്ബ്ഹൗസിലെ റൂമുകളിലും ആനുകാലികങ്ങളിലും മറ്റും കൂലങ്കഷമായ ചർച്ചകളും ലേഖനങ്ങളും കണ്ടുവരുന്നു. കാലാന്തരത്തിൽ മനുഷ്യമസ്തിഷ്ക്കത്തിലും പല തരത്തിലുള്ള അന്തരീക പരിണാമങ്ങൾ സംഭവിക്കുന്നുണ്ട്, അതായത് കോഗ്നറ്റിവിലി മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന് മനഃശാസ്ത്ര വിദഗ്ദ്ധർ പറയുന്നു. മനുഷ്യന്റെ ബ്രെയിൻ കാലക്രമേണ പൂർവ്വാവസ്ഥയിൽ നിന്നും വികാസം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ഹ്യൂമൻ സൈക്കോളജി പഠനത്തിലെ ഓരോ വഴിത്തിരിവുകളും മനുഷ്യമസ്തിഷ്ക്കത്തിന്റെയും നാഡീവ്യൂഹങ്ങളുടെയും പ്രവർത്തന രീതികളെ മാത്രമല്ല വ്യത്യസ്ത തലങ്ങളെയും വശങ്ങളെയും ആഴത്തിൽ പഠിച്ചുകൊണ്ടിരിക്കുന്ന ഈയൊരു സാഹചര്യത്തിൽ വിസ്മയകരമായ കണ്ടെത്തലുകൾക്കാണ് ഇനിയും ലോകം സാക്ഷ്യം വഹിയ്ക്കാനിരിയ്ക്കുന്നത്. ജനനത്തിനും മരണത്തിനുമിടയിൽ ഉദിക്കുന്ന ചില ആശങ്കകൾ അല്ലെങ്കിൽ ചിന്തകൾ ഉണ്ട്. താൻ എന്നാൽ എന്താണ്? താൻ ഇങ്ങനെയൊരു മനുഷ്യനായതിൽ എന്തൊക്കെ സ്വാധീനം ചെലുത്തിയിരിക്കാം? ഇത്തരം ചിന്തകൾ മനുഷ്യമനസ്സിനെ മറ്റൊരു തലത്തിലേയ്ക്ക് ഉയർത്തും.

വീടുകളിൽ ഇരുന്നുകൊണ്ട് തന്നെ സാധാരണ ജനങ്ങൾക്കും കൂടെ ഇരുന്ന് ശ്രവിക്കാനും ഗ്രഹിക്കാനും തക്കവിധം മനുഷ്യമനസ്സുമായി ബന്ധപ്പെട്ട് കിടക്കുന്ന ഇതുപോലെയുള്ള ചർച്ചകളും വാദങ്ങളും ഒരു പൊതുവേദിയിൽ നടക്കുന്നത്, ഇതിനൊക്കെ ചിലരെങ്കിലും മുൻകൈ എടുക്കുന്നത് തീർച്ചയായും ആശാവാഹമാണ്. ഒരു മനുഷ്യത്വഗുണമുള്ള ചിന്തയോ അറിവോ ഒരു വ്യക്തിയുടെ മനസ്സിനെ ശരിയായ കോണിലൂടെ, ആഴത്തിൽ സ്പർശിക്കുമ്പോഴാണ് വിചിന്തനത്തിനും പുനർചിന്തിയ്ക്കും അല്പമെങ്കിലും സാധ്യത ഉണ്ടാവുന്നത്.

അതേസമയം ചിലരെങ്കിലും പുസ്തകത്തിൽ നിന്ന് കൈവന്ന അറിവോ, ഓരോ കേട്ടറിവും വെച്ച് സ്വന്തം മക്കളെ ഒരുതരം സ്റ്റഡി മെറ്റിരിയലോ അല്ലെങ്കിൽ പരീക്ഷണ വസ്തുവോ, പഠനോപകരണമോ മാത്രമായി കാണുമോ എന്ന ശങ്ക നിലനിൽക്കുന്നുണ്ട്. വൈകാരിക പരിഗണനയും സപ്പോർട്ടും മനുഷ്യർക്ക് വളരെ മുഖ്യമാണ്. ഒരിക്കലും ഒരു യന്ത്രമോ വസ്തുവോ അല്ലല്ലോ മനുഷ്യർ. മിലിട്ടറി ചിട്ടകളും കുട്ടികളോട് പാടില്ല. ആരോ റിമോട്ടിൽ ചലിപ്പിക്കുന്ന പോലെ യാന്ത്രിക ചലനത്തിലേക്ക് ഒതുക്കുന്ന സിസ്റ്റത്തോടോ സമ്പ്രദായത്തോടൊ പൊരുത്തപ്പെടാൻ വയ്യാത്ത സാഹചര്യത്തിൽ ചിലപ്പോഴെല്ലാം മനുഷ്യന്റെയുള്ളിൽ സഹജമായ, ഉറങ്ങിക്കിടക്കുന്ന ഒരു പ്രതിയോഗി ഉണരുകയും അവൻ അല്ലെങ്കിൽ അവൾ നിഷേധിയെന്ന രൂപത്തിലേക്ക്, റെബലിസത്തിലേക്ക് മാറാനും സാധ്യതയുണ്ട്. കുഞ്ഞുങ്ങളെ സ്വതന്ത്ര വ്യക്തികളായി മാതാപിതാക്കൾ കാണേണ്ടതുണ്ട്. ഉടമസ്ഥാവകാശ മനോഭാവത്തോടെയുള്ള സമീപനം അത്ര അഭിലഷണീയമല്ല. മേൽപ്പറഞ്ഞ കാര്യങ്ങളൊക്കെ അവരിലെ സ്വാഭാവികതയെയ് നൈസർഗ്ഗീകഥയെയും നഷ്ടപ്പെടുത്തുമോ എന്ന് ഭയക്കേണ്ടിയിരിക്കുന്നു. വളർന്നുവരുന്ന കുട്ടികളുടെ ഏതൊരു കാര്യങ്ങളിലും ഏതൊരു തരത്തിലുമുള്ള ബാഹ്യശക്തിയുടെ അതായത് സമൂഹത്തിന്റെയോ മതപിതാക്കളുടെയോ അമിതമായ കൈകടത്തൽ ബാധിക്കുന്നത് ആ കുഞ്ഞിനെയും അവന്റെ ജീവിതത്തെയുമാവും. എല്ലാത്തിനും ലിമിറ്റ് വെയ്ക്കണം, അവർ സ്വയം മാനേജ് ചെയ്യാൻ പഠിക്കട്ടെ, കൂടെ നിന്നാൽ മതി, കുട്ടികളിൽ വിശ്വാസം പ്രകടിപ്പിക്കണം. എങ്കിൽ അവർ പല കാര്യങ്ങളിലും അസാമാന്യമായ കഴിവ് കാണിക്കും. കൃത്രിമ ഇടപെടലുകളും അവരിലെ നൈസർഗ്ഗീകതയെയും നിഷ്‌കളങ്കതയെയും മുരടിപ്പിച്ചുകളയാൻ ഹേതുവാകും. അതായത് ഇന്ന് നിലവിൽ കാണുന്നതിന്റെ മറ്റൊരു വേർഷൻ, പ്രത്യക്ഷത്തിൽ രണ്ടിന്റെയും ഫലം ഒന്ന് തന്നെ. സത്യസന്ധമായ ഇടപെടലുകൾ ആണ് ആവശ്യം.
കുട്ടികളെ അവരാവാൻ അനുവദിയ്ക്കാത്ത എന്തും ഏത് നീക്കവും വിമർശനാത്മകമാണ്, നിരുത്സാഹനീയവുമാണ്. അവരെ ഗുണദോഷിക്കുന്നതും ശിക്ഷണത്തിൽ വളർത്തുന്നതൊക്കെ ശരി, അത് അവർക്കും മറ്റുള്ളവർക്കും ആത്യന്തികമായി ഗുണം മാത്രമേ ചെയ്യുവെന്ന് പൂർണ്ണ ബോധ്യമുണ്ടെങ്കിൽ മാത്രം.

ഒരു കുഞ്ഞ് ഭൂമിയിൽ പിറവിയെടുത്ത് കഴിയുന്നതിൽ പിന്നീടങ്ങോട്ട് കടന്ന് പോകേണ്ടി വരുന്ന പത്ത് വർഷത്തിനുള്ളിൽ കുഞ്ഞിന്റെയുള്ളിൽ ക്രമേണ വികാസം പ്രാപിച്ചുവരുന്നതും രൂപപ്പെട്ടുവരുന്നതുമായ ഒരു ക്യാരക്ടർ അല്ലെങ്കിൽ സ്വഭാവഘടന താൻ ജീവിക്കുന്ന ചുറ്റുപാടുകളിൽ നിന്നും തനിയ്ക്ക് ഗോചരമായതിൽ നിന്നും സ്വയം ഗ്രഹിച്ചെടുത്തതും നേരിട്ട് അനുഭവിച്ചറിഞ്ഞതുമായ പാഠങ്ങളിൽ നിന്നും കൂടാതെ തന്നെ സ്വാധീനിച്ചതോ താൻ വിശ്വസിച്ചതോ ആയ കാര്യങ്ങളെയെല്ലാം അമൂർത്തമായ മനസ്സിന്റെ സാന്നിധ്യത്തോടെയും പിൻബലത്തോടെയും പ്രായോഗികമാക്കാനുള്ള കുഞ്ഞിന്റെ പരിശ്രമമാണ് ഈ കാലഘട്ടത്തിൽ രക്ഷിതാക്കൾക്ക് ദർശിക്കാൻ കഴിയുന്നത്. നിർദ്ദിഷ്ട കാര്യങ്ങൾ തന്നെയാണ് അടിസ്ഥാനപരമായി കുഞ്ഞുങ്ങളുടെ വ്യക്തിത്വത്തിൽ അബോധപൂർവ്വമെങ്കിലും അലിഞ്ഞു ചേരുന്നതും നിരന്തരം നിഴലിച്ചു കാണാൻ സാധിക്കുന്നതും. അതല്ല മാറ്റങ്ങൾ വേണമെങ്കിൽ സ്വയം ചിന്തിക്കുന്ന ഒരു തലത്തിലേക്ക് മനസ്സ് എത്തിച്ചേരണം, പക്വമായ ചിന്തകളും ആശയങ്ങളും അവരെ സ്വാധീനിക്കണം. അല്ലാത്ത പക്ഷം ആ വ്യക്തിയുടെ ജീവിതത്തിലുടെനീളം പ്രകടമാവുന്നതും പ്രതിഫലിക്കുന്നതുമായ ചിന്തകളും സംസാരങ്ങളുമോരോന്നും മാത്രമല്ല അവിചാരിതവും പ്രവചനാതീതവുമായ ഓരോരോ ഘട്ടങ്ങളിൽ ഏറ്റവും നിർണ്ണായകമായേക്കാവുന്ന സന്ദർഭങ്ങളിൽ പോലും എടുക്കുന്ന തീരുമാനങ്ങളും ചെയ്യുന്ന പ്രവൃത്തികളും പരിമിതമായ അറിവുകളിൽ നിന്നായിപ്പോവും. അപ്പോഴാണ് ജീവിതം കൂടുതൽ സങ്കീർണ്ണമാവുന്നത്.

ഒരുപക്ഷേ ജനിതകപരമോ, ജന്മനാ ഉണ്ടായ ശാരീരിക മാനസിക പ്രശനങ്ങളോ കാരണം കുഞ്ഞുങ്ങളിൽ വികലമായ ചിന്തകളോ, കാഴ്ചപ്പാടുകളോ, മനുഷ്യത്വവിരുദ്ധമായ പ്രവൃത്തികളോ കണ്ടേക്കാം. ഇവയെല്ലാം രക്ഷിതാക്കളുടെ സമയോചിതമായ ഇടപെടലുകൾകൊണ്ടും കുഞ്ഞുങ്ങൾക്ക് പകർന്ന് നൽകുന്ന അവബോധംകൊണ്ടും നല്ല നല്ല ശീലങ്ങളാലും കുഞ്ഞിൽ നിന്നും
ദുരീകരിച്ച് കൊടുക്കാനും മുക്തി നേടിക്കൊടുക്കാനും സാധിക്കും. മാർഗ്ഗനിർദ്ദേശങ്ങളുടെ അപര്യാപ്തത കാരണം ഒരു കുട്ടിയിൽ അത്തരം പ്രവണതകൾ പ്രകടമാവുന്നെങ്കിൽ ശുണ്ഠി കാണിക്കാതെ, രൗദ്രഭാവം കൈകൊള്ളാതെ, തന്നിലെ അഹം മാറ്റിവെച്ച് ഒരു നിമിഷം രക്ഷിതാക്കൾ ആത്മസംയമനം പാലിക്കാനാണ് ആദ്യം തയാറാവേണ്ടത്. എവിടെയാണ് പിഴവ് വന്നതെന്ന് പഠിക്കാനും അതിന്റെ താഴ്‌വേരിലേയ്ക്ക് ഇറങ്ങി യഥാർത്ഥ കാരണങ്ങൾ കണ്ടെത്താനും മുൻകൈ എടുക്കണം. തന്നിലേക്ക് തന്നെ വിരൽ ചൂണ്ടപ്പെടേണ്ട അവസ്ഥയും വന്നേക്കാം. തന്റെ ഭാഗത്ത്‌ നിന്നുണ്ടായ നിഷ്ക്രിയത്വം, അനാസ്ഥ അല്ലെങ്കിൽ ആശ്രദ്ധ മൂലമാണെന്ന് തിരിച്ചറിയാൻ സാധിച്ചാൽ മനസ്താപം തോന്നുകയും കുട്ടികളോട് തീർച്ചയായും മാപ്പ് ചോദിക്കുകയും കൂടി ചെയ്യുമ്പോഴാണ് രക്ഷിതാക്കൾ ഉത്തമരും മാതൃകാ രക്ഷകരും ആവുന്നത്. മാപ്പ് പറയാൻ കുട്ടികളും ശീലിക്കുന്നത് അപ്പോഴാണ്.

വ്യക്തിത്വ രൂപീകരണത്തിൽ രക്ഷിതാക്കൾക്കുള്ള പങ്ക് ചർച്ച ചെയ്യപ്പെടുന്നത് എന്തുകൊണ്ടും ഗുണം ചെയ്യുകയേ ഉള്ളൂ.
ബഹുഭൂരിപക്ഷം രക്ഷിതാക്കളും സ്വന്തം മക്കളുടെ മുമ്പാകെ ഒരിക്കലും തന്നെ തന്റെ പക്ഷത്ത് നിന്നുണ്ടാവുന്ന വീഴ്ചകളെയും ദോഷങ്ങളെയും അംഗീകരിക്കാറില്ല. തനിയ്ക്ക് പറ്റുന്ന തെറ്റുകുറ്റങ്ങളെ അവരുടെ സാന്നിദ്ധ്യത്തിലോ, അവരുടെ മുമ്പാകെയോ ഏറ്റുപറയാറില്ല. നിരസിക്കാറാണ് പതിവ്. മറിച്ച് മക്കളിൽ കുറ്റം ചുമത്തുന്നതിൽ തെല്ലും മടി കാണിയ്ക്കാറുമില്ല. മക്കൾ എന്താവുന്നു, ഏതാവണം എന്നത് തീർച്ചപ്പെടുത്തുന്നത് പ്രാഥമികമായും കുഞ്ഞുനാളിൽ രക്ഷിതാക്കൾക്ക് അവരോടുള്ള സമീപനം, പെരുമാറ്റം, മനോഭാവം എന്നിവയെ അടിസ്ഥാനപ്പെടുത്തിയും കൂടെയാണ്. രക്ഷാകർതൃത്വത്തിലൂടെ കുഞ്ഞിന്റെ മനസ്സിനെ സ്വാധീനിക്കാൻ കഴിഞ്ഞാൽ മാത്രമേ ഉദ്ദിഷ്ട രീതിയിൽ ശരിയായൊരു പാതയിലേയ്ക്ക് അവരെ നയിക്കാൻ സാധിക്കുള്ളൂ.

രക്ഷിതാക്കൾക്ക് ക്ലാസ്സ് എടുക്കാൻ പോകുന്ന സഭകളിൽ അല്ലെങ്കിൽ വേദികളിൽ എന്തുകൊണ്ടോ എനിയ്ക്ക് ചിലതൊന്നും പറയാതെ തിരികെ പോരാൻ സാധിക്കാറില്ല. മക്കൾക്ക് അറിവില്ല, അവർ പ്രകടിപ്പിക്കുന്ന അടിസ്ഥാന സ്വഭാവ ഗുണങ്ങൾ നല്ലതായാലും ചീത്തയായാലും അവർക്ക് പാരമ്പര്യമായി ജീനിലൂടെ ലഭിച്ചതാണ്. അത് അവരുടെ മേന്മയോ, ന്യൂനതയോ ആയി കാണാതെ നന്മകളെ പ്രോത്സാഹിപ്പിച്ചും തിന്മകളെ വെടിഞ്ഞും ജീവിക്കാൻ ഉൾബോധം നൽകി അവരെ പ്രാപ്തരാക്കുകയാണ് വേണ്ടത്. അതേപോലെ മക്കളെ എന്നും പ്രകൃതിയുമായി ഇണങ്ങി ജീവിക്കാൻ സാഹചര്യമൊരുക്കണം. അവരെ പ്രകൃതിയിലേയ്ക്ക് സ്വതന്ത്രമാക്കി വിടണം. പട്ടം പോലെ പറക്കട്ടെ അവർ, അതിന്റെ നൂൽ രക്ഷിതാക്കളുടെ കൈകളിൽ തന്നെ സുരക്ഷിതവും സുഭദ്രവുമായിരിക്കട്ടെ. അവർക്ക് മാത്രം അർഹതപ്പെട്ട അവരുടെ മനോഹരമായ, നിഷ്‌ക്കളങ്കമായ കുട്ടിക്കാലം അവരിൽ നിന്ന് അപഹരിച്ചെടുക്കരുത്. അത് അവർക്ക് മാത്രം അവകാശപ്പെട്ടതാണ്.

പല കുട്ടികളുടെയും വ്യക്തിത്വം അതായത് അസ്തിത്വം സ്വന്തം മാതാപിതാക്കളാൽ തന്നെ നിഷ്ക്കരുണം ഹനിക്കപ്പെടുകയും നിരാകരിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യങ്ങളും ഘട്ടങ്ങളുമുണ്ട്. അതിന്റെയൊക്കെ ദൂഷ്യഫലവും പ്രത്യാഘാതവും ഭാവിയിൽ ആ കുഞ്ഞ് തന്നെ സ്വയം നേരിടേണ്ടി വരുമെന്ന് മാത്രമല്ല അവരുടെ വ്യക്തിജീവിതത്തിൽ ഹിതകരമല്ലാത്തതോ, അപഥ സൂചകമായതോ ആയ പലതും വീക്ഷിക്കപ്പെടാൻ ഇടയാക്കും. വളരെ ചെറുപ്പത്തിലെ അവരിൽ സെൽഫ് റെസ്പെക്ട് ഉണ്ടാക്കിയെടുക്കാനുള്ള ശ്രമം വിജയകരമാവണം. മനസ്സാക്ഷിയോടൊപ്പം ജീവയ്ക്കാൻ പ്രോത്സാഹനം നൽകി ആർജ്ജവമുള്ള ഒരു പുതുതലമുറയെ സാമൂഹത്തിന് സംഭാവന ചെയ്യണം. തെറ്റ് കണ്ടാൽ അച്ഛനമ്മമാരെ പോലും ചോദ്യം ചെയ്തേക്കാം അതിൽ അഭിമാനിക്കുകയാണ് വേണ്ടത്. അവരുടെ വായടപ്പിക്കാനും ഒതുക്കി നിർത്താനും ധാർഷ്ട്യം പ്രകടിപ്പിക്കുന്നതും വെമ്പൽകൊള്ളുന്നതും അനൗചിത്യപരവും അപലപനീയവുമാണ്. അവർ സംസാരിക്കട്ടെ, അവരിലെ അസ്ഥിത്വത്തെ അറിഞ്ഞു ജീവിക്കട്ടെ. എതിർക്കാനും പ്രതിഷേധിക്കാനും കൂടെ അവർക്ക് അവകാശം അനുവദിച്ചു നൽകണം. ജനാധിപത്യ മനോഭാവമാണ് നല്ലൊരു കുടുംബനാഥനിൽ കണ്ടുവരേണ്ടത്. സേച്ഛാധിപത്യമാണ് വീടുകളിൽ എങ്കിൽ മക്കളും അതേ സ്വഭാവം കാണിക്കും. ഒന്നുകിൽ വിധേയത്വം അല്ലെങ്കിൽ ആധിപത്യം രണ്ടും തെറ്റാണ്.

അതിനാൽ കുഞ്ഞുങ്ങളുടെ സ്വാതന്ത്ര്യത്തെ ധ്വംസിക്കരുത്. അതേസമയം തന്നിലെ സ്വാതന്ത്ര്യം തന്നിൽ നിക്ഷിപ്‌തമാക്കപ്പെട്ട വലിയൊരു ഉത്തരവാദിത്വമാണ് എന്ന് തീർച്ചയായും പറഞ്ഞു ബോദ്ധ്യപ്പെടുത്തി കൊടുക്കണം. മനുഷ്യർക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം തോന്നുന്ന പോലെ വിളയാടാൻ ഉള്ളതല്ല. ആത്മാവബോധമുള്ള മനുഷ്യർ ഇതെല്ലാം വിവേചിച്ചറിയാൻ പാകപ്പെട്ടവനാണ്. അപ്പോൾ വ്യക്തിത്വബോധം ഉണ്ടായാൽ മതി. സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തുന്നത് വ്യക്തിയിൽ ഇത്തരം ബോധങ്ങളുടെ അസാന്നിധ്യം തന്നെയാണ് സൂചിപ്പിക്കുന്നത്. മനവരാശിയ്ക്ക് ജ്വലിക്കുന്ന പ്രതീകമായി മക്കൾ മാറട്ടെ, അതുകൊണ്ട് മക്കൾ തിരഞ്ഞെടുക്കുന്ന മേഖലയിൽ അവർ മുന്നിട്ടിറങ്ങുന്ന ഏതൊരു ഉദ്യമത്തിനും വിജയത്തിനും വലിയൊരു നിമിത്തമാകാൻ, ശക്തമായ പിന്തുണ നൽകി കൂടെ നിക്കാൻ രക്ഷിതാക്കൾക്ക് സാധിക്കട്ടെ. അവർ തെളിയിച്ചു തരും അവരിലെ അപാരമായ കഴിവും പൊട്ടൻഷ്യലുംകൊണ്ട് എന്തെല്ലാം സാധ്യമാണെന്ന്.

ദീപ്തവും ശോഭനവുമായൊരു ഭാവിയ്ക്കൊപ്പം ആത്മാംശം സ്ഫുരിക്കുന്നതും ആത്മാർത്ഥത നിറഞ്ഞതുമായ വാക്കുകളാലും കർമ്മങ്ങളാലും വിപുലീകർക്കപ്പെട്ട, സദ്ഭാവനകളാൽ അലങ്കരിക്കപ്പെട്ട, നവീനമായ ആശയങ്ങൾകൊണ്ട് സ്വന്തമായൊരു ലോകം പുനഃസൃഷ്ടിക്കാൻ കഴിവുള്ള, വർത്തമാന കാലത്തിൽ ജീവിക്കാൻ സന്നദ്ധമായൊരു മനസ്സിനുടമയായ നല്ലൊരു വ്യക്തിത്വവും മുന്നിൽ കണ്ടുകൊണ്ട് വേണം അവരെ മോൾഡ് ചെയ്തെടുക്കാൻ. വളരെ ഖേദകരവും വൈഷമ്യം അനുഭവപ്പെടുന്നതുമായ ഒരു വിഷയം എന്താണെന്ന് വെച്ചാൽ മിക്ക അച്ഛനമ്മമാരും സ്വന്തം മക്കളെ സ്വന്തമായ ചില മുൻവിധിയുടെ മാനദണ്ഡങ്ങൾ വെച്ചളക്കുന്നൊരു പതിവ് കാഴ്ച കാണുമ്പോഴാണ്. അതല്ലെങ്കിൽ തങ്ങളുടെ ചിന്താഗതികൾക്ക് അനുസൃതമായ പരിമിതികളിലും പരിധിയിലും നിന്ന് മക്കളും കൂടെ ചിന്തിക്കണമെന്ന് പിടിവാശി, മക്കളെ സ്വന്തം ഫോട്ടോ കോപ്പി ആക്കുന്നതിന് വലിയൊരു പ്രേരണയായി, ഉത്തേജനമായി അവർ സ്വയം മാറുകയാണ് ചെയ്യുന്നത്. നിനക്ക് ഇതിന് സാധിക്കില്ല, അതിന് കഴിയില്ല എന്ന പ്രയോഗങ്ങളിലൂടെ കുഞ്ഞിന്റെയുള്ളിലെ ജ്വലിക്കാനിരിക്കുന്ന കനലും ജ്വലിച്ചു തുടങ്ങിയ അഗ്നിയെയും നിർദയം കെടുത്തിക്കളയും ആ പ്രയോഗങ്ങൾ. ഒരു തവണ അവർക്ക് എന്തെല്ലാം ചെയ്ത് കാണിക്കാൻ പറ്റുമെന്ന് പ്രൂവ് ചെയ്യാൻ അവസരം നൽകി നോക്കിയിട്ടാണോ അതുമാവില്ല. അല്ലെങ്കിലും പരാജയവും വിജയവും ആർക്കും സംഭവിക്കാവുന്നതെ ഉള്ളൂ. അവനവന് തന്നിൽ വിശ്വാസം പോര എന്നുവെച്ച് കുഞ്ഞുങ്ങളെയും അതേ കണ്ണിൽ കാണരുത്, പെണ്ണായാലും ആണായാലും അവരുടെ ഭാവി ഇല്ലാതാക്കും വിധം മൂലയ്ക്ക് ഇരുത്തരുത്.

അപസ്വരങ്ങൾ ഉതിർക്കുന്ന ഒരു വാദ്യോപകരണം പോലെ തന്റേത് അസ്വാരസ്യങ്ങളാൽ കലുഷിതമായ ഒരു ഗൃഹാന്തരീക്ഷമാണെങ്കിൽ വീടിനോട് അവർക്ക് പ്രതിപത്തിയും പ്രതിബദ്ധതയും നഷ്ടമാകും. അത് മനുഷ്യസഹജം എന്നേ പറയാൻ പറ്റൂ. ഇതൊന്നുമല്ലാതെ സമാധാനവും എല്ലാ മനസ്സിലും സന്തോഷവും വാഴുന്ന ഒരു കൂട് ഒരുക്കണമെങ്കിൽ വീടകത്തെ മുൻതലമുറയും പിൻതലമുറയും മദ്ധ്യവർത്തികളായ തലമുറയാൽ അതായത് മക്കളുടെ മാതാപിതാക്കളാൽ പരിഗണിയ്ക്കപ്പെടുന്നുണ്ടാവണം. തിരിച്ചു അവർക്കും അതേ അളവിൽ പരിഗണനയും ആദരവും നൽകാൻ മക്കളും മുതിർന്നവരും തയാറാവണം. ഒരു കുടുംബനായിക അല്ലെങ്കിൽ നായകൻ, രണ്ടുപേരുടെയും മനസ്സന്നദ്ധതയും ആർപ്പണവുമാണ് ഏതൊരു കുടുംബത്തിന്റെയും നിലനിൽപ്പിന് ജീവനാഡിയായി മാറുന്നത്. അവരുടെ ഊർജ്ജവും സമയവും അദ്ധ്വാനവും കൂടാതെ ഒരു കുടുംബവും മുന്നോട്ട് പോകില്ല.

എന്തൊക്കെ ഘടകങ്ങൾ ആയിരിക്കും വ്യക്തിത്വ വികാസത്തിൽ ഇത്രയും ആഴത്തിലോളം ചലനം സൃഷ്ടിയ്ക്കാൻ സാധിക്കുന്നവയെന്ന കാര്യത്തിൽ ഗഹനമായ പഠനങ്ങൾ നൂറ്റാണ്ടുകളായി നടക്കുമ്പോൾ തന്നെ ഈ ആധുനിക യുഗത്തിൽ മറ്റു ചിലതും കൂടെ അതിലേയ്ക്ക് കൂട്ടിയെഴുതപ്പെട്ടിരിക്കുന്നു.

മനുഷ്യമനസ്സുകളിൽ ഇന്റർനെറ്റിന്റെ ആഗമനം വരുത്തിയ മാറ്റങ്ങൾ പറയുകയാണെങ്കിൽ ഒരുപാടുണ്ട്. പഴയ സങ്കുചിത മനസ്സിൽ നിന്ന് വിശാല കാഴ്ചപ്പാടിലെയ്ക്ക് മനുഷ്യൻ പതിയെ ഉയർന്നു വന്നു. നിത്യജീവിതത്തിൽ ഇന്റർനെറ്റിന്റെ അതിപ്രസരം കാരണം ഒരുപാട് നെഗറ്റീവ് ആയ പാർശ്വഫലങ്ങൾ കണ്ടെത്താമെങ്കിലും ചിലതൊന്നും വിസ്മരിയ്ക്കാൻ പാടില്ല. വെർച്വൽ വേൾഡ് ആണെങ്കിലും ജാതി, മത, ലിംഗ, ദേശ, ഭാഷമന്യേ ആളുൾക്ക് സാമൂഹിക ഇടപെടലുകളും ആശയവിനിമയങ്ങളും നടത്താൻ കഴിഞ്ഞതിൽ പിന്നെ സോഷ്യൽ മീഡിയയുടെ ഉപയോഗം സോഷ്യൽ അവയർനസ്സ് വർദ്ധിപ്പിച്ചു. പഴഞ്ചൻ ചിന്താഗതിക്കാരിൽ ചിലരുടെ വ്യക്തിജീവിതത്തെയും വ്യക്തിത്വത്തെയും അത് പല അർത്ഥത്തിലും മാറ്റിമറിച്ചിട്ടുണ്ട്. എത്രത്തോളം എന്നുള്ളത് ചില കേസുകളിൽ പ്രവചനാതീതവുമാണ്.

ഒരു വിഭാഗം വ്യക്തിപരമായ വികാസത്തിനും ഉയർച്ചയ്ക്കും വേണ്ടി അതിനെ പ്രയോജനപ്പെടുത്തുമ്പോൾ മറ്റൊരു വിഭാഗത്തിന്റെ സർവ്വനാശത്തിന് അത് വഴിയൊരുക്കിയിട്ടുമുണ്ട്. തന്റെ ആന്തരീകമായ തൃഷ്‌ണകളെ ശമിപ്പിക്കാൻ ബാഹ്യമായ ചില തേട്ടങ്ങളിലൂടെ അവനവനെ സംതൃപ്തിപ്പെടുത്താൻ ഇത്തരം ഇടങ്ങളിൽ ബുദ്ധിപൂർവ്വവും ബോധപൂർവ്വവുമല്ലാത്ത ഇടപെടൽ കാരണം വ്യക്തിജീവിതത്തിലും കുടുംബ സാമൂഹിക ജീവിതത്തിലും ഇതുവരെ ഉണ്ടായിരുന്ന ശാന്തിയും സമാധാനവും സംഹാരം ചെയ്യപ്പെടും വിധം ദുരന്തപൂർണ്ണമായ കാഴ്ചയും കണ്ടിട്ടുണ്ട്. ഇതൊക്കെ ഗൗരവപരമായി തന്നെ വീടുകളിൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. കുടുംബത്തിലെ ഓരോ വ്യക്തികളും പരസ്പരം അംഗീകരിച്ച്, മാനിച്ച്, ആദരവ് നിലനിർത്തി കുടുംബ ബന്ധങ്ങൾ ശിഥിലമാകാത്ത വിധം മുന്നോട്ട് പോകുന്ന രീതികൾ വീടുകളിൽ ഇനിയെങ്കിലും അവലംബിക്കേണ്ടിയിരിക്കുന്നു. മനുഷ്യരിൽ വ്യക്തിത്വം രൂപപ്പെടേണ്ടത് കുടുംബ, സാമൂഹിക, വ്യക്തിയാധിഷ്ഠിതമായ ചിന്തകളും മൂല്യങ്ങളും കൊണ്ടാവണം. അത് മുഖേന ഭദ്രതയും സുരക്ഷിതവുമേകാൻ സാധിക്കുന്ന ബന്ധങ്ങളുടെ മുന്നിൽ ഒരിക്കലും സ്വാതന്ത്ര്യം അടിയറവെയ്ക്കേണ്ടതായി വരുന്നില്ല.

Related Articles