Current Date

Search
Close this search box.
Search
Close this search box.

ഐഡന്റിറ്റി, ഇൻഡിവിജ്വാലിറ്റി, പേഴ്സണാലിറ്റി

വ്യക്തിത്വത്തെക്കുറിച്ചും അതിന്റെ രൂപീകരണത്തെക്കുറിച്ചും പ്രതിപാദിക്കുന്ന അവസരത്തിൽ അതിന് അടിസ്ഥാനമായി വർത്തിക്കുന്ന ഐഡന്റിറ്റി, ഇൻഡിവിജ്വാലിറ്റി എന്നിവയെക്കുറിച്ചും നിർബ്ബന്ധമായും ചെറിയ തോതിലെങ്കിലും അവലോകനം ചെയ്യേണ്ടതുണ്ട്. അവ രണ്ടും സംഗമിക്കുന്നിടത്ത് നിന്നും ഉത്ഭവിക്കുന്ന ഒരു ഉപശാഖയാണ് പേഴ്‌സണാലിറ്റി. അനുദിനം മാറ്റങ്ങൾക്ക് വിധേയമായികൊണ്ടിരിക്കുന്നതും അന്തരീക പരിണാമത്തിലൂടെ രൂപാന്തരം പ്രാപിക്കുന്നതുമായ ഒന്നാണ് പേഴ്‌സണാലിറ്റി. സ്ഥായിയായത്‌ സ്വത്വമാണ്, എന്നുവെച്ചാൽ ഐഡന്റിറ്റിയെന്ന് പറയാം. യഥാർത്ഥത്തിൽ വ്യക്തിത്വം പടുത്തുയർത്താനുള്ള ഒരു ബെയ്‌സ് ആവുന്നത് അഥവാ വ്യക്തിപ്രഭാവത്തിന്
ജീവനാഡിയായി മാറുന്നത് ഈ പറഞ്ഞവ രണ്ടും തന്നെയാണ്. ആയതിനാൽ “പേഴ്‌സണാലിറ്റി” എന്ന ആശയത്തോടൊപ്പം ഇപ്പറയുന്ന ഇരുവിഷയങ്ങളും തുല്യപ്രാധാന്യത്തോടെ ചർച്ചാവിഷയമാക്കപ്പെടേണ്ടതുണ്ട്. കാലികപ്രസക്തിയോടെ മനുഷ്യർ ഇതുപോലെയുള്ള വിഷയങ്ങളെയും ആശയങ്ങളെയും ആഴത്തിൽ ചർച്ചയ്ക്ക് വെക്കുന്നതും അതിൽ നിന്നും ലഭിക്കുന്ന പരിജ്ഞാനവും അറിവും ഗ്രഹിച്ചെടുക്കാനും പഠിക്കാനുമായി തല്പരരാകുന്നതും അറിവിലേയ്ക്കും ആത്മബോധത്തിലേയ്ക്കുമുള്ള ജാലകം മലർക്കെ തുറന്നിടാനും പുത്തൻ ആശയങ്ങളിലൂടെ മനസ്സിന്റെ ധാരണാ ശക്തി/ അവബോധം/cognitive level പതിവിനേക്കാൾ അഭിവൃദ്ധിപ്പെടുത്താനും വിശാലമാക്കാനും വഴിയൊരുക്കുന്നുണ്ട്.

വ്യക്തിത്വവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഇത്തരം പദങ്ങളൊക്കെ നിലവിൽ ഏവർക്കും സുപരിചിതമായി മാറിയിരിക്കുന്നത് തന്നെ അതിന്റെ സൂചകമാണ്. എങ്കിൽ എന്താണ് ഐഡന്റിറ്റി..? ബാഹ്യവും ആന്തരീകമവുമായ ഒട്ടേറെ വൈവിധ്യങ്ങൾ കൂടിക്കലർന്നിരിക്കുന്ന വിവിധ ഘടകങ്ങളാൽ സ്വമേധയാ രൂപപ്പെട്ടുവരുന്ന ഒന്നാണ് പ്രാരംഭത്തിൽ ഒരാളുടെ ഐഡന്റിറ്റി. അതിൽ ബോധപൂർവ്വം മാറ്റങ്ങൾ കൊണ്ടുവരുന്നതാണ് പേഴ്‌സണാലിറ്റി. കാലക്രമേണ പേഴ്‌സണാലിറ്റി ഐഡന്റിറ്റിയായി തന്നെ രൂപാന്തരം പ്രാപിക്കുന്നു. അതിൽ അപൂർവ്വം ആളുകൾക്ക് ഒരു പൊതുമുഖം ഒരു പബ്ലിക്ക് ഇമേജ് അതിലൂടെ കൈവരുന്നു. സമൂഹം, കുടുംബം, സംസ്ക്കാരം, സ്വഭാവം, സംസർഗ്ഗം, താൽപര്യങ്ങൾ, അനുഭവങ്ങൾ, വംശം, കുലം, സ്വാധീനം, പ്രദേശം, പെരുമാറ്റം, മനോഭാവം, വേഷം ഇതുപോലെ ഒട്ടനവധി സംഗതികളാൽ നെയ്തെടുക്കപ്പെടുകയും അവയാൽ തന്നെ നിർണ്ണയിക്കപ്പെടുകയും ചെയ്യുന്ന ഒരു പ്രതിഭാസമാണ് ഒരാളുടെ ഐഡൻറിറ്റി. ഓരോ വ്യക്തിയ്ക്കും തീർച്ചയായും അയാളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്ന സ്വന്തമായ ഒരു ഐഡൻറിറ്റി ഉണ്ടാവും. അതുല്യമായൊരു സ്വത്വത്തെയാണ് ഐഡൻറിറ്റി എന്ന് വിളിക്കുന്നത്. സർവ്വരിലും സ്വത്വമുണ്ട് സ്വത്വബോധതിന്റെ അസാന്നിധ്യമാണ് പലരിലും കാണപ്പെടുന്നത്. സ്വന്തവും, വേറിട്ടതും അന്യന്യവും അതുല്യമായ വ്യക്തിത്വത്തിലേയ്ക്ക് എത്താൻ സ്വന്തം ഐഡന്റിറ്റിയെക്കുറിച്ച് ആദ്യം ഓരോരുത്തരും ബോധവാന്മാർ ആവേണ്ടതുണ്ട്.

എന്താണ് ഇൻഡിവിജ്വലിറ്റി/ഇൻഡിവിജ്വലിസം..?
മറ്റുള്ളവരിൽ നിന്നും വേറിട്ട് നിൽക്കുന്നതായ തനിയ്ക്ക് സ്വന്തമായ തന്റെ വ്യക്തിത്വമാണ് (Individuality) അല്ലെങ്കിൽ താനെന്ന വ്യക്തി തന്നെയാണ് സർവ്വപ്രധാനമെന്ന വാദമോ അല്ലെങ്കിൽ അത്തരമൊരു മനോഭാവമോ ഒരാളിൽ കാണുന്നുണ്ടെങ്കിൽ അതാണ് ഇൻഡിവിജ്വലിസം എന്ന പദംകൊണ്ട് അർത്ഥമാക്കുന്നത്. വ്യക്തിത്വബോധം കൈവരുന്നത് വ്യക്തിയായി വേറിട്ട് നിന്നുള്ള ചിന്തകളിലും സ്വന്തമായ മനോവ്യാപരങ്ങളിൽ (individual thoughts) മറ്റുള്ളവർ എന്നതിലുപരി തനിയ്ക്കും അർഹമായ സ്ഥാനവും പ്രാധാന്യം നൽകുമ്പോൾ മാത്രമാണ്. ഇത്തരത്തിൽ സ്വത്വബോധത്തിൽ നിലനിന്നുകൊണ്ടുള്ള ചിന്തകൾ മനസ്സിനെ സ്വാധീനിക്കുമ്പോഴും ഒരു മനുഷ്യന് തന്നിലും താൻ നിലനിൽക്കുന്ന ചുറ്റുപാടിലും സഞ്ചരിക്കുന്ന വഴികളിലും താൻ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിലും വ്യക്തിഗതമായ ചിന്തകളാൽ ചലനം സൃഷ്ടിയ്ക്കാൻ സാധിക്കുമ്പോഴുമാണ് പേഴ്‌സണാലിറ്റി ഡവലപ്മെന്റ് അല്ലെങ്കിൽ വ്യക്തിത്വരൂപീകരണത്തിന്റെ മാസ്മരിക ശക്തി വ്യക്തിയിൽ നിന്നും ചുറ്റിലേയ്ക്കും ഉദ്വമിക്കുന്നത്.

എന്താണ് പേഴ്‌സണാലിറ്റി?
വസ്തുതാപരമായി ചിന്തിയ്ക്കാൻ ഒരുങ്ങിയാൽ പേഴ്സണാലിറ്റിയെന്നത് എല്ലാവരിലും സദാ സന്നിഹിതമായ ഒന്നാണെന്ന് വ്യക്തമാവും. ഓരോരുത്തരും തന്റേതായ രീതിയിൽ അവനവനെ കൈകാര്യം ചെയ്യുന്നുണ്ട്, അവതരിപ്പിക്കുന്നുമുണ്ട്. നിദ്രയിൽ ആവുമ്പോൾ തന്റെ കൂർക്കം വലി ആരും സ്വയം തിരിച്ചറിയുന്നില്ലല്ലോ, ഈ കൂർക്കം വലി പോലെയാണ് ഇപ്പറയുന്ന വ്യക്തിത്വവും. ആത്മബോധത്തിന്റെ അപര്യാപ്തതയിൽ സ്വന്തം പേഴ്സണാലിറ്റിയെ തിരിച്ചറിയാതെ പോകുന്നവരാണ് ബഹുഭൂരിഭാഗവും. അജ്ഞതയാൽ മൂടപ്പെട്ട് കിടക്കുകയാണ് അത്, മൂടുപടം മാറ്റി അതിന് അകർഷണീയമായൊരു പ്രതിച്ഛായ നൽകുമ്പോഴാണ് വ്യക്തിത്വം അഴകാർന്നതും “കരിസ്മാറ്റിക്ക്” എന്ന വിശേഷണത്തിന് അർഹമാകുന്നതും.

സ്വത്വബോധത്തിൽ നിന്ന് രൂപം കൊള്ളേണ്ടതാണ് വ്യക്തിത്വം. അല്ലാത്തവയ്ക്ക് സ്ഥിരതയും സ്ഥായിയായ ഒരുനിലനിൽപ്പും ഇല്ല. ഉറച്ചതും അചഞ്ചലവുമായ ചിന്തകളാലും നിലപാടുകളാലും ദൃഢമാക്കപ്പെട്ട പേഴ്‌സണലാറ്റിയിൽ ഒരാളെ നിർവ്വചിക്കാൻ തക്ക നല്ല ക്വാളിറ്റീസ് കൂടെ ഉണ്ടാവുമ്പോൾ നിസ്സംശയം എടുത്തു പറയത്തക്ക സവിശേഷമായ ഒരു വ്യക്തിത്വത്തിന് അയാൾ അവകാശിയായി തീരുന്നു. ഇനി ഈ പറയുന്ന ക്വാളിറ്റിസ് തന്നെ അയാളുടെ ഐഡന്റിറ്റിയുടെ ഭാഗമാകുന്നതാണ് അതീവം വിസ്മയകരം. ആളുകളുടെ മുന്നിൽ അയാൾ വ്യത്യസ്‌തനകുന്നതും തിരിച്ചറിയപ്പെടുന്നതും അയാൾ തന്റെ വ്യവഹാരങ്ങളിൽ എന്തൊക്കെ സംഭവിച്ചാലും അണുവിട മാറാതെ, നിർബാധം നിലനിർത്തുന്ന ക്വാളിറ്റീസിലൂടെ അല്ലെങ്കിൽ അത്തരം സ്വഭാവഗുണങ്ങളിലൂടെയാവും.

എല്ലാവർക്കും അവരവരുടേതായ, സ്വന്തമായ ഒരു ലോകം ഉള്ളപ്പോഴും മറ്റൊരു ലോകവുമുണ്ട്. ആന്തരീകലോകവും അതേസമയം എല്ലാവരും കൂടിക്കലർന്ന, സമ്മിശ്രമായ ഒരു ബാഹ്യലോകവും. സമനമല്ലാത്ത വീക്ഷണങ്ങളും നിരീക്ഷണങ്ങളും വിശ്വാസങ്ങളും കാഴ്ചപ്പാടുകളും ചിന്തകളും കൊണ്ടെല്ലാമാണ് അത് വിഭിന്നവും വ്യത്വസ്തവുമാവുന്നത്. രണ്ടു ലോകവും പ്രതീക്ഷിക്കാവുന്നതിലപ്പുറം സങ്കീർണ്ണതകൾ നിറഞ്ഞവയാണ്. പിന്നെ എങ്ങനെ മനുഷ്യർ ഇതൊക്കെ മാനേജ് ചെയ്യുന്നു എന്നത് വലിയൊരു ചോദ്യചിഹ്നമാണ്. ഒരു കയത്തിന്റെ ആഴത്തെയും ആഗാധതയെയും കുറിച്ച് ഒട്ടും ബോധമില്ലാതെ നീന്തി മറുകര പിടിക്കാൻ സാധിക്കും അറിഞ്ഞുകൊണ്ടും സാധിക്കും. രണ്ടിനും അതിന്റെതായ പരിണിത ഫലം ഉണ്ട്. പലരുടെയും ജീവിതം ഒരു ഊക്കിനും തള്ളിനും അങ്ങനെ മുന്നോട്ട് പോകുന്നു, മുതിർന്നവരെ നോക്കി അനുകരിച്ചു ശീലമായി എന്നല്ലാതെ അവർക്കാർക്കും പ്രത്യേകിച്ചൊന്നും ഒരു നിശ്ചയുവുമില്ല, പ്രത്യക ലക്ഷ്യവുമില്ല.

ഒരാളുടെ ശാരീരാകൃതി, സാമ്പത്തിക സ്ഥിതി, അറിവ്, ലിംഗം, ജാതി, മതം, കുലം, വംശം, സംസ്ക്കാരം ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ സമൂഹത്തിന് എപ്പോഴും വ്യക്തിയോടുള്ള സമീപനത്തിൽ വ്യക്തമായ അന്തരം ദൃശ്യമാവാറുണ്ട്. ആളുകൾക്ക് സമൂഹം നൽകുന്ന ഐഡന്റിറ്റി പൊതുധാരണയുടെയും അഥവ പൊതുബോധത്തിന്റെയും കൂടെ സൃഷ്ടിയാണ്. ഗത്യന്തരമില്ലാതെ ഒരാൾ ഒരിക്കൽ ഒരു ചെറിയ മോഷണം നടത്തുന്നതും മോഷണം ഒരു തൊഴിലാക്കി മാറ്റിയവരെയും ഒരേ ദൃഷ്ടിയോടെ കാണുന്ന സമൂഹം മിക്കപ്പോഴും വ്യക്തിയ്ക്ക് നൽകുന്ന ഇമേജ് അല്ലെങ്കിൽ പ്രതിച്ഛായ വ്യക്തിയുടെ അസ്സൽ പ്രതിച്ഛായയ്ക്ക് വിരുദ്ധമായി മാറുന്നത് വളരെ സാധാരണമാണ്. സാമാന്യവൽക്കരണവും മുൻവിധിയോടെയും മുൻധാരണ വെച്ചും മനുഷ്യരെയും ചിന്തകളെയും കർമ്മങ്ങളെയും വ്യാഖ്യാനിക്കുന്ന പ്രവണത മനുഷ്യർക്കിടയിൽ സാധാരണമാകുന്നതുകൊണ്ടാണ് അത്. കേട്ടുകേൾവി പ്രകാരം അല്ലെങ്കിൽ ഊഹോപോഹങ്ങൾ വെച്ച് നിർമ്മിച്ച ഒരു ഐഡന്റിറ്റി ഒരു നിശ്ചിത വ്യക്തിയിലേക്ക് സ്വന്തം ഭാവനയാൽ ആവാഹിപ്പിച്ച് മൂർത്തമാക്കിയെടുക്കുയാണ്. അത് അയാൾ അല്ല, അത് നമ്മുടെ മാത്രം നിർമ്മിതിയാണ്. അയാളുടെ വ്യക്തിത്വത്തിന്മേൽ നമ്മൾ മുദ്ര പതിപ്പിക്കുന്ന പോലെ പതിപ്പിച്ചു നൽകിയതാണ് അത്. നമ്മുടെ മനസ്സിൽ അവരുടേതല്ലാത്ത ഒരു ഇമേജ് സ്വയം ചിത്രീകരിച്ചെടുക്കുന്ന അനുചിതവും അപലപനീയവുമായ ഒരു ഏർപ്പാട്. ഒരിക്കൽ അടുത്തറിഞ്ഞാൽ അതൊന്നും ആയിരിക്കില്ല ആ വ്യക്തിയെന്നതാവും ഞെട്ടിപ്പിക്കുന്ന സത്യം. എത്ര നല്ല മനുഷ്യരെയും അറിയാതെ ചെയ്തുപോകുന്ന ഒരു തെറ്റിന്റെ പേരിൽ ക്രൂശിക്കുന്നതും അപരാധിയായി മുദ്രകുത്തി അവരുടെ ജീവിതം തുലച്ചുകളയുന്നതും ശരിയല്ല. അതേസമയം പലപ്പോഴും എല്ലാ തെമ്മാടിത്തരങ്ങളിലും ഏർപ്പെടുകയും മനപ്പൂർവ്വം നല്ലൊരു ഇമേജ് സൃഷ്ടിക്കാൻ അതിസമർത്ഥനുമായ ഒരാൾ പുണ്യാളനായി മാറുന്ന നിത്യകാഴ്ചയ്ക്ക് നാമടങ്ങുന്ന ഈ സമൂഹം ദൃക്‌സാക്ഷിയായികൊണ്ടിരിക്കുന്നു.

ഇവിടെയാണ് പേഴ്‌സണാലിറ്റി അല്ലെങ്കിൽ വ്യക്തിത്വമെന്നതിന്റെ ഗൗരവവും പ്രസക്തിയും മനസ്സിലാക്കേണ്ടത്. സധൈര്യം തന്നിലെ സ്വത്വത്തിൽ നിലയുറപ്പിച്ചുകൊണ്ട് ചിന്തിയ്ക്കാനും പ്രവർത്തിക്കാനും സംസാരിക്കാനും അസ്വാഭാവികതയില്ലാതെ, നാട്യങ്ങളില്ലാതെ തന്നിലെ വ്യക്തിത്വത്തെ പ്രകാശിപ്പിക്കാൻ പരിചയിച്ച ഒരാളിൽ ദർശിക്കാവുന്ന അഭിമാനത്തിന്റെ തെളിമ മുന്നിൽ കാണുമ്പോഴെ നേരിട്ടറിയാം. ഇതുപോലെ ജാള്യതയോ, പരിഭ്രമമോ അപകർഷതാ ബോധം മൂലമോ മൂടുപടത്തിനുള്ളിൽ ആക്കി വെയ്ക്കാത്ത, തന്നെ ആരുടെ മുന്നിലും തന്മയത്വത്തോടെയും ആത്മവിശ്വാസത്തോടെയും പ്രെസെൻറ് ചെയ്യാൻ ആർജ്ജവമുള്ള ഒരു വ്യക്തിയെക്കുറിച്ച് ആർക്കും ശങ്കയില്ല, വിശ്വാസയോഗ്യനാണെന്ന് തിരിച്ചറിയുന്നതിലും വിമുഖതയില്ല. നിഗൂഢതയുടെ പുകമറക്കുള്ളിൽ നിൽക്കുന്ന ഒരു മനുഷ്യനെക്കുറിച്ച് ആർക്കും ഉള്ളിൽ ഭീതി നിലനിൽക്കും. കണ്ടമാത്രയിൽ തന്നെ ഒരു നിഗമനത്തിൽ എത്തുന്നത് അബദ്ധങ്ങൾക്കും അപായങ്ങൾക്കും വഴിയൊരുക്കും.

വായന ഇഷ്ടപ്പെടുന്നവർ ഒരുപാട് ഉണ്ടാവാം. തന്നിലുണ്ടൊരു പുസ്തകം, താനെന്ന പുസ്തകം അത് വായിക്കലാണ് പ്രധാനം. ഇത് മറന്നാൽ വൻനഷ്ടമാണ് ഒരു വ്യക്തിയ്ക്ക് ജീവിതത്തിൽ ഉണ്ടാവുന്നത്. ജീവിതം അർത്ഥപൂർണ്ണവും ആസ്വാദ്യകരവുമാക്കാൻ ആത്മസത്തയിലേയ്ക്ക് ഇറങ്ങി എല്ലാം അതിന്റെ സ്വഭാവികതയോടെ നേരിട്ടറിയാനും ചിന്തിക്കാനും അനുഭവേദ്യമാക്കിയെടുക്കാനും കഴിയണം. മറ്റൊരാളുടെ രചനയോ പുസ്തകമോ വായിച്ച് സായൂജ്യമടയുമ്പോഴും ഒരു കാര്യം തിരിച്ചറിയണം എഴുതാനുള്ള ക്രിയാത്മകതയതൊന്നും തന്നിൽ ഇല്ലെങ്കിലും മനസ്സിലാക്കാനുള്ള കഴിവ് എന്തായാലും തനിയ്ക്ക് ഉണ്ടല്ലോ. സ്വന്തം ഭാവനകളെയും അനുഭവങ്ങളെയും കാഴ്ചകളെയും മനസ്സിരുത്തി വായിച്ചെടുക്കാനും അവലോകനം ചെയ്യാനും കഴിഞ്ഞില്ലെങ്കിൽ മറ്റൊരാളുടേതിനെ വായിക്കുന്നതിൽ എന്ത് ഫലം.

“വ്യക്തിത്വം” അവനവനെക്കുറിച്ച് അറിയുക എന്ന പ്രാഥമിക പാഠത്തിൽ നിന്നാണ് തുടക്കം കുറിക്കേണ്ടത്. ആത്മബോധത്തിൽ അല്ലെങ്കിൽ ആത്മജ്ഞാനത്തിൽ നിന്ന് മുളപൊട്ടി ഒരു വൻവൃക്ഷമായി വളർച്ച പ്രാപിക്കുന്നത് വരെ ഒരുപാട് ഘട്ടങ്ങളിലൂടെ കടന്ന് പോകുന്നുണ്ട് വ്യക്തിത്വം. ഒപ്പം സാംശീകരണ പ്രക്രിയകളും നടക്കുന്നുണ്ട് ചിലരിൽ സമഗ്രതയോടെ മറ്റുചിലരിൽ മന്ദഗതിയിലും. ആദ്യം പറഞ്ഞ വിഭാഗക്കാർ ഔന്നിത്യത്തിലേക്കുള്ള പടികൾ കയറി എളുപ്പം മുകളിൽ എത്തുന്നു. അല്ലാത്തവരിൽ പ്രത്യേകിച്ച് മാറ്റങ്ങളും പുതുമയും ഒന്നും സംഭവിക്കുന്നില്ല എന്നതാണ് വാസ്തവം.

ആരും തന്നെ പ്രീണിപ്പിച്ച് നിർത്തണമെന്ന് നല്ലൊരു വ്യക്തിത്വത്തിന് നിർബ്ബന്ധമില്ല ഓരോരുത്തരും അവരവരായാൽ മതി. അതേപോലെ തിരിച്ചും അത്തരമൊരു വ്യക്തിയിൽ നിന്നും പ്രീണനം ആഗ്രഹിക്കാത്തതാവും നല്ലത്. അവനവനെ തിരിച്ചറിഞ്ഞതിൽ നിന്ന് അതുല്യമായൊരു വ്യക്തിത്വതത്തിനുടമയായി മാറുന്നതിൽ ആനന്ദം കണ്ടെത്തുന്നവർക്ക് അല്ലെങ്കിലും അതിന്റെയൊന്നും ആവശ്യം വരുന്നില്ല താനും. നാല് ഭാഗത്ത് നിന്നും തനിയ്ക്കെതിരെ തൊടുത്ത് വീടുന്ന വിമർശനങ്ങളും തന്നെ വെച്ചുള്ള തെറ്റായ നിഗമനങ്ങളും അവരെ പൊതുവെ ബാധിക്കാറുമില്ല. പക്ഷേ വ്യക്തിത്വത്തിൽ മതിപ്പ് ഉളവാക്കുന്ന പെരുമാറ്റം ഒഴിച്ചുകൂടാൻ പറ്റാത്ത വലിയൊരു ഘടകമാണ്. സ്വത്വബോധത്തിലേയ്ക്ക് എത്തിയ വ്യക്തികൾ സുബോധത്തോടെ ചിന്തിക്കുന്നവരാണ്. പ്രസ്‌തുത വിഷയത്തിൽ ഏത് സാഹചര്യങ്ങളിലും മറ്റൊരാൾക്ക് ആരോചകമുണർത്തുന്ന ഒന്നും അവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവാതെ നോക്കാൻ കഴിവിന്റെ പരമാവധി അവർ ശ്രമിയ്ക്കും.

ഉയർച്ചയെ തടയുന്ന നിഷേധാത്മക ചിന്തകളെ കഴിയുന്നതും നിഗ്രഹിച്ച്, ഉള്ളിൽ കൃത്രിമത്വം നിറയ്ക്കാതെ, പൊയ്മുഖങ്ങളാവാതെ, കാപട്യത്തിന്റെ രശ്മികൾ അധികം പതിയാതെ വേണം വ്യക്തിത്വത്തിന് തനിമയും പൊലിമയുമേകാൻ. നാട്യങ്ങൾ കുഞ്ഞിലെ ശീലിക്കാത്ത ഒരാൾ മാറ്റുള്ള മനുഷ്യരെ ബോധ്യപ്പെടുത്തുന്നതിനേക്കാൾ സ്വന്തം മനസ്സാക്ഷിയെ ബോധ്യപ്പെടുത്തി ജീവിക്കുന്നവരായി മാറും. ഉൾവലിയാൻ പ്രേരിപ്പിക്കുന്നതോ പുറംന്തള്ളപ്പെടുന്നതോ, വളർച്ചയെ മന്ദീഭവിപ്പിക്കുന്നതോ പിന്തിരിപ്പിക്കുന്നതോ ആയ ചിന്തകളെ വലിച്ചു കീറി ചവറ്റുകൊട്ടയിലിടണം, ഉള്ളിലെരിയുന്ന കനലുകൾ ഊതിക്കത്തിച്ച് അവയെ ഭസ്മമാക്കി കളയണം. എന്നിട്ട് തൽസ്ഥാനത്ത് നല്ല ചിന്തകളുടെ വിത്തുകൾ പാകി മുളപ്പിക്കണം.

ന്യൂനകളെയും അർദ്ധ സത്യങ്ങളെയും കണ്ണടച്ച്വിശ്വസിച്ച് അന്ധവിശ്വാസങ്ങൾക്ക് കൂട്ട് നിന്ന് സമൂഹത്തിൽ മനുഷ്യത്വവിരുദ്ധമായ പൊതുബോധത്തെ തിരിച്ചറിയാതെ, മനുഷ്യത്വഹീനമായ പ്രവൃത്തികളിൽ ഏർപ്പെട്ട് ജീവിക്കാതിരിക്കാൻ, മനുഷ്യരോടൊപ്പം മനുഷ്യനായി നിലകൊള്ളാൻ ആത്മാവബോധം അത്യന്താപേക്ഷിതമാണ്. സ്വന്തം യുക്തിയും ബുദ്ധിയും ഉപയോഗിക്കാതെ നേര് എന്തെന്ന് ഒരിക്കലും തിരിച്ചറിയാൻ കഴിയില്ല. കേൾക്കുന്നതും കാണുന്നതും അപ്പാടെയങ്ങ് വിശ്വസിക്കാതെ സത്യമെന്തെന്ന് അറിയാനൊരു മനസ്സും ഉണ്ടാവണം. ഒരു സാമൂഹത്തിൽ നിന്നും വൈകല്യവും വൈകൃതവും നിറഞ്ഞ ചിന്തകളെയും കാലഹരണപ്പെട്ടതായ എന്തിനെയും തുടച്ചുമാറ്റപ്പെടുന്നതും ഉന്മൂലനം ചെയ്യപ്പെടുന്നതും മനുഷ്യർ ആന്തരീകമായി വികാസം പ്രാപിക്കുമ്പോഴാണ്. വ്യക്തിത്വം മുന്നോട്ട് വെയ്ക്കുന്നതും ഇതേ ആശയമാണ്. നല്ലവർ എന്ന ലേബൽ അല്ല അത്യുന്നതമായ കാഴ്ചപ്പാടും നിലപാടുംകൊണ്ട് മനുഷ്യമാനസസ്സുകൾ നിറയണം അതാണ് സമൂഹത്തിന്റെ ശ്രേഷ്ഠത. വ്യക്തികളുടെ മാനസിക-ശരീരികാരോഗ്യ, സാമ്പത്തിക ഉന്നമനത്തിന് പ്രാധ്യാന്യം കല്പിക്കുമ്പോഴെ അത് സംഭവ്യമായി തീരുള്ളൂ.

പല വഷളത്തരങ്ങളും വിഡ്ഢിത്തങ്ങളും ചില കൈയബദ്ധങ്ങളൊക്കെ ഒരു കാലത്ത് എത്ര വലിയ വിദ്വാനും സംഭവിച്ചെക്കാം. അതിൽ വല്ലായ്കയോ കുറ്റബോധമോ തോന്നുന്നത് സ്വാഭാവികം. തെറ്റിൽ നിന്ന് തന്നെയാണ് ഒരാൾ ശരിയെന്തെന്ന് തിരിച്ചറിയുന്നത് അത് കണ്മുന്നിൽ കാണുന്നതോ, സ്വന്തമായതോ അപരന്റെയോ അനുഭവങ്ങളിൽ നിന്നൊക്കെ ആവാം. മാപ്പ് അപേക്ഷിക്കുന്നതും തിരുത്താനുള്ള മനസ്സുണ്ടാകുന്നതുമാണ് ഏറ്റവും പ്രശംസനീയം. എന്നാൽ അനാശ്യാസമോ വ്യക്തിത്വത്തിന് നിരക്കാത്തതോ ഹിതകരമല്ലാത്തതോ ആയ കാര്യങ്ങളിൽ മക്കൾ ഏർപ്പെടുന്നുണ്ടെങ്കിൽ രക്ഷിതാക്കൾ കൂടെ ഉത്തരവാദികളാണ്. കാരണം രക്ഷിതാക്കളുടെ അശ്രദ്ധയും അനാസ്ഥയും നിരുത്തരവാദിത്വവുമാണ് അത് കാണിക്കുന്നത്. തെറ്റുകൾ ചൂണ്ടിക്കാണിച്ച് ചിന്തിക്കാനും തെറ്റും ശരിയും സ്വയം വിവേചിച്ചറിയാനും അനുവദിച്ച് തന്നെ അവരെ വളർതത്തേണ്ടിയിരിക്കുന്നു.. അത് ചെയ്യരുത്, ഇത് പാടില്ല എന്ന രീതിയിലുള്ള ശാസനയേക്കാളും ഉപദേശത്തേക്കാളുമൊക്കെ പതിന്മടങ്ങ് ഗുണം ചെയ്യുന്നത് ഇപ്പറഞ്ഞ രീതി കൈക്കൊള്ളുമ്പോഴാണ്.

രക്ഷാകർതൃത്വത്തിന്റെ മേന്മയും മികവും സമയബന്ധിതമായ ഇടപെടലുകളും വളർന്നു വരുന്ന കുട്ടിയുടെ ഐഡന്റിറ്റി, ഇൻഡിവിജ്വാലിറ്റി, പേഴ്സണാലിറ്റി എന്നിവയിലെല്ലാം വളരെ ആഴത്തിൽ തന്നെ പരിവർത്തനങ്ങൾ വരുത്താനിടയാക്കുമെന്നത് സംശയലേശമന്യേ ആർക്കും പറയാം. എന്നതിനാൽ രക്ഷിതാക്കൾ ബോധവാന്മാരാവുക എന്നത് മഹത്തായ കർത്തവ്യങ്ങളിൽ ഒന്നാണ്. ഒന്നും ഒരിക്കലും തങ്ങളുടെ മക്കളുടെ മേൽ അടിച്ചേല്പിക്കലോ, വ്യക്തിസ്വാതന്ത്ര്യത്തിൽ അതിരുവിട്ട കൈകടത്തലോ ആവരുതെന്ന ഓർമ്മയും വേണം. ഒന്നും പ്ലാൻ ചെയ്ത് വെക്കേണ്ട ഒരാവവശ്യവും വരുന്നില്ല, മുന്നൊരുക്കങ്ങളും വേണ്ട. മനസ്സിന് അല്പം അയവ് വരുത്തി, ഒന്നൂടെ സ്വതന്ത്രമാക്കി കുട്ടികളോടൊപ്പം ഫ്രീയായി ഇടപഴകാനും അവരുടെ മനസ്സിനെ അറിയാനും കൂടെ ഉണ്ടെന്നുള്ള ബോധത്തിൽ സുരക്ഷിതരാവാനും അവരെ ശീലിപ്പിക്കുക. തന്നിലും തന്റെ കഴിവുകളിലും വിശ്വസിക്കാൻ അവരെ പ്രാപ്തരാക്കുക, ഉയരങ്ങളിലേയ്ക്ക് പറക്കുമ്പോഴും വന്ന വഴി മറക്കാതെ, നന്ദിയും കൂറുമുള്ള മനസ്സിനുടമകളാക്കി മാറ്റുകയും വേണം, എങ്കിൽ സ്വന്തം സന്താനങ്ങളെയോർത്ത് ഒരിയ്ക്കലും ഖേദിക്കേണ്ടി വരില്ല ആ രക്ഷിതാക്കൾക്ക്.

Related Articles